‘ഉമറിനെ കൊല്ലാന്‍ നോക്കിയത് ലങ്കേഷിനെയും കല്‍ബുര്‍ഗിയേയും ഇല്ലാതാക്കിയവര്‍’ ജിഗ്നേഷ് മേവാനി

പ്രതികരിക്കുന്ന സമരം നയിക്കുന്ന ആളുകളെയെല്ലാം കൊന്ന് ഇല്ലാതാക്കാം എന്നാണ് ഈ സര്‍ക്കാരും സംഘ്പരിവാറും കരുതുന്നതെന്നും ജിഗ്നേഷ് മേവാനി കുറ്റപ്പെടുത്തി.

Update: 2018-08-13 14:28 GMT

ഉമറിനെ കൊല്ലാന്‍ നോക്കിയത് ലങ്കേഷിനെയും കല്‍ബുര്‍ഗിയേയും ഇല്ലാതാക്കിയവര്‍ തന്നെയെന്ന് ദലിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി. ഉമറിനെ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ തുടര്‍ച്ചയാണ് ഇന്ന് നടന്ന വധശ്രമമെന്നും ജിഗ്നേഷ് പ്രതികരിച്ചു.

''ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും ആളുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഉമര്‍ ഖാലിദിനെതിരെ വ്യാജ ആരോപണങ്ങളും ഗൂഢാലോചനയും നടത്തി, അദ്ദേഹത്തെ രാജ്യദ്രോഹിയാക്കി ചിത്രീകരിക്കാനും ഇല്ലാതാക്കാനും ശ്രമം നടത്തി വരികയായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്ന് അദ്ദേഹത്തിന് നേരെയുണ്ടായ വധശ്രമം. ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു, മുമ്പ് ഗൌരി ലങ്കേഷിനെയും കല്‍ബുര്‍ഗിയേയും പന്‍സാരെയേയും ധബോല്‍ക്കറെയും എല്ലാം ഇല്ലാതാക്കിയ അതേ ആളുകള്‍ തന്നെയാണ് ഇന്നുണ്ടായ സംഭവത്തിന് പിന്നിലും.'' ജിഗ്നേഷ് പറഞ്ഞു.

സംഭവത്തില്‍ പ്രധാനമന്ത്രി മൌനം വെടിയണമെന്നും ഉമറിന് ആവശ്യമായ സുരക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ''കഴിഞ്ഞ മാസം നാല് തവണയാണ് എനിക്ക് വധഭീഷണിയുണ്ടായത്. സമാനമായ സംഭവങ്ങള്‍ ഉമര്‍ ഖാലിദിനും ഷെഹ്‍ല റാഷിദിനും ഉണ്ടായിട്ടുണ്ട്. ഈയൊരു അവസ്ഥയിലും ഞങ്ങളില്‍ ആര്‍ക്കും തന്നെ ആവശ്യമായ സുരക്ഷ അധികൃതര്‍ ഒരുക്കി തന്നിട്ടില്ല." പ്രതികരിക്കുന്ന സമരം നയിക്കുന്ന ആളുകളെയെല്ലാം കൊന്ന് ഇല്ലാതാക്കാം എന്നാണ് ഈ സര്‍ക്കാരും സംഘ്പരിവാറും കരുതുന്നതെന്നും ജിഗ്നേഷ് മേവാനി കുറ്റപ്പെടുത്തി.

Tags:    

Similar News