പ്രിയങ്കയ്ക്ക് കൈകൊടുക്കാനും സെൽഫിയെടുക്കാനും മത്സരിച്ച് ബി.ജെ.പി പ്രവർത്തകർ; നിരാശരാക്കാതെ കോൺഗ്രസ് നേതാവ്

യു.പിയിലെ ഹർദോയിയിലുള്ള മദോഗഞ്ചിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയായിരുന്നു പ്രിയങ്കയ്ക്ക് അപ്രതീക്ഷിത വരവേൽപ്പ് ലഭിച്ചത്

Update: 2022-02-22 11:36 GMT
Editor : Shaheer | By : Web Desk
Advertising

ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുകയാണ്. വോട്ടെടുപ്പിന്റെ ആദ്യനാലു ഘട്ടം പൂർത്തിയായപ്പോൾ അവശേഷിക്കുന്ന മൂന്ന് ഘട്ടങ്ങളിൽ സ്ഥാനാർത്ഥികൾക്കു വേണ്ടിയുള്ള പ്രചാരണത്തിലാണ് രാഷ്ട്രീയ പാർട്ടി നേതാക്കളെല്ലാം. ഇതിനിടയിൽ, യു.പിയിൽനിന്നുള്ള കൗതുകകരമായൊരു വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് കൈകൊടുക്കാനും സെൽഫിയെടുക്കാനും ബി.ജെ.പി പ്രവർത്തകർ മത്സരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് തെരഞ്ഞെടുപ്പ് ചൂടിനിടയിലും വേറിട്ട കാഴ്ചയായി മാറുന്നത്.

യു.പിയിലെ ഹർദോയിയിലുള്ള മദോഗഞ്ചിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയായിരുന്നു പ്രിയങ്കയ്ക്ക് അപ്രതീക്ഷിത വരവേൽപ്പ് ലഭിച്ചത്. മല്ലാവൻ ചൗക്കിൽ പ്രിയങ്കയുടെ വാഹനമെത്തിയപ്പോൾ അവിടെ നിറയെ ബി.ജെ.പി പതാക പിടിച്ചും റിബ്ബണണിഞ്ഞും നിൽക്കുന്ന പ്രവർത്തകരായിരുന്നു. മല്ലാവനിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗം സമാപിച്ചത് തൊട്ടുമുൻപായിരുന്നു. പരിപാടി കഴിഞ്ഞ് പ്രവർത്തകർ പിരിഞ്ഞുപോകുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി പ്രിയങ്കയുടെ വരവ്.

വാഹനം ആൾക്കൂട്ടം തിരിച്ചറിഞ്ഞതോടെ എല്ലാവരും നേരെ അങ്ങോട്ട് തിരിഞ്ഞു. കാറിനു ചുറ്റും പൊതിഞ്ഞു. പിന്നീട് പ്രിയങ്കയുടെ കൈപിടിക്കാനും സെൽഫിയെടുക്കാനുമുള്ള മത്സരമായിരുന്നു അവിടെ. ജയ് ശ്രീറാം മുഴക്കിയാണ് ബി.ജെ.പി പ്രവർത്തകർ കോൺഗ്രസ് നേതാവിന് അഭിവാദ്യമർപ്പിച്ചത്.

പ്രിയങ്ക ആരെയും നിരാശരാക്കിയില്ല. വാഹനത്തിന്റെ ഗ്ലാസ് തുറന്ന് ഡോറിൽ കയറിയിരുന്ന് പ്രിയങ്ക എല്ലാവർക്കും കൈകൊടുത്തു. അതിനിടയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് പുറത്തിറക്കിയ ലഘുലേഖ വിതരണം ചെയ്തപ്പോൾ അതിനും ഉന്തുംതള്ളുമായിരുന്നു. ഒടുവിൽ ഏറെ പണിപ്പെട്ടാണ് ആൾക്കൂട്ടത്തിനിടയിൽനിന്ന് പ്രിയങ്കയ്ക്ക് മടങ്ങാനായത്.

Summary: BJP activists compete to shake hands with Priyanka Gandhi and take selfies- Video goes viral on social media

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News