'പരിക്കുണ്ട്, പക്ഷേ...'; സി.എസ്.കെയുടെ അടുത്ത മത്സരങ്ങളിൽ ധോണി ഉണ്ടാകുമോയെന്ന ചോദ്യത്തിന് സി.ഇ.ഒയുടെ മറുപടി

16.25 കോടി മുടക്കി ടീമിലെടുത്ത ബെൻ സ്‌റ്റോക്‌സിന് കൂടുതൽ മത്സരങ്ങൾ നഷ്ടമാകും. കളിച്ച രണ്ട് മത്സരങ്ങളിൽ ഏഴ്, എട്ട് എന്നിങ്ങനെയായിരുന്നു താരത്തിന്റെ സമ്പാദ്യം

Update: 2023-04-14 14:07 GMT
Advertising

ചെന്നൈ: കാൽമുട്ടിന് പരിക്കുള്ള ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ എം.എസ്. ധോണി ടീമിന്റെ അടുത്ത മത്സരങ്ങളിലുണ്ടാകുമെന്ന് സി.ഇ.ഒ കാശി വിശ്വനാഥൻ. ക്രിക് ബസിനോടാണ് ഇദ്ദേഹം ഇക്കാര്യം അറിയിച്ചത്. 'അദ്ദേഹം കളിക്കും. കാൽമുട്ടിന് പരിക്കുണ്ടെന്നത് സത്യമാണ്. പക്ഷേ, അതുമൂലം കളിക്കാനുണ്ടാകില്ലെന്നോ മറ്റോ ഞങ്ങളോട് പറഞ്ഞിട്ടില്ല' കാശി വിശ്വനാഥൻ വ്യക്തമാക്കി.

അതേസമയം, ടീമിലെ പരിക്കേറ്റ ഓൾറൗണ്ടർ ബെൻ സ്‌റ്റോക്‌സിന് കൂടുതൽ മത്സരങ്ങൾ നഷ്ടമാകുമെന്ന് അദ്ദേഹം അറിയിച്ചു. 'ബെൻ നല്ല നിലയിലാണുള്ളത്. വേഗത്തിൽ പരിക്ക് ഭേദമാകുന്നുണ്ട്. ഏപ്രിൽ 30ന് നടക്കുന്ന മത്സരത്തിലേക്ക് മാത്രമേ അദ്ദേഹത്തിന് പൂർണ ആരോഗ്യം വീണ്ടെടുക്കാനാകൂ. ഒരു പക്ഷേ ഏപ്രിൽ 27ലെ മത്സരത്തിന് സന്നദ്ധനാകും' സി.ഇ.ഒ വ്യക്തമാക്കി. 16.25 കോടി മുടക്കിയാണ് ബെൻ സ്‌റ്റോക്‌സിനെ ടീമിലെടുത്തത്. രണ്ട് മത്സരം മാത്രം കളിച്ച താരത്തിന് ഏറെ കളികൾ നഷ്ടമാകും. കളിച്ച രണ്ട് മത്സരങ്ങളിൽ ഏഴ്, എട്ട് എന്നിങ്ങനെയായിരുന്നു താരത്തിന്റെ സമ്പാദ്യം. ഒരു ഓവർ എറിയുകയും ചെയ്തു. എന്നാൽ ഫലമൊന്നുമുണ്ടായില്ല.

മുംബൈ ഇന്ത്യൻസിനെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റ ദീപക് ചാഹറിനും ഏറെ സമയമെടുക്കും. മെയ് ആദ്യ വാരത്തോടെ മാത്രമേ താരം തിരിച്ചെത്താനിടയുള്ളൂ. 'അദ്ദേഹം ബെന്നിനേക്കാൾ കൂടുതൽ സമയമെടുത്താകും കളത്തിലേക്ക് തിരിച്ചെത്തുക. മെയ് ആദ്യ വാരത്തിൽ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു' കാശി വിശ്വനാഥൻ പറഞ്ഞു.

രാജസ്ഥാനെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റ സിസന്ദ മഗാല ഓവർ പൂർത്തിയാക്കാതെ പുറത്തുപോയിരുന്നു. ദക്ഷിണാഫ്രിക്കൻ താരം ഒരാഴ്ചക്ക് ശേഷം തിരിച്ചെത്തിയേക്കുമെന്നാണ് വിവരം. 2023 ഐ.പി.എൽ സീസണിൽ രണ്ട് ജയമാണ് സി.എസ്.കെ നേടിയിട്ടുള്ളത്. ഏപ്രിൽ 17ന് ആർ.സി.ബിക്കെതിരെയാണ് അടുത്ത മത്സരം.

രാജസ്ഥാനെതിരെ കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ സി.എസ്.കെയെ നായകൻ എം എസ് ധോണി വിജയത്തിലെത്തിക്കുമെന്ന് വരെ ആരാധകർ കരുതിയിരുന്നു. അവസാനം വരെ പുറത്താവാതെ നിന്ന തലക്ക് അവസാന ബോളിൽ ജയിക്കാൻ വേണ്ടിയിരുന്ന അഞ്ച് റൺസ് നേടാനാകാതെ വന്നപ്പോഴാണ് രാജസ്ഥാൻ മൂന്ന് റൺസിന്റെ ജയം സ്വന്തമാക്കിയത്. കളിയുടെ തോൽവിയേക്കാളുമപ്പുറം ചെന്നൈ ആരാധകരെ കൂടുതൽ നിരാശരാക്കിയത് ആ വാർത്തയായിരുന്നു. മത്സരശേഷം ധോണിക്ക് പരിക്കാണെന്ന് കോച്ച് ഫ്ളെമിങ് വാർത്തസമ്മേളനത്തിൽ പറഞ്ഞതായിരുന്നു അത്.

തന്റെ ട്രേഡ് മാർക്ക് സിക്സറുകളും രാജസ്ഥാനെതിരെ പായിച്ച ധോണി റണ്ണിനുവേണ്ടി ഓടുന്നതിൽ പ്രായാസപ്പെടുന്നുണ്ടായിരുന്നു. അതിവേഗത്തിൽ ഡബിൾ ഓടിയെടുക്കാറുള്ള ധോണി പതിവിൽ നിന്ന് വ്യത്യസ്തമായി സിംഗിളുകളിൽ അവസാനിപ്പിക്കുകയായിരുന്നു. മറ്റൊരു അതിവേഗ ഓട്ടക്കാരനായ രവീന്ദ്ര ജഡേജ കൂടെയുണ്ടായിട്ടും ധോണിക്ക് സിംഗിളുകൾ ഡബിളുകളാക്കി മാറ്റാനായില്ല. ഇതിന് കാരണം അദ്ദേഹത്തിന്റെ കാൽമുട്ടിനുള്ള പരിക്കാണെന്ന് ഫ്ളെമിങ് പറഞ്ഞു

'അദ്ദേഹത്തിന് കാൽമുട്ടിന് പരിക്കുണ്ട്, അത് കഴിഞ്ഞ കളിയിലെ അദ്ദേഹത്തെ സൂക്ഷമമായി നോക്കിയവർക്ക് മനസ്സിലായിട്ടുണ്ടാവും. ടൂർണമെന്റ് ആരംഭിക്കുന്നതിന് ഒരുമാസം മുൻപാണ് അദ്ദേഹം ടീമിനൊപ്പം ജോയിൻ ചെയ്യുന്നത്. അദ്ദേഹം മികച്ച കളിക്കാരനാണ്, കളത്തിൽ അദ്ദേഹം അത്ഭുതമാണ്- ഫളെമിങ് പറഞ്ഞു

17 പന്തിൽ ഒരു ബൗണ്ടറിയും മൂന്ന് സിക്സറുകളുടെയും അകമ്പടിയോടെ 32റൺസാണ് താരം രാജസ്ഥാനെതിരെ നേടിയത്. സന്ദീപ് ശർമ്മയ്‌ക്കെതിരായ അവസാന ഓവറിൽ, അവസാന 6 പന്തിൽ 21 റൺസ് വേണ്ടിയിരുന്നപ്പോൾ, ആ ഓവറിൽ രണ്ട് സിക്‌സറുകൾ പറത്താൻ ധോണിക്ക് കഴിഞ്ഞു, പക്ഷേ സന്ദീപ് തന്റെ ടീമിന് 3 റൺസിന്റെ വിജയം ഉറപ്പാക്കി. മത്സര ശേഷം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുന്ന താരത്തിന്റെ വീഡിയോ സിഎസ്‌കെ പുറത്തുവിട്ടിരുന്നു. താരത്തിന്റെ നടത്തത്തിലെ ബുദ്ധിമുട്ടിൽ നിന്ന് പരിക്ക് വ്യക്തമായിരുന്നു. 





CEO Kashi Viswanathan says Chennai Super Kings skipper M.S Dhoni will be in the team's next matches 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News