കണ്ണൂര്‍ - ദോഹ സെക്ടറില്‍ കൂടുതല്‍ സര്‍വീസിനൊരുങ്ങി വിമാന കമ്പനികള്‍
യാത്രക്കാരില്‍ നിന്നും മികച്ച പ്രതികരണം ലഭിക്കുന്നതാണ് കമ്പനികളെ കണ്ണൂരിലേക്ക് ആകര്‍ഷിക്കുന്നത്
കണ്ണൂര്‍-ദോഹ സെക്ടറില്‍ കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങാനൊരുങ്ങി വിമാനക്കമ്പനികള്‍. എയര്‍ ഇന്ത്യാ എക്സ്പ്രസിന്‍റെ പുതിയ സര്‍വീസ് ഏപ്രില്‍ ആദ്യ വാരം മുതല്‍ ആരംഭിക്കും. സ്വകാര്യ കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ കണ്ണൂര്‍ - ദോഹ പ്രതിദിന സര്‍വീസ് മാര്‍ച്ചിലും തുടങ്ങും.
ആഴ്ചയില്‍ നാല് സര്‍വീസുകളാണ് എയര്‍ ഇന്ത്യാ എക്സ്പ്രസ് നിലവില്‍ ദോഹ കണ്ണൂര്‍ റൂട്ടില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് അഞ്ചായി വര്‍ധിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ഏപ്രില്‍ ആദ്യ വാരം മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുക. ഇതോടെ കണ്ണൂരില്‍ നിന്ന് ദോഹയിലേക്കും തിരിച്ചും ആഴ്ചയില്‍ അഞ്ച് എയര്‍ഇന്ത്യാ സര്‍വീസുകളുണ്ടാകും.
ശനി തിങ്കള്‍, ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും സര്‍വീസുകള്‍. ഈ റൂട്ടില്‍ യാത്രാ നിരക്ക് കുറയ്ക്കുന്ന കാര്യവും കമ്പനി പരിഗണിക്കുന്നുണ്ട്. ഇതിനിടെയാണ് കണ്ണൂര്‍ ദോഹ സെക്ടറില്‍ പ്രതിദിന സര്‍വീസ് തുടങ്ങാന്‍ സ്വകാര്യ എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോ തീരുമാനിച്ചിരിക്കുന്നത്.
മാര്‍ച്ച് 15 മുതലാണ് സര്‍വീസ് തുടങ്ങുക. ദോഹയില്‍ നിന്നും രാത്രി 10.05ന് പുറപ്പെട്ട ഇന്ത്യന്‍ സമയം രാവിലെ 4.55 ന് കണ്ണൂരില്‍ എത്തിച്ചേരുകയും തിരിച്ച് രാവിലെ 7.05 ന് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് ഖത്തര്‍ സമയം രാവിലെ 9.05 ന് ദോഹയില്‍ എത്തിച്ചേരുന്ന നിലയിലാണ് പ്രതിദിന സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
ഇന്‍ഡിഗോയുടെ ദോഹയില്‍ നിന്നുള്ള ഒമ്പതാമത്തെ സര്‍വീസാണിത്. കണ്ണൂരിലേക്കുള്ള സര്‍വീസുകള്‍ക്ക് യാത്രക്കാരില്‍ നിന്നും മികച്ച പ്രതികരണം ലഭിക്കുന്നതാണ് കമ്പനികളെ ആകര്‍ഷിക്കുന്നത്.