ഖത്തര്‍ ലോകകപ്പിന്റെ ആതിഥേയത്വം അയല്‍രാജ്യങ്ങള്‍ക്ക് വീതിച്ച് നല്‍കാനുള്ള ചര്‍ച്ചകളെ എതിര്‍ത്ത് ആംനസ്റ്റി

Update: 2018-11-25 19:14 GMT
Advertising

2022 ഖത്തര്‍ ലോകകപ്പിന്റെ ആതിഥേയത്വം അയല്‍രാജ്യങ്ങള്‍ക്ക് വീതിച്ച് നല്‍കാനുള്ള ചര്‍ച്ചകളെ എതിര്‍ത്ത് ആംനസ്റ്റി ഇന്‍റര്‍നാഷണല്‍. ലോകകപ്പിന് വെറും നാല് വര്‍ഷം മാത്രം ബാക്കി നില്‍ക്കെ ഇത്തരം ആശയക്കുഴപ്പങ്ങളുണ്ടാക്കുന്നത് നല്ലതല്ലെന്നാണ് ആംനസ്റ്റിയുടെ പക്ഷം. ഇക്കാര്യം ചൂണ്ടിക്കാട്ടി ആംനസ്റ്റി ഫിഫയ്ക്ക് കത്തയച്ചതായി ഒരു ബ്രിട്ടീഷ് മാധ്യമം വെളിപ്പെടുത്തി

2022 ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32 ല്‍ നിന്നും 48 ആക്കി ഉയര്‍ത്താന്‍ ഫിഫയ്ക്ക് ആലോചനയുണ്ട്. മത്സരങ്ങളുടെ എണ്ണവും കൂടുമെന്നതിനാല്‍ ആതിഥേയത്വം ചില അയല്‍രാജ്യങ്ങള്‍ക്ക് കൂടി വീതിച്ചുനല്‍കാനുമുള്ള ചര്‍ച്ചകളും ആഭ്യന്തര തലത്തില്‍ നടന്നിരുന്നു. ഇതിനെതിരായാണ് ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ രംഗത്ത് വന്നിരിക്കുന്നത്. ലോകകപ്പിന് വെറും നാല് വര്‍ഷം മാത്രം ബാക്കി നില്‍ക്കെ ആതിഥേയത്വം സംബന്ധിച്ചുള്ള ആശയക്കുഴപ്പം പല തരം പ്രശ്നങ്ങള്‍ക്ക് വഴിവെക്കും.

ഇപ്പോള്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നല്ലതല്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ആംനസ്റ്റി ഫിഫയ്ക്ക് കത്തയച്ചതായും ഒരു ബ്രിട്ടീഷ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആംനസ്റ്റിയുടെ ബ്രീട്ടീഷ് തലവന്‍ അലന്‍ ഹൌഗാര്‍ത്ത് പറഞ്ഞു.

2022 നവംബര്‍ 21 ന് ആരംഭിക്കുന്ന ലോകകപ്പിനുള്ള കൌണ്ട് ഡൌണ്‍ ഇക്കഴിഞ്ഞ 21 ന് ഖത്തര്‍ ആരംഭിച്ചിരുന്നു. സ്റ്റേഡിയം നിര്‍മ്മാണപ്രവര്‍ത്തികള്‍ അവസാന ഘട്ടത്തിലുമാണ്.

Tags:    

Similar News