ഹോട്ടൽ നിരക്ക് 15 മടങ്ങ് കൂടി; അഹമ്മദാബാദിലെ ഇന്ത്യ-പാക് മത്സരം കാണാനെത്തുന്നവർ 'വെള്ളം കുടിക്കും'

തലേദിവസം വന്ന് നഗരത്തിലെ ഔട്ട്‌ലെറ്റുകളിൽ നിന്ന് ഫിസിക്കൽ ടിക്കറ്റുകൾ വാങ്ങണമെന്ന് ബിസിസിഐ നിർദേശമുള്ളതിനാൽ താമസം ഒഴിവാക്കാനും ആരാധകർക്ക് കഴിയില്ല

Update: 2023-08-15 13:23 GMT
Advertising

അഹമ്മദാബാദ്: 2023ലെ ഐസിസി ഏകദിന ലോകകപ്പിൽ ഒക്ടോബർ 14ന് നഗരത്തിൽ നടക്കുന്ന ഇന്ത്യ- പാകിസ്താൻ മത്സരം കാണാനെത്തുന്നവർ വെള്ളം കുടിക്കും. സെപ്തംബർ മൂന്നിനാണ് മത്സരത്തിന്റെ ടിക്കറ്റുകൾ വിറ്റു തുടങ്ങുക. എന്നാൽ അതിന് മുമ്പേ നഗരത്തിലെ ശരാശരി ഹോട്ടൽ നിരക്കുകൾ പോലും 15 മടങ്ങ് വർധിച്ചതായാണ് വാർത്ത. 4000 രൂപ നിരക്കുള്ള ഹോട്ടൽ മുറി ട്വിൻ ഷെയറിംഗിൽ ബുക്കിംഗ് ഡോ.കോമിൽ ലഭിക്കാൻ ലഭിക്കാൻ ഒരു രാത്രിക്ക് 60,000 രൂപ നൽകേണ്ടിവരുമെന്നാണ് ഇഎസ്പിഎൻ ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്.

എന്നാൽ സ്റ്റാർ ഹോട്ടലുകൾ തിരയുന്നവർ യൂറോപ്പിലേക്കുള്ള ബിസിനസ് ക്ലാസ് വിമാനത്തിന് നൽകേണ്ടതിലും കൂടുതൽ തുക മുടക്കേണ്ടി വരും. രണ്ട് രാത്രികൾക്ക് മൂന്നര ലക്ഷത്തിലേറെ രൂപ നൽകേണ്ടി വരും. ചില സ്റ്റാർ ഹോട്ടലുകൾ ബിസിസിഐ സ്‌പോൺസർമാർക്കും ഇതര പങ്കാളികൾക്കും വേണ്ടി ബുക്ക് ചെയ്തതിനാൽ എത്ര പണം മുടക്കിയാലും ലഭിക്കില്ല.

തലേദിവസം വന്ന് നഗരത്തിലെ ഔട്ട്‌ലെറ്റുകളിൽ നിന്ന് മത്സരത്തിന്റെ ഫിസിക്കൽ ടിക്കറ്റുകൾ വാങ്ങണമെന്ന് ബിസിസിഐ നിർദേശമുള്ളതിനാൽ താമസം ഒഴിവാക്കാനും ആരാധകർക്ക് കഴിയില്ല. കഴിഞ്ഞ ഐപിഎൽ ഫൈനലിന് മുമ്പത്തെ ദിവസം ടിക്കറ്റ് വാങ്ങാനായി സ്‌റ്റേഡിയത്തിന് പുറത്ത് നീണ്ട ക്യൂ ഉണ്ടായിരുന്നു.

എന്നാൽ ഇത്തരം പ്രശ്‌നം ഒഴിവാക്കാൻ ഖത്തർ ഫുട്‌ബോൾ ലോകകപ്പിലടക്കം ചില മാർഗങ്ങൾ സ്വീകരിച്ചിരുന്നു. ഒഫീഷ്യൽ ആപ്പിലെ ക്യൂആർ കോഡ് വഴി ഓൺലൈനായി വാങ്ങുന്ന ടിക്കറ്റുകളുടെ വാലിഡിറ്റി പരിശോധിച്ച് സ്‌റ്റേഡിയത്തിൽ പ്രവേശിക്കുന്നതും പുറത്തുകടക്കുന്നതും നിയന്ത്രിക്കുകയായിരുന്നു അവർ ചെയ്തത്.

ലോകകപ്പ് മത്സരം കച്ചവടമാക്കാൻ ഒരുങ്ങി നിൽക്കുകയാണ് അഹമ്മദാബാദിലെ വാടക വീട്ടുടമകളും. പരമാവധി എട്ട് അതിഥികൾക്ക് താമസിക്കാനാകുന്ന മൊട്ടേരയിലെ രണ്ട് ബെഡ്‌റൂം അപ്പാർട്‌മെൻറിന് ഒരു രാത്രി ഒരു ലക്ഷം രൂപയാണ് അവർ ഈടാക്കുന്നത്. ഇന്ത്യ -പാകിസ്താൻ ലോകകപ്പ് സ്‌പെഷ്യൽ എന്ന കുറിപ്പോടെയാണ് പരസ്യങ്ങൾ. ഒരാൾക്ക് മാത്രം ഉപയോഗിക്കാവുന്ന താമസസൗകര്യത്തിന് 10,000 രൂപയാണ് ഈടാക്കുന്നത്. കോവിഡ് കാലത്ത് ഒട്ടും വരുമാനമില്ലാത്ത അവസ്ഥയുണ്ടായിരുന്നുവെന്ന് പറയുന്ന ഹോട്ടൽ അസോസിയേഷൻ ഓഫ് ഇന്ത്യ ലോകകപ്പ് കാലത്ത് ആവശ്യം കൂടുന്നതിനനുസരിച്ച് നിരക്കുമുണ്ടാകുമെന്നാണ് വ്യക്തമാക്കുന്നത്.

അതേസമയം, പാകിസ്താനിലെ ആരാധകർക്ക് വിസ കടമ്പകളും മുമ്പിലുണ്ട്. 2011 ലോകകപ്പിൽ മൊഹാലിയിൽ നടന്ന ഇന്ത്യ - പാക് സെമിഫൈനൽ കാണാൻ പാകിസ്താനി ആരാധകർക്ക് വിസ അനുവദിച്ചിരുന്നു. എന്നാൽ ഇക്കുറി ഈ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

ഏകദിന ലോകകപ്പ് മത്സര ഷെഡ്യൂളിൽ മാറ്റം

2023ലെ ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയുടെയും പാകിസ്താന്റെയും മത്സരത്തിലടക്കം ഷെഡ്യൂളിൽ മാറ്റം വരുത്തിയിരുന്നു. ഒക്ടോബർ 15ന് നടക്കേണ്ടിയിരുന്ന മത്സരം 14ലിലേക്ക് മാറ്റി. ഇന്ത്യ-നെതർലാൻഡ് മത്സരമടക്കം മറ്റു എട്ട് മത്സര ഷെഡ്യൂളിലും മാറ്റമുണ്ട്. ഇന്ത്യ-നെതർലാൻഡ് മത്സരം നവംബർ 11ന് പകരം 12നാണ് നടക്കുക.

ആതിഥേയരായ ഇന്ത്യയുമായി പാകിസ്താന്റെ ഒക്ടോബർ 14ലെ മത്സരം മുമ്പ് നടക്കാനിരുന്ന അഹമ്മദാബാദിൽ തന്നെയാണ് നടക്കുക. ഷെഡ്യൂളിന്റെ മാറ്റത്തിന്റെ ഫലമായി ഒക്ടോബർ 14ന് ഡൽഹിയിൽ നടക്കേണ്ട ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാൻ മത്സരം 15ന് നടക്കും. 12ന് ഹൈദരാബാദിൽ നടക്കാനിരുന്ന പാകിസ്താൻ ശ്രീലങ്ക മത്സരം പത്തിനും 13ന് ലഖ്നൗവിൽ നടക്കാനിരുന്ന ആസ്ത്രേലിയ ദക്ഷിണാഫ്രിക്ക മത്സരം 12നും സംഘടിപ്പിക്കപ്പെടും. ഒക്ടോബർ 14ന് നടക്കേണ്ട ന്യൂസിലാൻഡ് ബംഗ്ലാദേശ് മത്സരം ഒക്ടോബർ 13ന് ഡേ നൈറ്റ് മത്സരമായി നടക്കും.

നവംബർ 12ലെ മത്സരങ്ങളിലും മാറ്റമുണ്ട്. ഇവ നവംബർ 11ലേക്കാണ് മാറ്റിയത്. പൂനെയിലെ ആസ്ത്രേലിയ പാകിസ്താൻ മത്സരവും (10.30 AM), കൊൽക്കത്തയിലെ ഇംഗ്ലണ്ട് പാകിസ്താൻ (02.00 PM) മത്സരവുമാണ് 11ന് നടക്കുക. ഇന്ത്യയുടെ അവസാന ലീഗ് മത്സരമായ നെതർലാൻഡ്സിനെതിരെയുള്ള പോരാട്ടം നവംബർ 11ൽ നിന്ന് 12ലേക്ക് മാറ്റി. ബംഗളൂരുവിലെ ഈ മത്സരം ഡേ നൈറ്റായാണ് സംഘടിപ്പിക്കപ്പെടുക.

2023 ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ മത്സരങ്ങൾ

  • IND vs AUS, ഒക്ടോബർ 8, ചെന്നൈ
  • IND vs AFG, ഒക്ടോബർ 11, ഡൽഹി
  • IND vs PAK, ഒക്ടോബർ 14, അഹമ്മദാബാദ്
  • IND vs BAN, ഒക്ടോബർ 19, പൂനെ
  • IND vs NZ, ഒക്ടോബർ 22, ധർമ്മശാല
  • IND vs ENG, ഒക്ടോബർ 29, ലഖ്‌നൗ
  • IND vs SL, നവംബർ 2, മുംബൈ
  • IND vs SA, നവംബർ 5, കൊൽക്കത്ത
  • IND vs NED, നവംബർ 12, ബെംഗളൂരു

India-Pak match in Ahmedabad: Hotel rates increase by 15 times

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News