അടുത്ത പ്രധാനമന്ത്രിയാര്? രാഹുലിന്‍റെ ഉത്തരമിതാണ്..

അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും പരാജയപ്പെടുത്തിയ ശേഷമാകും ആര് നയിക്കണം എന്ന ചര്‍ച്ച നടത്തുക

Update: 2018-08-26 05:17 GMT

താന്‍ ആശയപരമായ യുദ്ധം നടത്തുകയാണെന്നും പ്രധാനമന്ത്രിയാകുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും പരാജയപ്പെടുത്തിയ ശേഷമാകും ആര് നയിക്കണം എന്ന ചര്‍ച്ച നടത്തുക. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്താണ് ഇക്കാര്യം തീരുമാനിക്കുകയെന്നും രാഹുല്‍ പറഞ്ഞു.

ലണ്ടനില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു രാഹുല്‍. ആര്‍.എസ്.എസ് രാജ്യത്തിന്‍റെ നിയമ സംവിധാനത്തിന് ഭീഷണിയാണ്. ഓരോ ദിവസും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ താന്‍ ചിന്തിക്കുന്നത് രാജ്യത്തെ നിയമസംവിധാനത്തെ എങ്ങനെ സംരക്ഷിക്കാമെന്നും രാജ്യത്തെ ഒത്തൊരുമയോടെ നിലനിര്‍ത്താന്‍ അനുയോജ്യമായ സാഹചര്യം എങ്ങനെ സൃഷ്ടിക്കാമെന്നുമാണെന്നും രാഹുല്‍ പറഞ്ഞു.

Advertising
Advertising

ഉന്നാവോ ബലാത്സംഗ കേസിലും നിരവ് മോദിയുടെയും വിജയ് മല്യയുടെയും കേസുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി മൌനം പാലിക്കുകയാണ്. താന്‍ പ്രധാനമന്ത്രിയാകുന്നതിന് മുന്‍പ് രാജ്യത്ത് ഒരു വികസനവുമുണ്ടായിട്ടില്ലെന്ന് അവകാശപ്പെടുന്നതിലൂടെ മോദി രാജ്യത്തെ ജനങ്ങളെ അപമാനിക്കുകയാണ്. ഈ രാജ്യം കെട്ടിപ്പടുക്കാന്‍ വിയര്‍പ്പൊഴുക്കിയവരെയാണ് മോദി അപമാനിക്കുന്നത്. മതത്തിന്‍റെയും രാജ്യത്തിന്‍റെയും പേരില്‍ ജനങ്ങളെ വിഭജിക്കുന്നു. മോദി ഭരണത്തില്‍ അനില്‍ അംബാനിയെപ്പോലുള്ളവര്‍ നേട്ടമുണ്ടാക്കുമ്പോള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങള്‍ വഞ്ചിക്കപ്പെടുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

അടുത്ത പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിന് ഈ വര്‍ഷം മെയില്‍ രാഹുല്‍ നല്‍കിയ ഉത്തരം എന്തുകൊണ്ടില്ല എന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം പറയുന്നത് ബി.ജെ.പിയെ താഴെയിറക്കുക എന്നതിനാണ് മുന്‍ഗണന എന്നാണ്.

Tags:    

Similar News