പട്ടാപ്പകല്‍ റോഡരികില്‍ ബലാത്സംഗം; സ്ത്രീയെ രക്ഷിക്കാതെ കാഴ്ചക്കാരായി നാട്ടുകാര്‍
സംഭവം മൊബൈലില്‍ പകര്‍ത്തിയ ഓട്ടോ ഡ്രൈവര്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസെത്തി അക്രമിയെ അറസ്റ്റ് ചെയ്തു.
പട്ടാപ്പകല്‍ റോഡരികില്‍ സ്ത്രീ ബലാത്സംഗത്തിന് ഇരയായപ്പോള്‍ നാട്ടുകാര്‍ കാഴ്ചക്കാരായി നിന്നു. ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. സംഭവം മൊബൈലില്‍ പകര്‍ത്തിയ ഓട്ടോ ഡ്രൈവര്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസെത്തി അക്രമിയെ അറസ്റ്റ് ചെയ്തു. 20 വയസ്സുകാരനായ ഗഞ്ചി ശിവയാണ് അറസ്റ്റിലായത്.
ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം നടന്നത്. റെയില്‍ വേ സ്റ്റേഷനടുത്തുള്ള പാതയോരത്ത് മരത്തണലില്‍ ഇരിക്കുകയായിരുന്നു സ്ത്രീ. നഗരത്തിലെ ഏറ്റവും തിരക്കുള്ള സ്ഥലങ്ങളില്‍ ഒന്നാണിത്. അവിടെ വെച്ചാണ് മദ്യപിച്ചെത്തിയ ഗഞ്ചി ശിവ സ്ത്രീയെ ബലാത്സംഗം ചെയ്തത്. ഓട്ടോ ഡ്രൈവര്‍ പകര്‍ത്തിയ വീഡിയോയില്‍ നിരവധി പേര്‍ ആ വഴി നടന്നുപോകുന്നത് കാണാം. എന്നാല്‍ ഒരാള്‍ പോലും സ്ത്രീയെ രക്ഷിക്കാന്‍ തയ്യാറായില്ല.
സ്ത്രീയെ രക്ഷിക്കാതെ വീഡിയോ എടുത്ത ഓട്ടോ ഡ്രൈവര്‍ക്കെതിരെയും വിമര്‍ശമുയര്‍ന്നു. വീഡിയോ ചിത്രീകരിക്കുന്ന നേരത്ത് ആ സ്ത്രീയെ സഹായിക്കുകയാണ് വേണ്ടിയിരുന്നതെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ പ്രതികരിച്ചു. അതേസമയം പൊലീസ് പ്രതിയെ പിടികൂടിയത് ഈ വീഡിയോയുടെ അടിസ്ഥാനത്തിലാണ്. ആക്രമിക്കപ്പെട്ട സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്.