പാകിസ്താനെ കറക്കി വീഴ്ത്തി ഇന്ത്യ; കുൽദീപ് യാദവിന് നാല് വിക്കറ്റ്
ദുബൈ: ഏഷ്യ കപ്പ് ഫൈനലിൽ പാകിസ്താനെതിരെ ഇന്ത്യക്ക് 147 റൺസ് വിജയലക്ഷ്യം. പാകിസ്താൻ മധ്യനിരയെ കറക്കി വീഴ്ത്തിയ ഇന്ത്യൻ ബോളർമാർ 146 റൺസിന് എതിരാളികളെ ഓൾ ഔട്ട് ആക്കി. കുൽദീപ് യാദവിന് നാലു വിക്കറ്റ്. അക്‌സർ പട്ടേലിനും വരുൺ ചക്രവർത്തിക്കും, ബുമ്രക്കും രണ്ട് വീതം വിക്കറ്റുകൾ. പാകിസ്താന് വേണ്ടി ഓപ്പണർമാരായ ഫഖർ സമാനും (46) ഷാഹിബ്‌സാദ ഫർഹാനും (57) മാത്രമാണ് മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചത്.
ഏഷ്യ കപ്പ് ഫൈനലിൽ പാകിസ്താനെതിരെ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. പരിക്കേറ്റ ഹർദിക് പാണ്ട്യക്ക് പകരം റിങ്കു സിങാണ് കളിച്ചത്. പേസ് ഡിപ്പാർട്മെന്റ് നയിക്കാൻ ജസ്പ്രീത് ബുംറ മാത്രം. ശിവൻ ദുബെ ടീമിലേക്ക് തിരികെയെത്തി. കൂടാതെ കഴിഞ്ഞ മത്സരത്തിൽ കളിച്ച ആർഷ്ദീപ് സിങ്ങും, ഹർഷിത് റാണയും ടീമിലില്ല. മറുഭാഗത്ത് ബംഗ്ലാദേശിനെതിരെ കളിച്ച ടീമിൽനിന്നും മാറ്റങ്ങളില്ലാതെയാണ് പാക്കിസ്ഥാൻ ഇറങ്ങിയത്.
ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് നല്ല തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ ഫഖർ സമാനും ഷാഹിബ്‌സാദ ഫർഹാനും ചേർന്ന് ആദ്യ ആറ് ഓവർ കഴിയുമ്പോൾ തന്നെ പാകിസ്താന്റെ സ്കോർ 50 കടത്തി. തുടർന്ന് ഒമ്പതാം ഓവറിൽ ഷാഹിബ്‌സാദ ഫർഹാൻ തന്റെ അർദ്ധ സെഞ്ച്വറി കുറിച്ചു. പക്ഷെ തൊട്ടടുത്ത ഓവറിൽ തന്നെ ഫർഹാനെ തിലക് വർമയുടെ കയ്യിലെത്തിച്ച് വരുൺ ചക്രവർത്തി ആ കൂട്ടുകെട്ട് അവസാനിപ്പിച്ചു. പിന്നാലെ വന്ന സയിം അയൂബും ചേർന്ന് ബാറ്റിംഗ് തുടർന്ന ഫാഖാർ സമാൻ 12-ാം ഓവറിൽ പാകിസ്താന്റെ സ്കോർ 100 കടത്തി. 13-ാം ഓവറിൽ സ്പിന്നർ കുൽദീപ് യാദവിന്റെ ബോളിൽ സയിം അയൂബ് പുറത്തായി. സ്‌ക്വയർ ലീഗിൽ നിന്നിരുന്ന ജസ്പ്രീത് ബുമ്രയാണ് ക്യാറ്റിച്ചെടുത്തത്. പിന്നാലെ വന്ന മുഹമ്മദ് ഹാരിസിനെ അക്‌സർ പട്ടേലും പുറത്താക്കി. 15-ാം ഓവറിൽ ഫഖർ സമാൻ സിക്സർ പറത്തിയെങ്കിലും തൊട്ടടുത്ത ബോളിൽ പുറത്താവുകയും ചെയ്തു. സമാനെ കുൽദീപ് യാദവിന്റെ കയ്യിലെത്തിച്ച് വരുൺ ചക്രവർത്തി മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റും നേടി. തുടരെ തുടരെ വിക്കറ്റുകൾ നഷ്ടപെട്ട പാകിസ്ഥാന് ഹാരിസ് തലത്തിനെയും ക്യാപ്റ്റൻ സൽമാൻ അഘയെയും നഷ്ടമായി. അക്സറിന്റെ ബോളിലാണ് ഹാരിസ് പുറത്തായതെങ്കിൽ സൽമാനെ പുറത്താക്കിയത് കുൽദീപ് യാദവാണ്. അതെ ഓവറിൽ തന്നെ ഷഹീൻഷാ അഫ്രിദിയും പൂജ്യം റണ്ണിന് പുറത്തായി. തൊട്ടുപിന്നാലെ ഫഹീമിനെയും പുറത്താക്കി കുൽദീപ് തന്റെ ഓവറിലെ തന്നെ മൂന്നാം വിക്കറ്റും മത്സരത്തിലെ നാലാമതും സ്വന്തമാക്കി. അവസാന രണ്ട് വിക്കറ്റുകളും നഷ്ടവുമായ പാകിസ്ഥാൻ 146 റൺസിന് ഓൾ ഔട്ട് ആയി.