അക്കൗണ്ട് തുറക്കും മുമ്പെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം; ഗിൽ ഡക്ക്

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു

Update: 2021-02-13 04:44 GMT

ചെന്നൈ: ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഓപണർ ശുഭ്മാൻ ഗിൽ പൂജ്യത്തിന് പുറത്ത്. രണ്ടാം ഓവറിലെ മൂന്നാം പന്തിലാണ് ഗിൽ പുറത്തായത്. ഒല്ലി സ്റ്റോൺ വിക്കറ്റിന് മുമ്പിൽ കുടുക്കുകയായിരുന്നു. അക്കൗണ്ട് തുറക്കും മുമ്പാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്.

എട്ട് ഓവർ അവസാനിക്കുമ്പോൾ ഒരു വിക്കറ്റിന് 29 എന്ന നിലയിലാണ് ഇന്ത്യ. 23 റൺസുമായി രോഹിത് ശർമ്മയും ആറു റൺസുമായി ചേതേശ്വർ പുജാരയുമാണ് ക്രീസിൽ.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റിലെ കനത്ത തോൽവിക്ക് ശേഷം ജയം മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യയിറങ്ങുന്നത്. എംഎ ചിദംബരം സ്‌റ്റേഡിയത്തിൽ നിയന്ത്രണങ്ങളോടെ കാണികൾക്ക് പ്രവേശം അനുവദിച്ചിട്ടുണ്ട്.

Advertising
Advertising

ഇന്ത്യയുടെ ആദ്യ ഇലവനിൽ മുഹമ്മദ് സിറാജ്, അക്‌സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ ഇടംപിടിച്ചു. ബുംറ, നദീം, വാഷിങ്ടൺ സുന്ദർ എന്നിവർക്ക് വിശ്രമം അനുവദിച്ചു.

ഇംഗ്ലണ്ട് നിരയിൽ ജോസ് ബട്‌ലർക്ക് പകരം വിക്കറ്റ് കീപ്പറായി ബെൻ ഫോക്‌സ് ഇറങ്ങും. ജോഫ്ര ആർച്ചർക്ക് പകരം മുഈൻ അലിയും ജെയിംസ് ആൻഡേഴ്‌സണ് പകരം സ്റ്റുവർട്ട് ബോർഡും കളിക്കും.

ആദ്യ ടെസ്റ്റിൽ 227 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. നാലു വർഷത്തിന് ശേഷമാണ് ഇന്ത്യ ഹോം ഗ്രൗണ്ടിൽ തോൽക്കുന്നത്. 2017 ഫെബ്രുവരിയിൽ ഓസീസിനെതിരെയായിരുന്നു ഇതിന് മുമ്പുള്ള തോൽവി. ഇതോടെ നാലു ടെസ്റ്റുകളടങ്ങുന്ന പരമ്പരയിൽ ഇന്ത്യ പിന്നിലായി.

Tags:    

Similar News