മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പുതുജന്‍മം നല്‍കി കമല്‍നാഥ്
9 തവണ മധ്യപ്രദേശില്‍ നിന്ന് ലോക്സഭയില്‍ എത്തിയ അദ്ദേഹം നിരവധി തവണ കേന്ദ്രമന്ത്രി സ്ഥാനവും വഹിച്ചു.
മധ്യപ്രദേശിലെ കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിച്ചാണ് കമല്‍നാഥ് ഒന്നര പതിറ്റാണ്ട് നീണ്ട ബി.ജെ.പിയുടെ ഭരണത്തിന് അവസാനം കുറിച്ചത്. 9 തവണ മധ്യപ്രദേശില്‍ നിന്ന് ലോക്സഭയില്‍ എത്തിയ അദ്ദേഹം നിരവധി തവണ കേന്ദ്രമന്ത്രി സ്ഥാനവും വഹിച്ചു. ഗാന്ധി കുടുംബവുമായുള്ള അടുപ്പമാണ് രാഷ്ട്രീയത്തിലേക്ക് കമല്‍നാഥിനുള്ള വഴി തുറന്നത്.
സഞ്ജയ് ഗാന്ധിയുമായുള്ള സൌഹൃദമാണ് കമല്‍നാഥിനെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് എത്തിച്ചത്. താല്‍പ്പര്യപ്പെട്ട് എത്തിയതല്ലെങ്കിലും രാഷ്ട്രീയ അടവുകളെല്ലാം സ്വായത്തമാക്കിയ തികഞ്ഞ രാഷ്ട്രീയക്കാരാനായി പിന്നീട് കമല്‍നാഥ് രൂപപ്പെടുകയായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ മൂന്നാമത്തെ മകനായാണ് കമല്‍നാഥിനെ ഇന്ത്യന്‍ രാഷ്ട്രീയം ഒരു കാലത്ത് കണ്ടത്. 1980 ല്‍ ആദ്യമായി കമല്‍ ലോക്സഭയിലേക്കെത്തി. 91 ല്‍ പരിസ്ഥിതി വനം മന്ത്രിയായി അധികാരമേറ്റു. 2001 മുതല്‍ 2004 വരെ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു കമല്‍നാഥ്. 2004 ല്‍ വാണിജ്യവകുപ്പ് ചുമതല വഹിച്ചു. വിദേശ നിക്ഷേപം സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനങ്ങളെ കമല്‍നാഥാണ് പലപ്പോഴും പ്രതിരോധിച്ചത്. ചര്‍ച്ചകള്‍ക്ക് ചൂട് പിടിച്ചപ്പോള്‍ പലപ്പോഴും സ്വരം കടുപ്പിച്ചും നിലപാട് വ്യക്തമാക്കി .
പി.പി.പി മോഡല്‍ നിക്ഷേപം നടത്തുന്നതിന് വേണ്ടി എക്കാലത്തും വാദിച്ചിരുന്ന നേതാവ് കൂടിയായിരുന്നു അദ്ദേഹം. കൊല്‍ക്കത്തയില്‍ നിന്ന് ഇന്ദിര ഗാന്ധി മധ്യപ്രദേശിലേക്ക് അയച്ച കമല്‍ പിന്നീട് മധ്യപ്രദേശില്‍ വലിയ ബന്ധങ്ങളുള്ള രാഷ്ട്രീയക്കാരനാകുകയായിരുന്നു. ചിന്ത് വാട കേന്ദ്രീകരിച്ചാണ് സംസ്ഥാനത്തെ പ്രവര്‍ത്തനത്തിന് ചരട് വലിക്കുന്നത്. മധ്യപ്രദേശില്‍ ബി.എസ്.പി അടക്കമുള്ള പാര്‍ട്ടികളുമായുള്ള ബന്ധത്തിലും ബി.ജെ.പിയെ എതിരിടാനുള്ള പ്രായോഗിക നീക്കങ്ങളിലുമെല്ലാം ജോതിരാദിത്യ സിന്ധ്യയെക്കാള്‍ പ്രാഗത്ഭ്യം കമലിനായിരിക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.