മൂന്നടിയിൽ വീണു; മെട്രോപൊളിറ്റാനോയില്‍ അത്‍ലറ്റിക്കോയെ നാണംകെടുത്തി ബാഴ്സ

നിഹ്വല്‍ മൊളീനക്കും ചാവി ഹെര്‍ണാണ്ടസിനും ചുവപ്പ് കാര്‍ഡ്

Update: 2024-03-18 05:39 GMT
Advertising

മാഡ്രിഡ്: മെട്രോപൊളിറ്റാനോ സ്‌റ്റേഡിയത്തിൽ അത്‌ലറ്റിക്കോ ആരാധകർക്ക് ഇന്നലെ കാള രാത്രിയായിരുന്നു. കറ്റാലൻ മുന്നേറ്റങ്ങൾക്ക് മുന്നിൽ ദയനീയമായി തകർന്നടിഞ്ഞ ഗ്രീസ്മാനെയും  സംഘത്തെയും  കണ്ടുനില്‍ക്കാനായിരുന്നു അവരുടെ വിധി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സ്വന്തം തട്ടകത്തിൽ അത്‌ലറ്റിക്കോ തകർന്നടിഞ്ഞത്. ജാവോ ഫെലിക്‌സും റോബർട്ട് ലെവൻഡോവ്‌സ്‌കിയും ഫെർമിൻ ലോപസുമാണ് ബാഴ്‌സക്കായി വലകുലുക്കിയത്. രണ്ട് അസിസ്റ്റും ഒരു ഗോളുമായി കളം നിറഞ്ഞ ലെവന്‍ഡോവ്സ്കിയായിരുന്നു കറ്റാലന്മാരുടെ ഹീറോ. ജയത്തോടെ ജിറോണയെ മറികടന്ന് ബാഴ്സ  പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ മുന്നേറ്റങ്ങളുമായി കളം പിടിച്ചത് അത്‌ലറ്റിക്കോയായിരുന്നു. എന്നാൽ 38ാം മിനിറ്റിൽ ജാവോ ഫെലിക്‌സ് അത്‌ലറ്റിക്കോയെ ഞെട്ടിച്ചു. മൈതാനത്തിന്റെ ഇടതുവിങ്ങിലൂടെ കുതിച്ചു കയറിയ ലെവൻഡോവ്‌സ്‌കി നൽകിയ പന്തിനെ ഗോൾവലയിലേക്ക് തിരിച്ചു വിടേണ്ട പണി മാത്രമായിരുന്നു ഫെലിക്‌സിന്. സ്കോര്‍ 1-0

രണ്ടാം പകുതിയാരംഭിച്ച് രണ്ട് മിനിറ്റ് പിന്നിടും മുമ്പേ ലെവൻഡോവ്‌സ്‌കിയുടെ ഗോളുമെത്തി. അത്‌ലറ്റിക്കോ ഡിഫന്റർ റോഡ്രിഗോ ഡീ പോളിന്റെ കാലിൽ നിന്ന് പന്ത് റാഞ്ചി റഫീഞ്ഞ ലെവൻഡോവ്‌സ്‌കിക്ക് നൽകുന്നു. വലതു വിങ്ങിലൂടെ പാഞ്ഞ് പെനാൽട്ടി ബോക്‌സിലേക്ക് കയറി ലെവൻഡോവ്‌സ്‌കി ഷോട്ടുതിർത്തു. ലക്ഷ്യം തെറ്റാതെ പന്ത് വലയിൽ ചുംബിച്ചു.

രണ്ട് ഗോളിന് പിന്നിലായതോടെ അത്‌ലറ്റിക്കോ ഗോൾ മടക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാരംഭിച്ചു. 52ാം മിനിറ്റിൽ അത്ലറ്റിക്കോ താരങ്ങള്‍ക്ക് ലഭിച്ചൊരു സുവർണാവസരം ബാഴ്സ ഗോള്‍കീപ്പര്‍ ടെർസ്റ്റഗന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ നിഷ്പ്രഭമായി.

65ാം മിനിറ്റിൽ ഫെറാൻ ലോപസ് അത്‌ലറ്റിക്കോയുടെ പെട്ടിയിലെ അവസാന ആണിയടിച്ചു. ഇക്കുറിയും ലെവൻഡോവ്‌സ്‌കിയാരുന്നു ഗോളിന് വഴിതുറന്നത്. വലതു വിങ്ങിൽ നിന്ന് പാസ് സ്വീകരിച്ച് ലെവ ഗോൾമുഖത്തേക്ക് നീട്ടിയടിച്ച ക്രോസ് മനോഹരമായൊരു ഹെഡ്ഡറിലൂടെ ലോപസ് വലയിലാക്കി. മത്സരത്തിന്റെ 94ാം മിനിറ്റിൽ അപകടകരമായൊരു ഫൗളിന് അത്‌ലറ്റിക്കോ താരം നിഹ്വൽ മൊളീന ചുവപ്പ് കാർഡ് കണ്ട്പുറത്തായി. ആദ്യ പകുതിയിൽ മാച്ച് ഒഫീഷ്യലുകളോട് കയർത്തതിന് ബാഴ്‌സലോണ കോച്ച് ചാവി ഹെർണാണ്ടസും ചുവപ്പ് കാര്‍ഡ് കണ്ടിരുന്നു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News