സി കെ വിനീതിന്റെ ജന്മനാട് ഒന്നിച്ചിരുന്ന് കളികണ്ടു; കണ്ണീരോടെ മടങ്ങി

Update: 2018-06-05 13:40 GMT
Editor : Sithara
സി കെ വിനീതിന്റെ ജന്മനാട് ഒന്നിച്ചിരുന്ന് കളികണ്ടു; കണ്ണീരോടെ മടങ്ങി

ഈറനണിഞ്ഞ കണ്ണുകളുമായാണ് കണ്ണൂര്‍ വട്ടിപ്രം ഗ്രാമവും ഇന്നലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിനൊടുവില്‍ വീട്ടിലേക്ക് മടങ്ങിയത്.

Full View

ആയിരക്കണക്കിന് മലയാളി ഫുട്ബോള്‍ ആരാധകര്‍ക്കൊപ്പം ഈറനണിഞ്ഞ കണ്ണുകളുമായാണ് കണ്ണൂര്‍ വട്ടിപ്രം ഗ്രാമവും ഇന്നലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിനൊടുവില്‍ വീട്ടിലേക്ക് മടങ്ങിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷയായിരുന്ന സി കെ വിനീതിന്റെ ജന്മനാട് ഒന്നടങ്കം ഇന്നലെ കളികാണാന്‍ നാട്ടില്‍ ഒത്തുചേര്‍ന്നിരുന്നു.

വട്ടിപ്രം ഗ്രാമത്തിന്റെ കണ്ണും മനസും ആ പതിമൂന്നാം നമ്പര്‍ ജേഴ്സിയിലായിരുന്നു. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ച തങ്ങളുടെ പ്രിയപ്പെട്ട വിനീതിന്റെ ഫൈനല്‍ മത്സരം കാണാന്‍ ഒരു നാട് മുഴുവന്‍ ഒഴുകിയെത്തി. ചെണ്ട മേളങ്ങളും വെടിക്കെട്ടും തോരണങ്ങളുമെല്ലാമായി ഉത്സവഛായയിലായിരുന്നു നാട്. നാട്ടുകാര്‍ക്കൊപ്പം കളികാണാന്‍ വിനീതിന്റെ മാതാപിതാക്കളും ഭാര്യയും പ്രത്യേകം തയ്യാറാക്കിയ സ്ക്രീനിന് മുന്നിലെത്തിയിരുന്നു. കളിയുടെ ആദ്യ മിനിട്ടുകളില്‍ വിനീതിന്റെ മുന്നേറ്റത്തെ അവര്‍ ആകാശം മുട്ടുന്ന ആവേശത്തോടെയാണ് എതിരേറ്റത്.

എക്സ്ട്രാ ടൈമും പിന്നിട്ട് കളി പെനാല്‍റ്റി ക്വിക്കിലേക്ക് നീണ്ടപ്പോഴും അവര്‍ പ്രതീക്ഷ കൈവിട്ടില്ല. പക്ഷെ പെനല്‍റ്റി ക്വിക്കിന്റെ ഭാഗ്യക്കേടിന് മുന്നില്‍ ആയിരക്കണക്കിന് കേരള ഫുട്ബോള്‍ ആരാധകര്‍ക്കൊപ്പം അവരും നിശബ്ദരായി. എന്തായാലും കേരള ഫുട്ബോളിന്റെ വരും നാളുകളില്‍ സി കെ വിനീത് മികച്ച പ്രകടനം പുറത്തെടുക്കുക തന്നെ ചെയ്യുമെന്ന പ്രതീക്ഷയിലാണ് ജന്മനാട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News