‘ഗോധ്ര കലാപം, ബി.ജെപി’; പാഠഭാഗങ്ങള്‍ തിരുത്തണമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ 

12ാം ക്ലാസിലെ സ്വതന്ത്ര ഇന്ത്യയിലെ രാഷ്ട്രീയം എന്ന പാഠഭാഗത്തില്‍ ബി.ജെ.പിയെക്കുറിച്ച് പറയുന്ന ഭാഗങ്ങള്‍ തിരുത്തണമെന്ന ആവശ്യവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. 

Update: 2018-07-05 06:31 GMT

12ാം ക്ലാസിലെ സ്വതന്ത്ര ഇന്ത്യയിലെ രാഷ്ട്രീയം എന്ന പാഠഭാഗത്തില്‍ ബി.ജെ.പിയെക്കുറിച്ച് പറയുന്ന ഭാഗങ്ങള്‍ തിരുത്തണമെന്ന ആവശ്യവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. ഇതു സംബന്ധിച്ച് കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന് സര്‍ക്കാര്‍ കത്ത് അയച്ചു. എന്‍.സി.ഇ.ആര്‍.ടിയുടെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലാണ് ബി.ജെ.പിക്ക് പോറലേല്‍ക്കുന്ന ഭാഗങ്ങള്‍ ഉള്ളത്. ഹിന്ദുത്വയെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി, 2002ലെ ഗോധ്ര കലാപം, ഗുജറാത്ത് കലാപ വേളയില്‍ നരേന്ദ്ര മോദിയോട് അടല്‍ബിഹാരി വാജ്‌പേയി രാജധര്‍മ്മം പിന്‍പറ്റാനാവശ്യപ്പെട്ടത് തുടങ്ങി ബി.ജെപിക്ക് തലവേദന സൃഷ്ടിക്കുന്ന ഭാഗങ്ങളാണ് പുസ്തകത്തില്‍ വ്യക്തമാക്കുന്നത്.

Advertising
Advertising

മധ്യപ്രദേശിലെ സിബിഎസ്ഇ സിലബസ് പിന്തുടരുന്ന സ്വകാര്യ സ്‌കൂളുകളിലാണ് എന്‍.സി.ഇ.ആര്‍.ടിയുടെ ഈ പുസ്തകം പഠിപ്പിക്കുന്നത്. ഗോധ്ര കലാപത്തെക്കുറിച്ച് പാഠഭാഗത്തില്‍ പറയുന്നുണ്ട്, ഈ കലാപത്തിന് പിന്നാലെയാണ് മോദി തെരഞ്ഞെടുപ്പ് വിജയിക്കുന്നത്, ഗോധ്ര കലാപത്തെ തുടര്‍ന്ന് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയോട്, പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയ് രാജധര്‍മ്മം പിന്തുടരാനാവശ്യപ്പെട്ടതും പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് കേന്ദ്രത്തിന് കത്തയച്ചത് എന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രിയും സംസ്ഥാന അദ്ധ്യക്ഷനും വ്യക്തമാക്കി.

എന്നാല്‍ നീക്കത്തെ കോണ്‍ഗ്രസ് എതിര്‍ത്തു. ബി.ജെ.പി സത്യം മനസിലാക്കണമെന്ന് കോണ്‍ഗ്രസ് ഓര്‍മിപ്പിച്ചു. മോദിയെക്കുറിച്ച് പഠഭാഗത്തില്‍ പറയുന്ന കാര്യങ്ങള്‍ ബി.ജെ.പി മനസിലാക്കണമെന്നും ഗോധ്ര കലാപത്തിന് പിന്നാലെ രാജധര്‍മ്മം പിന്തുടരാന്‍ വാജ്‌പേയ് ആവശ്യപ്പെട്ടിരുന്നുവെന്നും കോണ്‍ഗ്രസ് വക്താവ് പങ്കജ് ചതുര്‍വേദി പറഞ്ഞു. ബി.ജെ.പിക്ക് പാഠഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ കഴിഞ്ഞേക്കാം, എന്നാല്‍ ജനമനസില്‍ നിന്ന് അവ മായ്ച്ചുകളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News