Writer - അൻഫസ് കൊണ്ടോട്ടി
anfas123
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ 31 മരണം. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ബസ് കത്തി 17 പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയില്‍ ട്രിച്ചി- ചെന്നൈ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ 9 മരണം. അപകടത്തില്‍പ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ധനസഹായം പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശില്‍ ഒരേ ബൈക്കില്‍ യാത്ര ചെയ്ത അഞ്ച് പേര്‍ ട്രെയിനിടിച്ച് മരിച്ചു.
കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കണ്ടെയ്‌നര്‍ ലോറി ഇടിച്ച് സ്ലീപ്പര്‍ ബസിന് തീപിടിച്ചത്. അപകടത്തില്‍ 17 പേരാണ് വെന്തുമരിച്ചത്. ബാംഗ്ലൂരില്‍ നിന്ന് ഗോകര്‍ണത്തേക്ക് പോകുകയായിരുന്ന ബസിലേക്ക് എതിര്‍ദിശയില്‍ നിന്ന് വന്ന ലോറി ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് കടലൂരില്‍ തമിഴ്‌നാട് ആര്‍ടിസിയുടെ ബസ് നിയന്ത്രണം വിട്ട് കാറുകളിലിടിച്ചത്. ബസിന്റെ മുന്‍വശത്തെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ടതാണ് അപകട കാരണം. 4 സ്ത്രീകളും 2 കുട്ടികളുമുള്‍പ്പെടെ 9 പേര്‍ മരിച്ചു. കടലൂര്‍ സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ കാറുകള്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന്
ചെന്നൈ ട്രിച്ചി ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അപകടത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ.സ്റ്റാലിന്‍ അനുശോചനം രേഖപ്പെടുത്തി.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 3 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 1 ലക്ഷം രൂപയും ധനസഹായം നല്‍കും. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ ട്രെയിന്‍ ഇടിച്ച് അഞ്ച് ബൈക്ക് യാത്രികര്‍ മരിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. അഞ്ചുപേരും ഒരു ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു.