ഇംഗ്ലണ്ടോ, ക്രൊയേഷ്യയോ? ഫ്രാന്‍സിന്റെ എതിരാളികളെ ഇന്നറിയാം
രാത്രി 11.30 ന് നടക്കുന്ന സെമി പോരാട്ടത്തില്‍ ഇംഗ്ലണ്ടും ക്രൊയേഷ്യയും ഏറ്റുമുട്ടും
ലോകകപ്പ് രണ്ടാം ഫൈനലിസ്റ്റുകളെ ഇന്നറിയാം. രാത്രി 11.30 ന് നടക്കുന്ന സെമി പോരാട്ടത്തില്‍ ഇംഗ്ലണ്ടും ക്രൊയേഷ്യയും ഏറ്റുമുട്ടും. മോസ്കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തിലാണ് മത്സരം. ജയിക്കുന്നവര്‍ ഫൈനലില്‍ ഫ്രാന്‍സിനെ നേരിടും.
ശക്തമായ ഒരു പോരാട്ടത്തിനാകും ഇന്ന് ലോകകപ്പ് വേദിയാകുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരുടെ നിരയുമായി എത്തുന്ന ഇംഗ്ലണ്ടും, വലിയൊരു അട്ടിമറിയിലൂടെ കിരീടത്തിലേക്ക് ഒരു പടി കൂടി അടുക്കാനെത്തുന്ന ക്രൊയേഷ്യയും. ടീമിന്റെ കരുത്തില്‍ ഇംഗ്ലണ്ടിന് മേധാവിത്വമുണ്ടെങ്കിലും ക്രൊയേഷ്യന്‍ വീര്യത്തെ തള്ളിക്കളയാനുമാകില്ല. ഇതുവരെ എല്ലാ മത്സരങ്ങളും വിജയിച്ചെത്തുന്ന ക്രോട്ടുകള്‍ ആക്രമണത്തിന് പ്രാമുഖ്യം നല്‍കുന്നു. മികച്ചൊരു ഗോള്‍കീപ്പറും അവകാശപ്പെടാനുണ്ട്. എന്നാല്‍ പ്രതിരോധത്തിലെ പാളിച്ചകള്‍ ഇന്ന് തിരിച്ചടിയാകുമോ എന്ന് കണ്ടറിയാം. ലൂക്കാ മോഡ്രിച്ചും ഇവാന്‍ റാകിടിച്ചും ഉള്‍പ്പെടുന്ന മുന്നേറ്റ നിര ശക്തമാണ്.
മറുവശത്ത് ഹാരി കെയ്നിന്റെ കീഴില്‍ എത്തുന്ന ഇംഗ്ലീഷ് പട ഇത്തവണ കിരീടം നേടിയാല്‍ അത്ഭുതപ്പെടേണ്ട. കാരണം ആക്രമണവും മധ്യനിരയും അത്രയും ശക്തമാണ്. 11 പേര്‍ കളത്തിലിറങ്ങിയാലും ഇനിയുമൊരു ടീമിന് വേണ്ട സൂപ്പര്‍ താരങ്ങള്‍ പുറത്തിരിക്കുന്ന സ്ഥിതിയാണ്. ദെലെ അലി, റഹീം സ്റ്റര്‍ലിങ്ങ്, മാര്‍കസ് റാഷ്ഫോര്‍ഡ്, ആഷ്‍ലി യങ്ങ് തുടങ്ങിയ നീണ്ടനിര തന്നെയുണ്ട്. കൊളംബിയക്കും സ്വീഡനും എതിരെ ഇറക്കിയ അതേ താരങ്ങളെ തന്നെയാകും ഇന്നും ഇറക്കിയേക്കുക. ലോകകപ്പില്‍ ഇതാദ്യമായാണ് ഇരുടീമും നേര്‍ക്കുനേര്‍ വരുന്നത്.