ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 82 രോഗികള്‍ മരിച്ചു: ആരോഗ്യമന്ത്രിയെ പുറത്താക്കി ഇറാഖ്

ഓക്സിജന്‍ സിലിണ്ടറുകള്‍ സൂക്ഷിക്കുന്നതില്‍ വന്ന പിഴവാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

Update: 2021-04-26 02:26 GMT
By : Web Desk

ഇറാഖിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് 82 രോഗികള്‍ മരിച്ചു; പ്രതിഷേധത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ ആരോഗ്യമന്ത്രിയെ ഇറാഖ് പുറത്താക്കി.

ഇറാഖിന്‍റെ തലസ്ഥാന നഗരമായ ബാഗ്‍ദാദിലെ കോവിഡ് ആശുപത്രിയായ ഇബ്ന്‍ അല്‍-ഖത്തീബില്‍ ഞായറാഴ്ചയാണ് ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായത്. അപകടത്തില്‍ 82 രോഗികള്‍ മരിച്ചെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ 28 പേര്‍ വെന്‍റിലേറ്ററിലുണ്ടായിരുന്ന രോഗികളാണ്. തീയില്‍ നിന്ന് രക്ഷപ്പെടുത്താനായി ഇവരെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയതാണ് മരണത്തിന് കാരണമായത്. ചാടിരക്ഷപ്പെടാനുള്ള ശ്രമത്തിലാണ് പലര്‍ക്കും പരിക്കേറ്റിട്ടുള്ളത്.

Advertising
Advertising

ആശുപത്രിയുടെ രണ്ടാംനിലയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിച്ചത്. ഓക്സിജന്‍ സിലിണ്ടറുകള്‍ സൂക്ഷിക്കുന്നതില്‍ വന്ന പിഴവാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന ആരോപണമാണ് ഉയരുന്നത്. തീപിടിത്തമുണ്ടായാല്‍ പ്രതിരോധിക്കാനോ രക്ഷപ്പെടാനോ ഉള്ള സംവിധാനങ്ങള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്നും കെട്ടിടത്തിലെ സീലിങ്ങിലെ അപാകതകള്‍ തീ വേഗം പടര്‍ന്നുപിടിക്കാന്‍ ഇടയായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബഗ്‍ദാദ് ആരോഗ്യവകുപ്പ് ഡയറക്ടറെയും അല്‍ ഖാത്തിബ് ആശുപത്രി ഡയറക്ടര്‍, എഞ്ചിനീയറിംഗ് വിഭാഗം മേധാവി എന്നിവരെയും അപകടമുണ്ടായ ഉടനെ തന്നെ പുറത്താക്കിയതായി പ്രധാനമന്ത്രി മുസ്‍തഫ അല്‍ കാദിമി അറിയിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ ഉന്നതാധികാരികള്‍ക്ക് നേരെ നടപടിയുണ്ടാകണമെന്ന സോഷ്യല്‍മീഡിയ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി ഹസന്‍ അല്‍-തമിമിയെ സസ്‌പെന്‍ഡ് ചെയ്തതായി പിന്നീട് ഉത്തരവിറങ്ങുകയായിരുന്നു.


സംഭവത്തില്‍ ആരോഗ്യമന്ത്രിയ്ക്കും ബാഗ്ദാദും ഗവര്‍ണര്‍ക്കുമെതിരെ പ്രധാനമന്ത്രി മുസ്തഫ അല്‍-കദേമി അന്വേഷണവും പ്രഖ്യാപിച്ചു. ദുരന്തത്തെ സ്മരിച്ചുകൊണ്ട് മൂന്ന് ദിവസത്തേക്ക് ദേശീയ അനുശോചന ദിനം ആചരിക്കും. ഇന്നത്തെ പാര്‍ലമെന്‍റ് യോഗം ഈ ദുരന്തത്തിന്‍റെ സ്മരണയ്ക്കായി സമര്‍പ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

Tags:    

By - Web Desk

contributor

Similar News