ആരോഗ്യസംരക്ഷണ മേഖലയില്‍ മികച്ച നേട്ടം കെെവരിച്ച് ഖത്തര്‍
മധ്യപൂർവേഷ്യയില്‍ ആരോഗ്യ സുരക്ഷാ രംഗത്ത് ഏറ്റവും കൂടുതല്‍ തുക വിനിയോഗിച്ച രാജ്യമാണ് ഖത്തര്‍
ആരോഗ്യസംരക്ഷണ രംഗത്ത് മികച്ച നേട്ടവുമായി ഖത്തര്‍. ലണ്ടന്‍ ആസ്ഥാനമായ ഏജന്‍സി പുറത്തിറക്കിയ ആഗോള ക്ഷേമ സൂചികാ റിപ്പോര്‍ട്ടിലെ ആരോഗ്യ റാങ്കിങില്‍ ഖത്തര്‍ അഞ്ചാം സ്ഥാനം സ്വന്തമാക്കി.
ലണ്ടന്‍ ആസ്ഥാനമായ ലെഗാറ്റം ഇന്‍സ്റ്റിട്ട്യൂട്ട് പ്രസിദ്ധീകരിച്ച പന്ത്രണ്ടാമത് ക്ഷേമ സൂചികാ റിപ്പോര്‍ട്ടിലാണ് ഖത്തര്‍ മികച്ച നേട്ടം സ്വന്തമാക്കിയത്. ആരോഗ്യസംരക്ഷണ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍, സംവിധാനങ്ങള്‍, ഈ രംഗത്ത് നടത്തുന്ന നിക്ഷേപം തുടങ്ങി 104 വ്യത്യസ്ത ഘടകങ്ങള്‍ വിലയിരുത്തിയാണ് റാങ്കിങ് തയ്യാറാക്കിയത്.
കഴിഞ്ഞ വര്‍ഷം ഇതേ റിപ്പോര്‍ട്ടില്‍ പതിമൂന്നാം റാങ്കായിരുന്നു ഖത്തറിന്. റാങ്കിങില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ മറ്റൊരു ഗള്‍ഫ് രാജ്യവുമില്ലെന്നതും ഖത്തറിന് നേട്ടമാണ്.
പൊതുജനാരോഗ്യ മേഖലയ്ക്ക് രാജ്യം എത്രമാത്രം പ്രാധാന്യം നല്‍കുന്നുണ്ടെന്നതിന്‍റെ തെളിവാണ് നേട്ടമെന്ന് ആരോഗ്യ മന്ത്രി ഡോ ഹനാന്‍ അല്‍ കുവാരി പറഞ്ഞു. കഴിഞ്ഞ ബജറ്റില്‍ 2270 കോടി റിയാലാണ് ആരോഗ്യമേഖലയുടെ വികസനത്തിനായി സര്‍ക്കാര്‍ നീക്കിവെച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ നാല് ശതമാനം അധിക നീക്കിയിരുപ്പാണിത്.
മധ്യപൂർവേഷ്യയില്‍ ആരോഗ്യ സുരക്ഷാ രംഗത്ത് ഏറ്റവും കൂടുതല്‍ തുക വിനിയോഗിച്ച രാജ്യമാണ് ഖത്തര്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനകം പുതിയ പൊതുമേഖലാ ആശുപത്രികളും 1,100ലേറെ കിടക്കകളുമാണ് പുതുതായി ഖത്തറില്‍ സ്ഥാപിച്ചത്. പുതിയ നാല് ഹെല്‍ത്ത് ആൻറ് വെല്‍നസ് സെൻററുകളും തുറന്നു.
സിംഗപ്പൂരാണ് റാങ്കിങില്‍ ഒന്നാമത്. ലക്സംബര്‍ഗ്, ജപ്പാന്‍, സ്വിറ്റ്സര്‍ലണ്ട് യഥാക്രമം നാല് വരെ സ്ഥാനങ്ങളിലുണ്ട്.