യമനില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; നാല്‍പത് ഹൂതികളെ വധിച്ചു
യമന്‍ സമാധാന ചര്‍ച്ച തുടങ്ങാനിരിക്കെ യമനില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ നാല്‍പതിലേറെ ഹൂതികളെ വധിച്ചു. ഇതിന് പിന്നാലെ ഹൂതികള്‍ സൗദിയിലെ ജിസാനിലേക്ക് നടത്തിയ മിസൈലാക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സമാധാന ചര്‍ച്ചക്കുള്ള ശ്രമം തുടരുകയാണ്.
ഹുദൈദ തുറമുഖം മോചിപ്പിക്കാന്‍ കരമാര്‍ഗം മുന്നേറുകയാണ് യമന്‍ സൈന്യം. വ്യോമാക്രമണത്തിലൂടെ ഇതിന് പിന്തുണ നല്‍കുന്നുണ്ട് സൗദി സഖ്യസേന. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ നാല്‍പതിലേറെ ഹൂതികളെ വധിച്ചതായി യമന്‍ സൈന്യം അറിയിച്ചു. ഇതിനിടെ സൗദിയിലെ ജിസാന്‍ ലക്ഷ്യമാക്കിയെത്തിയ ഹൂതി മിസൈല്‍ പതിച്ച് വീട് തകര്‍ന്നു. യമന്‍ യുവതിക്കും സൗദി പൌരനും പരിക്കേറ്റു. ഇതിനിടെ സമാധാന ചര്‍ച്ചകള്‍ക്കുള്ള ശ്രമം യുഎന്‍ മധ്യസ്ഥന്‍ മാര്‍ട്ടിന്‍ ഗ്രിഫിതത് തുടരുകയാണ്. ചര്‍ച്ചക്ക് എല്ലാ വിഭാഗവും സമ്മതം അറിയിച്ചിട്ടുണ്ട്. സൗദിയില്‍ കഴിയുന്ന യമന്‍ പ്രസിഡണ്ട് അബ്ദു റബ്ബ് മന്‍സൂര്‍ ഹാദി, യമന്‍ ഭരണകൂടം, ഹൂതി നേതൃത്വം, സൗദി അറേബ്യ, യുഎഇ എന്നിവരുമായി ചര്‍ച്ച തുടരുകയാണ് ദൂതന്‍.