ഖത്തറില്‍ തൊഴില്‍ നിയമം പാലിക്കാത്ത 12000 ത്തോളം കമ്പനികളുടെ പ്രവര്‍ത്തന അനുമതി റദ്ദാക്കി
ഖത്തറില്‍ തൊഴില്‍ നിയമം പാലിക്കാത്ത 12000 ത്തോളം കമ്പനികളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കിയതായി റിപ്പോർട്ട്. തൊഴില്‍മേഖലയിലെ നിയമലംഘനങ്ങള്‍ കണ്ടെത്താനായി 19000 പരിശോധനകളാണ് ഈ വര്‍ഷം ഇതുവരെ പൂര്‍ത്തിയാക്കിയത്. തൊഴിലാളികളില്‍ നിന്നും കമ്പനികള്‍ റിക്രൂട്ട്മെന്റ് ഫീസ് ഈടാക്കുന്നതിനെതിരെ അന്താരാഷ്ട്ര തൊഴില്‍ സംഘടനയുമായിച്ചേര്‍ന്ന് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
ദോഹയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായി കാട്ടി ദ ഗാര്‍ഡിയന്‍ പത്രം നല്‍കിയ റിപ്പോര്‍ട്ടിനോട് പ്രതികരിക്കവെ ബ്രിട്ടനിലെ ഖത്തര്‍ ഉപസ്ഥാനപതി ശൈഖ് ഥാമര്‍ ബിന്‍ ഹമദ് അല്‍ത്താനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശക്തമായ തൊഴില്‍ നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ഖത്തര്‍. തൊഴിലാളികള്‍ക്ക് പരമാവധി സുരക്ഷയും സംതൃപ്തിയും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നിയമസംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം പകുതിയോടെ തന്നെ 19000 പരിശോധനകളാണ് തൊഴില്‍മേഖലയില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പൂര്‍ത്തിയാക്കിയത്.
തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ 12000 ത്തോളം കമ്പനികളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുമായാണ് രാജ്യം മുന്നോട്ടുപോകുന്നത്. ഗാര്‍ഡിയന്‍ പത്രം ഉന്നയിച്ച പ്രശ്നത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ശൈഖ് ഥാമര്‍ അല്‍ത്താനി പറഞ്ഞു.
തൊഴിലാളികളില്‍ നിന്നും കമ്പനികള്‍ റിക്രൂട്ട്മെന്റ് ഫീസ് ഈടാക്കുന്നതിനെതിരെയും കര്‍ശന നപടികളാണ് തൊഴില്‍ മന്ത്രാലയം സ്വീകരിക്കുന്നത്. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര തൊഴിലാളി സംഘടനയുമായി പരമവാധി സഹകരിക്കുന്നുണ്ട്.
ഗാര്‍ഡിയന്‍ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ നിയമലംഘനം നടത്തുന്ന തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കാട്ടി തൊഴില്‍മന്ത്രാലയവും രംഗത്ത് വന്നിരുന്നു.