ദേശീയ കായിക ദിനം ആഘോഷിച്ച് ഖത്തര്‍
ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ 2011ലാണ് എല്ലാ ഫെബ്രുവരിയിലെയും രണ്ടാമത്തെ ചൊവ്വാഴ്ച്ച ദേശീയ കായിക ദിനമായി കൊണ്ടാടാന്‍ തീരുമാനിച്ചത്
പൊതുജനങ്ങളില്‍ കായിക ക്ഷമതയുടെ പ്രാധാന്യം വിളിച്ചോതി ഖത്തര്‍ മറ്റൊരു ദേശീയ കായിക ദിനം കൂടി ആഘോഷിച്ചു. സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും സംഘടനകളും പ്രവാസി സമൂഹങ്ങളും കായിക മത്സരങ്ങളും വിവിധ ചടങ്ങുകളും സംഘടിപ്പിച്ചു. കന്നി ഏഷ്യാകപ്പ് നേടിയതിന് തൊട്ടുപിന്നാലെയാണ് ഖത്തറില്‍ ഇത്തവണത്തെ കായിക ദിനമെത്തിയത്.
ഏഷ്യാ കപ്പ് വിജയത്തിന്റെ പശ്ചാതലത്തില്‍ മുന്‍ വര്‍ഷങ്ങളിലേക്കാള്‍ അത്യാവേശത്തോട് കൂടിയാണ് ജനങ്ങള്‍ കായിക ദിനത്തിന്‍റെ ഭാഗമായത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കായിക മത്സരങ്ങളും വ്യത്യസ്തങ്ങളായ കായിക പ്രകടനങ്ങളും അരങ്ങേറി. വിവിധ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.
ആസ്പയര്‍ സോണ്‍, കോര്‍ണിഷ്, ഖത്തര്‍ ഫൌണ്ടേഷന്‍, ഖത്തര്‍ സര്‍വകലാശാല, കത്താറ തുടങ്ങിയ ഇടങ്ങളിലായിരുന്നു പ്രധാന ചടങ്ങുകള്‍. കത്താറയിലും ആസ്പയര്‍ സോണിലുമാണ് ആളുകള്‍ കൂടുതലായുമെത്തിയത്.
പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭിന്നേശേഷിയുള്ളവര്‍ക്കും വെവ്വേറെ മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്ന മന്ത്രാലയത്തിന്‍റെ നിര‍്ദേശമനുസരിച്ചാണ് ചടങ്ങുകള്‍ ഒരുക്കിയത്. മന്ത്രിമാരുള്‍പ്പെടെയുള്ള ഉന്നത വ്യക്തിത്വങ്ങള്‍ വിവിധയിടങ്ങളില്‍ പരിപാടികളില്‍ പങ്കെടുത്തു.
വിവിധ പ്രവാസി സമൂഹങ്ങളും വ്യത്യസ്തമായ കായികാഘോഷങ്ങളുമായി ദിനത്തിന്‍റെ ഭാഗമായി. ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ 2011ലാണ് എല്ലാ ഫെബ്രുവരിയിലെയും രണ്ടാമത്തെ ചൊവ്വാഴ്ച്ച ദേശീയ കായിക ദിനമായി കൊണ്ടാടാന്‍ തീരുമാനിച്ചത്. മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയാണ് ഖത്തര്‍ കായിക ദിനത്തെ വരവേറ്റത്