ഒന്നരമാസം മുമ്പ് മോഷ്ടിച്ച ബൈക്ക് പാറക്കെട്ടില്‍: മുങ്ങിയെടുത്ത് പൊലീസ്

കോഴിക്കോട് കൊടുവള്ളിയില്‍ നിന്ന് മോഷ്ടിച്ച ബുള്ളറ്റ് മലപ്പുറം കൊണ്ടോട്ടിയിലെ പാറക്കുളത്തില്‍ നിന്ന് കിട്ടി

Update: 2021-04-20 03:04 GMT
By : Web Desk

കോഴിക്കോട് കൊടുവള്ളിയില്‍ നിന്ന് മോഷ്ടിച്ച് കടത്തിയ ബുള്ളറ്റ് മലപ്പുറം കൊണ്ടോട്ടിയിലെ പാറക്കുളത്തില്‍ നിന്ന് കൊടുവള്ളി പോലീസ് കണ്ടെടുത്തു. സന്നദ്ധ സേനയുടെ സഹായത്തോടെയാണ് ഏറെ താഴ്ചയിലുള്ള ക്വാറിയിലെ വെള്ളക്കെട്ടില്‍ നിന്ന് ബുള്ളറ്റ് കണ്ടെടുത്തത്. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഒന്നര മാസം മുമ്പ് സൗത്ത് കൊടുവള്ളിയില്‍ നിന്ന് കാണാതായ ബുള്ളറ്റാണ് കൊണ്ടോട്ടിയിലെ പാറക്കെട്ടിലെ വെള്ളത്തില്‍ നിന്ന് പോലീസ് മുങ്ങിയെടുത്തത്. ഓമശ്ശേരി സ്വദേശി യു.കെ ഹുസൈന്‍റെ ബുള്ളറ്റ് കഴിഞ്ഞ മാര്‍ച്ച് മൂന്നിന് കൊടുവള്ളിയിലെ ബന്ധു വീട്ടില്‍ നിന്നും മോഷണം പോയി. കേസില്‍ അന്വേഷണം ആരംഭിച്ച കൊടുവള്ളി പോലീസ് ബുള്ളറ്റ് മോഷണ സംഘത്തെ വലയിലാക്കുകയും പന്ത്രണ്ട് ബുള്ളറ്റുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഹുസൈന്‍റെ ബുള്ളറ്റ് മോഷ്ടിച്ചത് ഇവരല്ലെന്ന് വ്യക്തമായതോടെ അന്വേഷണം മറ്റു വഴികളിലേക്ക് വ്യാപിപ്പിച്ചു.

Advertising
Advertising

തുടര്‍ന്നാണ് മലപ്പുറം തേഞ്ഞിപ്പലം ദേവതിയാല്‍ കോളനിയിലെ സുഭാഷ്, പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ പടിഞ്ഞാറെ കളപ്പുറം എം കിഷോര്‍ എന്നിവര്‍ പിടിയിലായത്. വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടിയിലെ പാറക്കുളത്തില്‍ നിന്ന് ബുള്ളറ്റ് കണ്ടെടുത്തു. ഇതിനായി സന്നദ്ധ സേനയായ കര്‍മ്മ ഓമശ്ശേരിയുടെ സഹായം തേടുകയായിരുന്നു പോലീസ്.

പിടിക്കപ്പെടുമെന്നായപ്പോള്‍ അന്‍പതടിയോളം ഉയരമുള്ള പാറയില്‍ നിന്നും ബൈക്ക് കുളത്തിലേക്ക് തള്ളിവിട്ടുവെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്.


Full View

Tags:    

By - Web Desk

contributor

Similar News