അഭയാര്‍ഥികളില്‍ മുസ്‍ലിംകള്‍ക്ക് മാത്രം പൌരത്വം നല്‍കില്ല; കേന്ദ്രസര്‍ക്കാരിന്റെ നിയമ ഭേദഗതി വിവാദത്തില്‍
അയല്‍ രാജ്യങ്ങളില്‍ നിന്ന് വരുന്ന അഭയാര്‍ഥികളില്‍ മുസ്‍ലിംകള്‍ക്ക് മാത്രം പൌരത്വം നിഷേധിക്കുന്ന തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതി വിവാദമാവുന്നു.
അയല്‍ രാജ്യങ്ങളില്‍ നിന്ന് വരുന്ന അഭയാര്‍ഥികളില്‍ മുസ്‍ലിംകള്‍ക്ക് മാത്രം പൌരത്വം നിഷേധിക്കുന്ന തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതി വിവാദമാവുന്നു. പൌരത്വം അനുവദിക്കുന്നതില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നതിനെതിരെ പാര്‍ലമെന്റില്‍ തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ഇതേതുടര്‍ന്ന് ഭേദഗതി ബില്‍ സ്റ്റാന്‍റിങ്ങ് കമ്മിറ്റിക്ക് വിട്ടു.
ഇന്ത്യന്‍ പൌരത്വം നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പൌരത്വ നിയമം പാര്‍ലമെന്‍റ് പാസ്സാക്കിയത് 1955ലാണ്. കൃത്യമായ രേഖകള്‍ ഇല്ലാതെ, അനധികൃതമായി കുടിയേറുന്ന ആര്‍ക്കും ഇന്ത്യന്‍ പൌരത്വം നല്‍കരുതെന്നാണ് ഈ നിയമം വ്യവസ്ഥ ചെയ്യുന്നത്. ഇത് ഭേദഗതി ചെയ്യുന്ന ബില്ലാണ് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് കഴിഞ്ഞ ദിവസം ലോക്സഭയില്‍ അവതരിപ്പിച്ചത്. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് കുടിയേറുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പാസ്പോര്‍ട്ടും വിസയും അടക്കമുള്ള രേഖകള്‍ ഇല്ലെങ്കിലും ഇന്ത്യന്‍ പൌരത്വം നല്‍കാമെന്നാണ് ഭേദഗതി. ഈ വിഭാഗങ്ങള്‍ ആ രാജ്യങ്ങളില്‍ ന്യൂനപക്ഷമാണെന്നതാണ് ഇതിന് കാരണമായി പറയുന്നത്. ഇതനുസരിച്ച് ഈ മൂന്ന് രാജ്യങ്ങളില്‍ നിന്ന് വരുന്ന മുസ്‍ലിംകള്‍ ഒഴികെയുള്ള എല്ലാ അനധികൃതമായി കുടിയേറ്റക്കാര്‍ക്കും ഇന്ത്യന്‍ പൌരത്വം നല്‍കാം. പൌരത്വം അനുവദിക്കുന്ന പ്രക്രിയക്ക് വര്‍ഗീയ മുഖം നല്‍കുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്‍. പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് ബല്‍ പാര്‍ലമെന്റ് സ്റ്റാന്റിങ്ങ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിട്ടു.