സെൻട്രൽ വിസ്ത പദ്ധതി നിർത്തണമെന്ന് സുപ്രീംകോടതിയില്‍ ഹർജി; ജഡ്ജിമാരില്ലെന്ന് ചീഫ് ജസ്റ്റിസ്

ഹർജി ഫയലിൽ സ്വീകരിച്ച ചീഫ് ജസ്റ്റിസ് എൻ.വി രമണ ബഞ്ച് ലഭ്യമാകുമ്പോൾ പരിഗണിക്കാമെന്നും അറിയിച്ചു

Update: 2021-05-05 06:41 GMT
Editor : abs | By : Web Desk

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സെൻട്രൽ വിസ്ത പദ്ധതി നിർമാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കാതെ സുപ്രീം കോടതി. ഹർജി ഫയലിൽ സ്വീകരിച്ച ചീഫ് ജസ്റ്റിസ് എൻ.വി രമണ, ബഞ്ച് ലഭ്യമാകുമ്പോൾ പരിഗണിക്കാമെന്നും അറിയിച്ചു. അന്യ മൽഹോത്ര, സുഹൈൽ ഹാഷ്മി എന്നിവരാണ് സെൻട്രൽ വിസ്ത പദ്ധതിക്കെതിരെ കോടതിയെ സമീപിച്ചത്.

പദ്ധതി ഉപേക്ഷിക്കാനല്ല ആവശ്യപ്പെടുന്നതെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലുത്ര പറഞ്ഞു. കോവിഡ് ഗുരുതരമായി നിൽക്കുമ്പോൾ നിർമാണ സ്ഥലത്തേക്ക് തൊഴിലാളികളെ കൊണ്ടുവരുന്നത് അപകടകരമാണ്. ഇത് നമ്മുടെ ആരോഗ്യ സംവിധാനത്തിൽ നാശംവിതയ്ക്കും. ഡൽഹി ദുരന്ത നിവാരണ അതോറിറ്റി ഉത്തരവ് പ്രകാരം തലസ്ഥാനത്തെ എല്ലാ നിർമാണ പ്രവൃത്തികളും നിർത്തിവയ്‌ക്കേണ്ടതാണെന്നും ലുത്ര ചൂണ്ടിക്കാട്ടി.

Advertising
Advertising

ഈ വേളയിൽ ഹർജി ഡൽഹി ഹൈക്കോടതിയിൽ നൽകൂ എന്നാണ് ചീഫ് ജസ്റ്റിസ് നിർദേശിച്ചത്. ഹൈക്കോടതിയിൽ നൽകിയിട്ടുണ്ട് എന്നും മെയ് 17ന് പരിഗണിക്കാമെന്നാണ് അറിയിച്ചതെന്നും ലുത്ര പറഞ്ഞു. എന്നാൽ ആവശ്യത്തിന് ജഡ്ജിമാരില്ല എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.

'ഇത് ബുദ്ധിമുട്ടേറിയ വേളയാണ്. ജഡ്ജിമാരെ ലഭ്യമല്ല. നമുക്ക് ആവശ്യത്തിന് മനുഷ്യവിഭവ ശേഷിയുമില്ല. എനിക്കും വൈറസ് ബാധയുണ്ടായിരുന്നു. പേപ്പറുകൾ ഇപ്പോൾ വായിക്കാനാകില്ല... ഇത് അസാധാരണ സാഹചര്യമാണ്. ഹർജി കേൾക്കാൻ ജഡ്ജിമാരെ നിർബന്ധിക്കാനാകില്ല' - ചീഫ് ജസ്റ്റിസ് പറഞ്ഞു. പിന്നീട് ഹർജി വാങ്ങിയ ചീഫ് ജസ്റ്റിസ്, ബഞ്ച് ലഭ്യമാണെങ്കിൽ നോക്കാമെന്നും കൂട്ടിച്ചേർത്തു. 

കോവിഡിലും നിലയ്ക്കാതെ നിർമാണം

രാജ്യതലസ്ഥാനം ഓക്‌സിജനും ആശുപത്രി കിടക്കയ്ക്കും വേണ്ടിയുള്ള നെട്ടോട്ടത്തിൽ ഉഴലുമ്പോൾ സെൻട്രൽ വിസ്തയുടെ നിർമാണം നിലയ്ക്കാതെ മുമ്പോട്ടു പോകുകയാണ്. ഇതിനെതിരെ വ്യാപകമായ വിമർശനമാണ് വിവിധ കോണുകളിൽ നിന്നുയരുന്നത്. പദ്ധതിയെ അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് നിലവിൽ കേന്ദ്രസർക്കാർ.

മൊത്തം ഇരുപതിനായിരം കോടി രൂപയുടെ നിർമാണമാണ് പദ്ധതിക്കു കീഴിൽ നടന്നു വരുന്നത്. ഇതിൽ പ്രധാനമന്ത്രിയുടെ പുതിയ വസതി 2022 ഡിസംബറിൽ തന്നെ പൂർത്തിയാക്കാനാണ് നിർദേശം. പുതിയ പാർലമെന്റ് ബിൽഡിങ്, സെൻട്രൽ ഹാൾ, ഉപരാഷ്ട്രപതിക്ക് പുതിയ വസതി എന്നിവയും പദ്ധതിയിലുണ്ട്. സെൻട്രൽ വിസ്തയുടെ തൊഴിലാളികൾ പലരും പൊതുഗതാഗത സംവിധാനം ആശ്രയിച്ചാണ് നിർമാണ സ്ഥലത്തെത്തുന്നത്.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News