മോദിയുടെ വസതിക്ക് മുന്‍പില്‍ ടിഡിപി എംപിമാരുടെ പ്രതിഷേധം

Update: 2018-05-28 06:50 GMT
Editor : Sithara
മോദിയുടെ വസതിക്ക് മുന്‍പില്‍ ടിഡിപി എംപിമാരുടെ പ്രതിഷേധം
Advertising

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടുള്ള ടിഡിപി എംപിമാരുടെ പ്രതിഷേധം തുടരുന്നു

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടുള്ള ടിഡിപി എംപിമാരുടെ പ്രതിഷേധം തുടരുന്നു. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തിയ എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 24 എംപിമാരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

ഇന്ന് രാവിലെയാണ് ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടുള്ള ടിഡിപി എംപിമാരുടെ ധര്‍ണ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ ആരംഭിച്ചത്. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി മോദി സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. പ്രതിഷേധം ശക്തമായതോടെ എംപിമാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. അറസ്റ്റ് ചെയ്ത 24 എംപിമാരെ തുഗ്ലക്ക് റോഡ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് വിട്ടയച്ചു.

വെള്ളിയാഴ്ച പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം അവസാനിച്ച ശേഷം ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന്റെ ചേമ്പറില്‍ പ്രതിഷേധം സംഘടിപ്പിച്ച എംപിമാരെയും ബലം പ്രയോഗിച്ചാണ് പുറത്തെത്തിച്ചത്. ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധം ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം പൂര്‍ണ്ണമായും സ്തംഭിപ്പിച്ചിരുന്നു. അവിശ്വാസ പ്രമേയത്തിന് നോട്ടീസും നല്‍കിയിരുന്നു. വെള്ളിയാഴ്ച മുതല്‍ ആന്ധ്രപ്രദേശ് ഭവന് മുന്നിലാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് സമരം തുടരുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News