താൻ രാഷ്ട്രീയത്തിലിറങ്ങുമോ..? ഗൗതം ഗംഭീറിന്റെ മറുപടി ഇങ്ങനെയാണ്...
വാഗ്ദാനങ്ങളില്‍ താന്‍ വിശ്വസിക്കുന്നില്ല. വ്യക്തിപരമായി, വാക്ക് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നിറവേറ്റാന്‍ ശ്രമിക്കുമെന്നും ഗംഭീര്‍ പറഞ്ഞു
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ഒരുപാട് അഭ്യൂഹങ്ങളാണ് മുന്‍ ഇന്ത്യന്‍ താരം ഗൌതം ഗംഭീറിന്‍റെ പേരില്‍ ഉയരുന്നത്. ഗംഭീര്‍ രാഷ്ട്രീയത്തിലിറങ്ങുന്നുവെന്നും അടുത്ത ലോകസഭ ഇലക്ഷനില്‍ മത്സരിക്കുമെന്ന് വരെ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനെല്ലാം ഉത്തരവുമായി ഗംഭീര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് താന്‍ ചിന്തിച്ചിട്ടില്ലെന്നാണ് ഗംഭീര്‍ പറയുന്നത്. എന്നാല്‍, അതിന് ശേഷം അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ രാഷ്ട്രീയ പ്രവേശനത്തിനുള്ള സൂചനകള്‍ നല്‍കുന്നവയാണ്. "തല്‍ക്കാലം അതിനെക്കുറിച്ചൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. പക്ഷെ, അങ്ങിനെ സംഭവിക്കുകയാണെങ്കില്‍ ഒരിക്കലും ഗൗതം ഗംഭീര്‍ എന്ന ക്രിക്കറ്റ് താരത്തിനോ വ്യക്തിക്കോ വോട്ട് ചെയ്യരുത്. പകരം ഗൗതം ഗംഭീര്‍ എന്നയാളില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍, നിങ്ങളുടെ ജീവിതത്തില്‍ മാറ്റം കൊണ്ട് വരാന്‍ സാധിക്കുമെന്ന് വിശ്വസിക്കുമെങ്കില്‍ മാത്രം വോട്ട് ചെയ്യാം."
താന്‍ ഒരു അധികാര മോഹിയല്ലെന്നും എന്തെല്ലാം നല്ല മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കുമെന്നതിനെക്കുറിച്ച് ആലോചിക്കുന്ന ഒരാളാണെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു. നുണ പറയാനോ എന്തിനെങ്കിലും വേണ്ടി ആളുകളെ വൈകാരികമാക്കാനോ ശ്രമിക്കാന്‍ താല്‍പര്യമില്ല. വാഗ്ദാനങ്ങളില്‍ താന്‍ വിശ്വസിക്കുന്നില്ല. വ്യക്തിപരമായി, വാക്ക് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നിറവേറ്റാന്‍ ശ്രമിക്കുമെന്നും ഗംഭീര്‍ പറഞ്ഞു.