അനായാസം അഫ്ഗാൻ; ശ്രീലങ്കയ്‌ക്കെതിരെ ഏഴ് വിക്കറ്റ് വിജയം

മൂന്ന് അഫ്ഗാൻ താരങ്ങൾക്ക് അർധസെഞ്ച്വറി, ഫസൽ ഹഖ് ഫാറൂഖി നാല് വിക്കറ്റ് വീഴ്ത്തി

Update: 2023-10-30 17:20 GMT
Advertising

പൂനെ: ഏകദിന ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരെയുള്ള നിർണായക പോരിൽ അഫ്ഗാനിസ്ഥാന് അനായാസ വിജയം. ശ്രീലങ്ക മുന്നോട്ട് വെച്ച 242 റൺസ് വിജയലക്ഷ്യം മൂന്ന്‌ വിക്കറ്റ് നഷ്ടത്തിൽ 45.2 ഓവറിൽ ടീം മറികടന്നു. അർധസെഞ്ച്വറി നേടിയ അസ്മത്തുല്ലാഹ് ഒമർസായ്(73) റഹ്മത് ഷാ (62), ഹഷ്മത്തുല്ലാഹ് ഷാഹിദി (58) എന്നിവരുടെ തകർപ്പൻ പ്രകടനമാണ് അഫ്ഗാന് ജയം സമ്മാനിച്ചത്. നാല് വിക്കറ്റ് വീഴ്ത്തിയ ഫസൽ ഹഖ് ഫാറൂഖിയാണ് മത്സരത്തിലെ താരം. വിജയത്തോടെ അഫ്ഗാൻ സെമി സാധ്യത നിലനിർത്തി. 

അഫ്ഗാൻ ഓപ്പണർ റഹ്മാനുല്ലാഹ് ഗുർബാസ് പൂജ്യത്തിന് പുറത്തായപ്പോൾ മറ്റൊരു ഓപ്പണറായ ഇബ്രാഹിം സദ്‌റാൻ (39) റൺസ് നേടി മടങ്ങി. ദിൽഷൻ മധുശനകയാണ് ഇരുവരെയും പറഞ്ഞയച്ചത്. ഗുർബാസിനെ ബൗൾഡാക്കിയപ്പോൾ, സദ്‌റാനെ കരുണരത്‌നയുടെ കൈകളിലെത്തിച്ചു. റഹ്മത് ഷാ കസുൻ രജിതയുടെ പന്തിൽ കരുണരത്‌നെ പിടിച്ച് പുറത്തായി. എന്നാൽ ഷാഹിദിയും ഒമർസായും പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 49.3 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 241 റൺസാണെടുത്തത്. പൂനെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത അഫ്ഗാൻ നായകന്റെ തീരുമാനം ബൗളർമാർ ശരിവെക്കുകയായിരുന്നു. ഫസൽ ഹഖ് ഫാറൂഖിയടക്കമുള്ള അഫ്ഗാൻ ബൗളർമാരെല്ലാം മികച്ച പ്രകടനം നടത്തി.

ആറാം ഓവറിൽ ദിമുത് കരുണരത്‌ന(15)യെ വീഴ്ത്തി ഫസൽ ഹഖ് ഫാറൂഖിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ശ്രീലങ്കയുടെ ടോപ് സ്‌കോററായ പതും നിസങ്ക(46)യെ പറഞ്ഞയച്ച് അസ്മതുല്ലാ ഒമർസായി അതിന് തുടർച്ച നൽകി. റഹ്മാനുല്ലാഹ് ഗുർബാസിന് ക്യാച്ച് നൽകിയായിരുന്നു ശ്രീലങ്കൻ ഓപ്പണറുടെ മടക്കം. തുടർന്ന് പൊരുതിക്കളിച്ച നായകനും വിക്കറ്റ് കീപ്പറുമായ കുസാൽ മെൻഡിസിനെയും (39) സദീര സമരവിക്രമയെയും (36) മുജീബുറഹ്മാൻ പറഞ്ഞയച്ചു. അപകടകാരിയായ ചരിത് അസലങ്ക (22)യെയും അവസാനത്തിൽ തകർത്തടിച്ച മഹീഷ് തീക്ഷണയെയും(29) ഫസൽ ഹഖ് പുറത്താക്കി. എയ്ഞ്ചലോ മാത്യൂസിനെ (23) താരം മുഹമ്മദ് നബിയുടെ കൈകളിലെത്തിച്ചു. പത്ത് ഓവറെറിഞ്ഞ റാഷിദ് ഖാന് ധനഞ്ജയ ഡിസിൽവയുടെ (14) വിക്കറ്റാണ് ലഭിച്ചത്. താരത്തിന്റെ നൂറാം ഏകദിന മത്സരമായിരുന്നു ഇന്ന് കളിച്ചത്. ദുഷ്മന്ത് ചമീരയെ ഇബ്രാഹിം സദ്‌റാനും കസുൻ രജിതയെ ഗുർബാസും റണ്ണൗട്ടാക്കി.

Full View

Afghanistan easily win the crucial match against Sri Lanka in ODI World Cup.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News