ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയോട് നാട്ടുകൂട്ടത്തിന്‍റെ ക്രൂരത; 'ശുദ്ധീകരിക്കാന്‍' തല മൊട്ടയടിച്ചു

Update: 2018-06-04 00:33 GMT
Editor : Sithara
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയോട് നാട്ടുകൂട്ടത്തിന്‍റെ ക്രൂരത; 'ശുദ്ധീകരിക്കാന്‍' തല മൊട്ടയടിച്ചു

ഫെബ്രുവരി 5നാണ് ആചാരമെന്ന പേരില്‍ ക്രൂരത അരങ്ങേറിയത്. കുട്ടിയുടെ തല മൊട്ടയടിക്കാന്‍ ആഹ്വാനം ചെയ്തവരെ പൊലീസ് തിരയുകയാണ്.

ഛത്തിസ്ഗഡില്‍ ബലാത്സംഗത്തിന് ഇരയായ 13 വയസ്സുകാരിയോട് നാട്ടുകൂട്ടം കാണിച്ചത് കൊടുംക്രൂരത. ബെയ്ഗ ആദിവാസി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ശുദ്ധീകരിക്കാനെന്ന പേരില്‍ തല മൊട്ടയടിച്ചു. ഛത്തിസ്ഗഡിലെ കവര്‍ധ ജില്ലയിലാണ് സംഭവം. ഫെബ്രുവരി 5നാണ് ആചാരമെന്ന പേരില്‍ ക്രൂരത അരങ്ങേറിയത്. കുട്ടിയുടെ തല മൊട്ടയടിക്കാന്‍ ആഹ്വാനം ചെയ്തവരെ പൊലീസ് തിരയുകയാണ്.

ജനുവരി 21ന് കെട്ടിട നിര്‍മാണ തൊഴിലാളിയായ അമ്മയോടൊപ്പം പണിസ്ഥലത്ത് പോയതായിരുന്നു പെണ്‍കുട്ടി. അവിടെവെച്ച് അര്‍ജ്ജുന്‍ യാദവ് എന്ന യുവാവാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. കുട്ടി സംഭവം മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് നാട്ടുകൂട്ടം ചേര്‍ന്നു. അര്‍ജ്ജുന്‍ യാദവിന് 5000 രൂപ പിഴയാണ് ശിക്ഷയായി വിധിച്ചത്.

പെണ്‍കുട്ടി അശുദ്ധയായെന്നും കുട്ടിയുടെ വിശുദ്ധി വീണ്ടെടുക്കാന്‍ തല മൊട്ടയടിക്കണമെന്നും നാട്ടുകൂട്ടം ഉത്തരവിട്ടു. തുടര്‍ന്ന് ഫെബ്രുവരി അഞ്ചിന് കുട്ടിയുടെ തല മൊട്ടയടിച്ചു. മാത്രമല്ല ആചാര പ്രകാരം കുട്ടിയുടെ കുടുംബം നാട്ടുകൂട്ടത്തിന് വിരുന്ന് ഒരുക്കണമെന്നും ഉത്തരവിട്ടു. ഇക്കാര്യം പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടതോടെ അര്‍ജുന്‍ യാദവിനെ അറസ്റ്റ് ചെയ്തു. സ്ത്രീകള്‍ ഉള്‍പ്പെടെ 10 പേരാണ് പെണ്‍കുട്ടിയോട് ആചാരമെന്ന പേരില്‍ ക്രൂരത കാണിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവരെ തിരയുകയാണ് പൊലീസ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News