ബാഴ്‌സയുടെ അപ്പീൽ തള്ളി; എൽ ക്ലാസിക്കോയിൽ സൂപ്പർ താരം കളിക്കില്ല

ഒക്ടോബർ ആറിന് സെവിയ്യക്കെതിരായ മത്സരത്തിന്റെ 88-ാം മിനുട്ടിലാണ് ഡെംബലെ ചുവപ്പുകാർഡ് കണ്ടത്.

Update: 2019-10-10 08:48 GMT

ഒക്ടോബർ 26-ന് റയൽ മാഡ്രിഡിനെതിരെ നടക്കുന്ന സ്പാനിഷ് ലീഗ് മത്സരത്തിനുള്ള ബാഴ്‌സലോണ സംഘത്തിൽ മുന്നേറ്റതാരം ഉസ്മാൻ ഡെംബലെ ഉണ്ടാവില്ല. സെവിയ്യക്കെതിരായ മത്സരത്തിൽ റഫറിയോട് കയർത്തതിന് ചുവപ്പുകാർഡ് കണ്ട ഫ്രഞ്ച് താരത്തിനു വേണ്ടി ബാഴ്‌സ അപ്പീൽ നൽകിയിരുന്നെങ്കിലും മാച്ച് റഫറിയുടെ തീരുമാനം പുനഃപരിശോധിക്കാൻ കോമ്പറ്റീഷൻ കമ്മിറ്റി തയ്യാറായില്ല.

ഒക്ടോബർ ആറിന് സെവിയ്യക്കെതിരായ മത്സരത്തിന്റെ 88-ാം മിനുട്ടിലാണ് ഡെംബലെ ചുവപ്പുകാർഡ് കണ്ടത്. 22-കാരനായ താരം തന്നോട് മോശമായി പെരുമാറിയെന്നും കൈചൂണ്ടി 'നിങ്ങൾ മോശം ആളാണ്, വളരെ വളരെ വളരെ മോശം' എന്നു പറഞ്ഞുവെന്നും മത്സരം നിയന്ത്രിച്ചിരുന്ന റഫറി ആന്റോണിയോ മാത്യു മാച്ച് റിപ്പോർട്ടിൽ രേഖപ്പെടുത്തി. ഡെംബലെക്ക് സ്പാനിഷ് ഭാഷ അറിയില്ലെന്നു പറഞ്ഞ് ലയണൽ മെസ്സി റഫറിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. സെവിയ്യക്കെതിരെ ഒരു ഗോൾ നേടിയിരുന്ന താരത്തിന് രണ്ട് മത്സരത്തിലാണ് പുറത്തിരിക്കേണ്ടി വരിക.

Advertising
Advertising

റഫറി പറഞ്ഞതുപോലെ ദീർഘമായ ഒരു വാചകം ഡെംബലെ സ്പാനിഷ് ഭാഷയിൽ പറയുമെന്ന് താൻ കരുതുന്നില്ലെന്ന് ബാഴ്‌സലോണ കോച്ച് ഏണസ്‌റ്റോ വൽവെർദെ പറഞ്ഞു. എട്ട് റൗണ്ട് മത്സരങ്ങൾ പിന്നിട്ടപ്പോൾ 16 പോയിന്റുമായി ബാഴ്‌സലോണ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്. 18 പോയിന്റുമായുള്ള റയൽ മാഡ്രിഡുമായി സ്വന്തം തട്ടകമായ ക്യാംപ്‌നൗവിലാണ് ബാഴ്‌സ ഏറ്റുമുട്ടുന്നത്.

Tags:    

Similar News