ഗുണ്ടൂരില്‍ ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ചു; ജനക്കൂട്ടം പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു
ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം നടന്നത്
ഒന്‍പതു വയസുകാരിയെ ഇരുപതുകാരന്‍ പീഡിപ്പിച്ചതില്‍ പ്രതിഷേധിച്ച് ജനക്കൂട്ടം പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു. 22 വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. ആക്രമണത്തില്‍ നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു.
പ്രതിയെ തങ്ങള്‍ക്ക് വിട്ടുതരണമെന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചത്. സ്റ്റേഷന് നേര്‍ക്ക് കല്ലേറുമുണ്ടായി. എന്നാല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചില്ലെന്നും ശ്രമം മാത്രമാണ് ഉണ്ടായതെന്നും ഗുണ്ടൂര്‍ പൊലീസ് സൂപ്രണ്ട് സിഎച്ച് വിജയ റാവും പറഞ്ഞു.
പഴയ ഗുണ്ടൂരിലെ ബാലാജിനഗറിലാണ് പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്നത്. ചൊവ്വാഴ്ച വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ അയല്‍വാസിയായ കെ.രഘു പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ടാം ക്ലാസുകാരിയായ പെണ്‍കുട്ടി പീഡനശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട് സമീപത്തെ വാട്ടര്‍ടാങ്കിന് പിന്നില്‍ ഒളിച്ചിരിക്കുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറയുകയും ചെയ്തു. സംഭവമറിഞ്ഞ വീട്ടുകാര്‍ ഉടന്‍ തന്നെ നാട്ടുകാരെയും കൂട്ടി രഘുവിന്റെ വീട്ടിലെത്തിയെങ്കിലും അയാളെ കണ്ടെത്താനായില്ല. പെണ്‍കുട്ടിയുടെ വീട്ടുകാരെ പേടിച്ച് അതിനു മുന്‍പേ രഘു ഗുണ്ടൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു.
രാത്രി പത്ത് മണിയോടെ പൊലീസ് സ്റ്റേഷനിലെത്തിയ ബന്ധുക്കള്‍ രഘുവിനെ തങ്ങള്‍ക്ക് വിട്ടുതരാന്‍ ആവശ്യപ്പെട്ടു. ഇത് നിരാകരിച്ച പൊലീസ് ഉദ്യോഗസ്ഥരോട് പ്രതിഷേധ സൂചകമായി നാട്ടുകാര്‍ സ്റ്റേഷന്‍ ആക്രമിക്കുകയായിരുന്നു. രാത്രി ഒരു മണി വരെ പ്രതിഷേധം നീണ്ടു നിന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജ് പ്രയോഗിക്കുകയും ചെയ്തു.