അക്രമ ദിവസം ബുലന്ദ്ശഹറിലെ സ്കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നേരത്തെ നല്‍കി വീട്ടിലേക്ക് പറഞ്ഞുവിട്ടു
സാധാരണ 12.30ന് നല്‍കുന്ന ഭക്ഷണം നേരത്തെ നല്‍കിയത് അസ്വാഭാവികമാണെന്നാണ് ആരോപണം. ഭക്ഷണം നേരത്തെ നല്‍കി കുട്ടികളെ പറഞ്ഞുവിടാന്‍ ഉത്തരവുണ്ടായതായി സ്കൂളില്‍ ഉച്ചഭക്ഷണം പാചകം ചെയ്യുന്ന രാജ്പാൽ സിംഗ്.
ബുലന്ദ്ശഹറില്‍ അക്രമം നടന്ന ഡിസംബർ 3ന് തൊട്ടടുത്ത സ്കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നേരത്തെ നല്‍കി വീട്ടിലേക്ക് പറഞ്ഞുവിട്ടു. ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിലെ ചിങ്ക്രാവതി ഗ്രാമത്തിലെ പ്രൈമറി, ജൂനിയർ സെക്കൻഡറി സ്കൂളിലാണ് കുട്ടികളെ നേരത്തെ പറഞ്ഞുവിട്ടത്.
150ഓളം വിദ്യാർത്ഥികളുള്ള സ്കൂളില്‍ അന്ന് രാവിലെ 11.15ഓടെ കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം നല്‍കി. 100മീറ്ററോളം അകലെ നടക്കുന്ന സംഭവത്തെക്കുറിച്ച് അറിവില്ലാതെ, സാധാരണ 12.30ന് നല്‍കുന്ന ഭക്ഷണം നേരത്തെ നല്‍കിയത് അസ്വാഭാവികമാണെന്നാണ് ആരോപണം. ഭക്ഷണം നേരത്തെ നല്‍കി കുട്ടികളെ പറഞ്ഞുവിടാന്‍ ഉത്തരവുണ്ടായതായി സ്കൂളില്‍ ഉച്ചഭക്ഷണം പാചകം ചെയ്യുന്ന രാജ്പാൽ സിംഗ് പറയുന്നു.
പ്രൈമറി ക്ലാസുകളിൽ 107 കുട്ടികളും ജൂനിയർ സെക്കന്ററിയിൽ 66 കുട്ടികളുമാണ് ഉള്ളത്. രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണി വരെ സ്കൂള്‍ പ്രവൃത്തിസമയം. എന്നാല്‍ അന്നേദിവസം 11.15ന് ഉച്ചഭക്ഷണം നല്‍കിയ ശേഷം കുട്ടികളെ പറഞ്ഞുവിട്ടതായി പ്രൈമറി സ്കൂള്‍ ഇന്‍ചാര്‍ജായ അധ്യാപകന്‍ ദേശ്‍രാജ് സിംങ് പറയുന്നു.
''ബേസിക് ശിക്ഷാ അധികാരിയിൽ നിന്നും 11 മണിക്ക് ഒരു സന്ദേശം എത്തി. ഇജ്തിബ (മുസ്ലിം സമ്മേളനം) കാരണം സ്ഥിതി ദയനീയമാണെന്നും കുട്ടികൾക്ക് നേരത്തെ ഭക്ഷണം നല്‍കി പറഞ്ഞുവിടാനുമായിരുന്നു അതിലെ നിര്‍ദ്ദേശം." ദേശ്‍രാജ് സിംങ് കൂട്ടിച്ചേര്‍ത്തു.
അക്രമം നടന്ന സ്ഥലത്തിന് ഏതാനും അകലെയായി നടത്തിയിരുന്ന മൂന്ന് ദിവസത്തെ മുസ്ലിം സമ്മേളനത്തിനായി നിരവധി ആളുകളാണ് എത്തിക്കൊണ്ടിരുന്നത്. സ്കൂളിനടുത്തുള്ള പ്രധാന റോഡ് വാഹനങ്ങളാലും സമ്മേളനത്തിനായി പോകുന്ന ആളുകളാലും നിറഞ്ഞിരുന്നു. ട്രാഫികില്‍ പെടാതിരിക്കാന്‍ മീററ്റിൽ നിന്ന് വരുന്ന അധ്യാപകർക്കും നേരത്തെ പോകാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതോടെ എല്ലാവരും സ്കൂളില്‍ നിന്ന് നേരത്തെ പോയെന്നും, പിന്നീടാണ് എല്ലാ സ്കൂളുകളും അടച്ചുപൂട്ടാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടതെന്നും ദേശ്‍രാജ് സിംങ് പറയുന്നു.