ഐ.എസ്.എല്‍ മൂന്നാം സീസണിന് നാളെ തുടക്കം
കേരള ബ്ലാസ്റ്റേഴ്സും സ്വന്തം തട്ടകത്തില്‍ ഭാഗ്യ പരീക്ഷണത്തിനിറങ്ങുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലാണ് ആദ്യ പോരാട്ടം
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്റെ മൂന്നാം സീസണിന് നാളെ ഗ്വാഹത്തിയില്‍ തുടക്കമാകും. കേരള ബ്ലാസ്റ്റേഴ്സും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലാണ് ഉദ്ഘാടന മത്സരം. സരുസജായ് സ്പോര്‍ട്സ് കോംപ്ളക്സിലെ ഇന്ദിര ഗാന്ധി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക.
ഇനിയുള്ള രണ്ടര മാസക്കാലം ഇന്ത്യയിലെ കായിക പ്രേമികള്‍ ഫുട്ബോള്‍ ലഹരിയിലാകും. എട്ട് ടീമുകള്‍ മാറ്റുരുക്കുന്ന ടൂര്‍ണമെന്‍റ് ആവേശകരമാക്കാനുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ് സംഘാടകര്‍. രാജ്യത്തിന്റെ ഇങ്ങേയറ്റത്തുള്ള കേരള ബ്ലാസ്റ്റേഴ്സും സ്വന്തം തട്ടകത്തില്‍ ഭാഗ്യ പരീക്ഷണത്തിനിറങ്ങുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലാണ് ആദ്യ പോരാട്ടം. കഴിഞ്ഞ സീസണിലെ മോശം പ്രകടനങ്ങളില്‍ നിന്ന് കരകയറാമെന്ന പ്രതീക്ഷയിലാണ് ഇരു ടീമുകളും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഫുട്ബോളിനോടുള്ള അഭിനിവേശം കണക്കിലെടുത്താണ് സംഘാടകര്‍ ഉദ്ഘാടന ചടങ്ങുകള്‍ ഗുവാഹത്തിയിലാക്കിയത്. വിവിധ കലാരൂപങ്ങള്‍ അണിനിരക്കുന്ന ചടങ്ങിനു ഗ്ലാമർ പകരാൻ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, വരുണ്‍ ധവാന്‍ തുടങ്ങിയവരുണ്ടാകും. അഞ്ഞൂറോളം കലാകാരന്‍മാരാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്. അഞ്ച് മുപ്പതിന് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും.