സർദാർ പട്ടേലിനെ വെട്ടി; മൊട്ടേര സ്റ്റേഡിയത്തിന് ഇനി മോദിയുടെ പേര്

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകി

Update: 2021-02-24 08:23 GMT

സർദാർ വല്ലഭായ് പട്ടേലിന്റെ പേരിലായിരുന്ന അഹമ്മദാബാദ് മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം ഇനി അറിയപ്പെടുക പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ. പുതുക്കിപ്പണിത ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്ത മൊട്ടേര സ്റ്റേഡിയത്തിന് 'നരേന്ദ്ര മോദി സ്‌റ്റേഡിയം' എന്ന പേരു നൽകി. ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, അദ്ദേഹത്തിന്റെ മകനും ബി.സി.സി.ഐ സെക്രട്ടറിയുമായ ജയ് ഷാ, കേന്ദ്ര കായികമന്ത്രി കിരൺ റിജിജു തുടങ്ങിയവരും സന്നിഹിതരായിരുന്നു. ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് (ഡേ നൈറ്റ്) ഇവിടെയാണ് നടക്കുന്നത്.

Advertising
Advertising

ഒരുലക്ഷത്തി മുപ്പത്തി രണ്ടായിരം പേർക്ക് ഇരിക്കാൻ കഴിയുന്ന ഗാലറിയുള്ള നരേന്ദ്ര മോദി സ്‌റ്റേഡിയം ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമാണ്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൈതാനം എന്ന റെക്കോർഡും ഈ സ്‌റ്റേഡിയത്തിനുണ്ട്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള സ്‌റ്റേഡിയത്തിൽ ടെസ്റ്റ്, ഏകദിന, ടി 20 അന്താരാഷ്ട്ര മത്സരങ്ങൾ അരങ്ങേറിയിട്ടുണ്ട്.

1983-ൽ നിർമിക്കപ്പെട്ട സ്റ്റേഡിയത്തിന് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ആഭ്യന്തരമന്ത്രി സർദായ് വല്ലഭായ് പട്ടേലിന്റെ പേരാണ് നൽകിയിരുന്നത്. 1987, 1996, 2011 ലോകകപ്പ് മത്സരങ്ങൾക്ക് മൊട്ടേര സ്റ്റേഡിയം വേദിയായി. 2006-ൽ പുതുക്കിപ്പണിതപ്പോഴും സ്‌റ്റേഡിയത്തിന്റെ പേര് മാറ്റിയിരുന്നില്ല.

2017-2020 കാലയളവിലായി സ്‌റ്റേഡിയത്തിന്റെ പുനർനിർമാണത്തിനായി 800 കോടിയാണ് ചെലവഴിച്ചത്. ലാർസൻ ആന്റ് ടാർബോ ആണ് പുനർനിർമാണ പ്രവൃത്തികൾക്ക് മേൽനോട്ടം വഹിച്ചത്.

Tags:    

Similar News