ഇന്ത്യയ്ക്ക് സൗദിയുടെ കോവിഡ് സഹായം; ആദ്യഘട്ട കപ്പൽ അയച്ചു

80 മെട്രിക് ടൺ ലിക്വിഡ് ഓക്സിജനും നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും ഇന്ത്യയിലേക്ക് തിരിച്ചു

Update: 2021-04-26 02:09 GMT
Editor : Shaheer | By : Web Desk

കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയ്ക്ക് സഹായവുമായി സൗദി അറേബ്യ. മെഡിക്കൽ ഓക്സിജനും ടാങ്കുകളും അടങ്ങുന്നതാണ് സഹായം. ആദ്യഘട്ട സഹായവുമായി കപ്പൽ ഇന്ത്യയിലേക്ക് പുറപ്പെട്ടു.

റിയാദിലെ ഇന്ത്യൻ എംബസിയാണ് സൗദിയുടെ സഹായം സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. സൗദി ആരോഗ്യ മന്ത്രാലയം അനുവദിച്ച ആദ്യഘട്ട അടിയന്തര സഹായമായ എൺപത് മെട്രിക് ടൺ ലിക്വിഡ് ഓക്സിജനും നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും അടങ്ങുന്ന കണ്ടൈയ്‌നറുകൾ ഇന്ത്യയിലേക്ക് പുറപ്പെട്ടതായി റിയാദ് ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.

ദമ്മാം കിംഗ് അബ്ദുൽ അസീസ് തുറമുഖത്തുനിന്ന് കയറ്റിയയക്കുന്ന ടാങ്കറുകളുടെ ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവച്ചാണ് എംബസി വാർത്ത പുറത്തുവിട്ടത്. അദാനി ഗ്രുപ്പുമായി സഹകരിച്ചാണ് ആദ്യഘട്ട സഹായം അടിയന്തരമായി ഇന്ത്യയിലേക്ക് അയച്ചത്. ഇതിനുപുറമേ എംഎസ് ലിൻഡെ ഗ്രൂപ്പിന്റെ സഹായത്തോടെ 5,000 മെഡിക്കൽ ഗ്രേഡ് ഓക്സിജൻ സിലിണ്ടറുകൾ കൂടി ഉടൻ കയറ്റിയയക്കുമെന്നും റിയാദ് ഇന്ത്യൻ എംബസി വ്യക്തമാക്കി.

മഹാമാരി കാലത്ത് മെഡിക്കൽ ഓക്സിജൻ ക്ഷാമം നേരിട്ട രാജ്യത്തിന് സഹായവും പിന്തുണയും നൽകിയ സൗദി ആരോഗ്യ മന്ത്രാലയത്തിന് നന്ദി രേഖപ്പെടുത്തുന്നതായും ഇന്ത്യൻ എംബസി അറിയിച്ചു. സൗദിയിൽ വീണ്ടും കോവിഡ് കേസുകൾ വർധിച്ച് വരുന്നതിനിടെയാണ് ഇന്ത്യക്ക് അടിയന്തര മെഡിക്കൽ സഹായം ഉറപ്പുവരുത്തുന്നതിന് സൗദി തയാറായതെന്നതും ശ്രദ്ധേയമാണ്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News