ഖത്തറിനെതിരെ തുടരുന്ന ഉപരോധം ഗള്‍ഫ് മേഖലക്ക് ഗുണം ചെയ്യില്ല- മൈക്ക് പോംപിയോ

വ്യാഴാഴ്ച കെയ്റോയിൽ നടന്ന ചടങ്ങിലും പോംപിയോ ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കേണ്ടതിൻറ പ്രാധാന്യം എടുത്ത് പറഞ്ഞിരുന്നു

Update: 2019-01-14 01:20 GMT

ഖത്തറിനെതിരെ തുടരുന്ന ഉപരോധം ഗള്‍ഫ് മേഖലക്ക് ഗുണം ചെയ്യില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. പൊതുവായ വെല്ലുവിളികള്‍ നിലനില്‍ക്കെ തര്‍ക്കത്തിലേര്‍പ്പെടുന്നത് ശരിയല്ലെന്നും പോംപിയോ അഭിപ്രായപ്പെട്ടു. മധ്യേഷ്യന്‍ സന്ദര്‍ശാനര്‍ത്ഥം ദോഹയിലെത്തിയ പോംപിയോ ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച്ച നടത്തി.

ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയോടൊപ്പം ദോഹയില്‍ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പോംപിയോ. ഗൾഫ് പ്രതിസന്ധി 19 മാസത്തിലേക്ക് കടന്നിരിക്കുകയാണ്. ഖത്തറിനെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച ഉപരോധം ഗള്‍ഫ് ഐക്യത്തില്‍ വലിയ വിള്ളൽ തീർത്തിരിക്കുകയാണ്. ഉപരോധം ആർക്കും ഗുണം ചെയ്യില്ല.

Advertising
Advertising

ഗൾഫ് രാജ്യങ്ങളുടെ ശത്രുക്കൾക്കും എതിരാളികൾക്കും മാത്രമേ അത് ഗുണകരമാകൂ. ഉപരോധം മേഖലയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണ്. എല്ലാവരും ഒന്നിച്ചുനിൽക്കുമ്പോള്‍ മാത്രമേ മേഖലക്ക് ശക്തിയുണ്ടാവുകയുള്ളു. തർക്കങ്ങൾ കുറച്ചു മാത്രമാണുള്ളത്. പൊതുവായ വെല്ലുവിളികൾ ഉള്ള സമയത്ത് തർക്കങ്ങളിലേർപ്പെടുന്നത് നല്ലതല്ലെന്നും പോംപിയോ അഭിപ്രായപ്പെട്ടു.

തുടര്‍ന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായി പോംപിയോ കൂടിക്കാഴ്ച്ച നടത്തി. ഉപരോധം തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ കൂടിക്കാഴ്ച്ചയില്‍ നടന്നതായാണ് സൂചന.

ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിൻറ ഭാഗമയാണ് പോംപിയോയുടെ മിഡിൽ ഈസ്റ്റ് സന്ദര്‍ശനമെന്ന് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച കെയ്റോയിൽ നടന്ന ചടങ്ങിലും പോംപിയോ ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കേണ്ടതിൻറ പ്രാധാന്യം എടുത്ത് പറഞ്ഞിരുന്നു

Tags:    

Similar News