2022 ഖത്തര്‍ ലോകകപ്പ്; കുവൈത്തിനെയും ഒമാനെയും കൂടി ആതിഥേയരാക്കാന്‍ തീരുമാനമായിട്ടില്ല
ഈ മാസം അമേരിക്കയിലെ മിയാമിയില്‍ ചേരുന്ന ഫിഫ ഉന്നതാധികാര സമിതി ടീമുകളുടെ എണ്ണം കൂട്ടുന്ന കാര്യം ചര്‍ച്ച ചെയ്യും
2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ ആതിഥേയത്വത്തില്‍ കുവൈത്തിനെയും ഒമാനെയും കൂടി പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ ഇതുവരെ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് ഖത്തര്‍. ഖത്തര്‍ നടത്തുന്ന സാധ്യതാപഠന റിപ്പോര്‍ട്ട് പരിഗണിച്ച് മാത്രമെ ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്നും ഖത്തര്‍ ലോകകപ്പ് പ്രോജക്ട് സി.ഇ.ഒ നാസര്‍ അല്‍ ഖാത്തിര്‍ പറഞ്ഞു.
ബി ഇന്‍ സ്പോര്‍ട്സ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഖത്തര്‍ ലോകകപ്പ് പദ്ധതികളുടെ സി.ഇ.ഒ നാസര്‍ അല്‍ ഖാത്തിറാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022 ലോകകപ്പ് ഫുട്ബോളിന്‍റെ ആതിഥേയത്വത്തില്‍ ഖത്തറിനൊപ്പം ഒമാനും കുവൈത്തും കൂടി പങ്കാളികളാകുമെന്ന മാധ്യമവാര്‍ത്തകള്‍ വസ്തുതാപരമല്ല. ഇക്കാര്യത്തില്‍ ഇതുവരെ ഫിഫയും ഖത്തറും അന്തിമ തീരുമാനമെടുത്തിട്ടില്ല. ടീമുകളുടെ എണ്ണം 32ല്‍ നിന്നും 48 ആക്കി ഉയര്‍ത്തിയാല്‍ മാത്രമേ വേദികള്‍ പങ്കുവെക്കുന്ന കാര്യം ആലോചിക്കേണ്ടതുള്ളൂ.
ഈ മാസം അമേരിക്കയിലെ മിയാമിയില്‍ ചേരുന്ന ഫിഫ ഉന്നതാധികാര സമിതി ടീമുകളുടെ എണ്ണം കൂട്ടുന്ന കാര്യം ചര്‍ച്ച ചെയ്യും. അതിന് ശേഷം മാത്രമേ ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനങ്ങളുണ്ടാകൂ. ഖത്തര്‍ ലോകകപ്പിന്‍റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി നടത്തുന്ന സാധ്യത പഠന റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷം മാത്രമേ എല്ലാ കാര്യങ്ങളിലും ഫിഫ തീരുമാനമെടുക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഫിഫയിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ചില അന്തര്‍ദേശീയ മാധ്യമങ്ങളാണ് കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നത്. ഫിഫ പ്രസിഡന്‍റ് കഴിഞ്ഞ മാസം കുവൈത്ത്, ഒമാന്‍ ഭരണാധികാരികളെ സന്ദര്‍ശിച്ചത് ഈ ലക്ഷ്യം വെച്ചായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു