രണ്ടാം തരംഗം ഗുരുതരാവസ്ഥയിലേക്ക്; രാജ്യത്ത് മൂന്നാം ദിനവും മൂന്നു ലക്ഷം കടന്ന് കോവിഡ് കേസുകള്‍

24 മണിക്കൂറിനിടെ 3,46,786 പേര്‍ക്ക് കോവിഡ്, 2,624 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

Update: 2021-04-24 05:26 GMT

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം റെക്കോഡുകൾ ഭേദിച്ച് കുതിച്ചുയരുകയാണ്. ഔദ്യോഗിക കണക്കുകളനുസരിച്ച് 24 മണിക്കൂറിനിടെ 3,46,786 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രാജ്യത്തെ കോവിഡ് കേസുകള്‍ മൂന്ന് ലക്ഷം പിന്നിടുന്നത്.

2,624 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. തുടർച്ചയായ മൂന്നാം ദിവസമാണ് മരണ സംഖ്യ രണ്ടായിരം കടക്കുന്നത്. 25 ലക്ഷത്തിലധികം പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. അതേസമയം, 24 മണിക്കൂറിനിടെ 2,19,838  പേര്‍ രോഗമുക്തരായി. ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 1,66,10,481ആണ്. മരണസംഖ്യ 1,89,544 ആയി ഉയര്‍ന്നു. 13,83,79,832 പേരാണ് രാജ്യത്ത് ഇതുവരെ വാക്സിന്‍ സ്വീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 24000ത്തിലധികം പേർക്ക് രോഗം ബാധിച്ച ഡല്‍ഹിയില്‍ വൈറസിന്‍റെ യു.കെ വകഭേദം രോഗവ്യാപനം തീവ്രമാക്കിയെന്നാണ് വിലയിരുത്തൽ. ഓക്സിജന്‍ ക്ഷാമമാണ് രാജ്യ തലസ്ഥാനം നിലവില്‍ നേരിടുന്ന പ്രധാന പ്രശ്നം. ഓക്സിജൻ തീർന്നതോടെ ഡല്‍ഹി മൂൽചന്ദ് ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തിവെച്ചു. ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ ഓക്സിജന്‍ കുറവു മൂലം 20 രോഗികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News