മറുപടി ബാറ്റിങ്ങിനായി ഇറങ്ങിയ ഇംഗ്ലണ്ടിന് തകർച്ച ; ബർമിങ്ങാം ടെസ്റ്റിൽ ഗില്ലിന് ഇരട്ട സെഞ്ച്വറി
ലണ്ടൻ: ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 587 എന്ന സ്കോറിന് മറുപടിയായി ഇറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ തകർച്ച നേരിട്ടു. ആദ്യ എട്ട് ഓവറുകളിൽ 3 വിക്കറ്റുകളാണ് നഷ്ടമായത്. പുതിയതായി ടീമിലെത്തിയ ആകാശ് ദീപ് രണ്ടു വിക്കറ്റുകളും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും ആണ് നേടിയത്. ആദ്യ ദിനം അവസാനിക്കുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് 77 എന്ന സ്‌കോറിൽ നിൽക്കുന്നു. ജോ റൂട്ട് (18*) ഹാരി ബ്രൂക്ക്സ് (30*) ക്രീസിൽ തുടരുന്നു.
ശുഭ്മാൻ ഗില്ലിന്റെ ഇരട്ട സെഞ്ച്വറി കരുത്തിൽ സന്ദർശകർ ആദ്യ ഇന്നിങ്‌സിൽ 500 റൺസ് കടന്നു. ഇംഗ്ലണ്ടിൽ ഇരട്ടശതകം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ എന്ന നേട്ടവും ഗിൽ എഡ്ജ്ബാസ്റ്റണിൽ സ്വന്തമാക്കി. സുനിൽ ഗവാസ്‌കറിനും രാഹുൽ ദ്രാവിഡിനും ശേഷം ഇംഗ്ലണ്ടിൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമായിരിക്കുകയാണ് ഗിൽ. ഇന്ത്യക്കായി നാലാമതായി ബാറ്റിങ്ങിന് ഇറങ്ങിയ താരം 311 ബോളുകളിലാണ് ഇരട്ട ശതകം നേടിയത്. 95ന് 2 എന്ന നിലയിൽ നിൽക്കെയാണ് ഗിൽ ബാറ്റിങ്ങിനായി ഇറങ്ങിയത്. ആദ്യ ദിനമായ ഇന്നലെ 199 പന്തുകളിൽ താരം സെഞ്ച്വറിയിൽ തൊട്ടിരുന്നു.
310 ന് അഞ്ച് എന്ന സ്‌കോറിൽ രണ്ടാം ദിനം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്കായി ഗില്ലും ജഡേജയും ചേർന്ന് 200 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 89 റണ്ണിന് ജഡേജ പുറത്താകുമ്പോൾ ഇന്ത്യ 414 റൺസ് നേടിയിരുന്നു. രണ്ടാം ദിനം ലഞ്ചും പിന്നിട്ടു ബാറ്റ് ചെയ്ത ഇന്ത്യ 587 ന് പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റുകളെടുത്ത ഷോയിബ് ബശീർ ആണ് ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത്.