ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ബൗളർമാർ; മൂന്നാം ടി20യിൽ ഇന്ത്യക്ക് 48 റൺസ് വിജയം

നാലോവറിൽ 20 റൺസ് മാത്രം വിട്ടുനൽകി മൂന്നു വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചഹലും 25 റൺസ് വിട്ടു നൽകി 4 വിക്കറ്റ് നേടിയ ഹർഷൽ പട്ടേലുമാണ് ഇന്ത്യക്ക് വിജയ വഴി വെട്ടിത്തെളിച്ചത്.

Update: 2022-06-14 16:58 GMT
Advertising

വിശാഖപട്ടണം: ടൂർണമെൻറിൽ ഇതുവരെ തിളങ്ങാതിരുന്ന ബൗളർമാർ ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കിയതോടെ മൂന്നാം ടി20യിൽ ഇന്ത്യക്ക് 48 റൺസ് വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങി ഇന്ത്യ തീർത്ത 180 റൺസ് വിജയലക്ഷ്യം മറികടക്കാനുള്ള ദക്ഷിണാഫ്രിക്കയുടെ പോരാട്ടം10 വിക്കറ്റ് നഷ്ടത്തിൽ 131 ൽ അവസാനിച്ചു. നാലോവറിൽ 20 റൺസ് മാത്രം വിട്ടുനൽകി മൂന്നു വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചഹലും 25  റൺസ് വിട്ടു നൽകി 4 വിക്കറ്റ് നേടിയ ഹർഷൽ പട്ടേലുമാണ് ഇന്ത്യക്ക് വിജയ വഴി വെട്ടിത്തെളിച്ചത്. ഭുവനേശ്വർ കുമാർ, അക്‌സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

ദക്ഷിണാഫ്രിക്കൻ ഓപ്പണർമാരായ ബാവുമ(8), ഹെൻട്രിക്‌സ്(23) റൺസുമായി പുറത്തായി. ബാവുമയെ അക്‌സർ പട്ടേലിന്റെ പന്തിൽ ആവേശ് ഖാനും ഹെൻട്രിക്‌സിനെ ഹർഷലിന്റെ പന്തിൽ ചഹലും പിടിക്കുകയായിരുന്നു. വൺഡൗണായെത്തിയ പ്രിട്ടോറിയസ് 20 റൺസ് നേടിയ പുറത്തായി. കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങിയ വൻ ഡെർ ഡ്യൂസ്സൻ(1), ഡേവിഡ് മില്ലർ(3) എന്നിവർ പെട്ടെന്ന് പുറത്തായി. എന്നാൽ ക്ലാസൻ 29 റൺസെടുത്ത് ചഹലിന് മുമ്പിൽ കീഴടങ്ങി. അക്‌സർ പട്ടേലിന് പിടികൊടുക്കുകയായിരുന്നു. കഗിസോ റബാദ ഹർഷൽ പട്ടേലിന്റെ പന്തിൽ ചഹലിന് ക്യാച്ച് നൽകി തിരിച്ചുനടന്നു.


ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണർമാർ അർധസെഞ്ച്വറിയുമായി തിളങ്ങിയതോടെ 179 റൺസ് ടോട്ടൽ പടുത്തുയർത്തുകയായിരുന്നു. റുത്‌രാജ് ഗെയിക്ക്‌വാദ് 35 പന്തിൽ 57 റൺസും ഇഷാൻ കിഷൻ അത്രതന്നെ പന്തിൽ 54 റൺസും നേടി ടീം സ്‌കോറിന് അടിത്തറ പാകി.

രണ്ടു സിക്‌സും ഏഴു ഫോറുമടക്കമായിരുന്നു ഗെയ്ക്ക്‌വാദിന്റെ റൺവേട്ട. ഇഷാൻ അഞ്ചു ഫോറും രണ്ടു സിക്‌സും അടിച്ചു. ഗെയ്ക്ക്‌വാദിനെ തന്റെ തന്നെ പന്തിൽ കേശവ് മഹാരാജാ പിടിച്ച് പുറത്താക്കി. പ്രട്ടോറിയസിന്റെ പന്തിൽ ഹെൻഡ്രിക്‌സ് പിടിച്ചാണ് ഇഷാൻ പുറത്തായത്. വൺഡൗണായെത്തിയ ശ്രേയസ്സ് അയ്യർ 11 പന്തിൽ രണ്ട് സിക്‌സുമായി 14 റൺസ് നേടി തിരിച്ചുനടന്നു. തബ്‌രീസ് ശംസിയുടെ പന്തിൽ നോർക്കിയ പിടികൂടുകയായിരുന്നു.


ക്യാപ്റ്റൻ റിഷബ് പന്ത് എട്ടു പന്തിൽ ആറു റൺസുമായി പുറത്തായി. പ്രട്ടോറിയസിന്റെ പന്തിൽ ബാവുമ പിടിച്ചാണ് ഒരു ഫോറോ സിക്‌സോ നേടാതെ നായകൻ മടങ്ങിയത്. 21 പന്തിൽ നാലു ഫോറടക്കം 31 റൺസുമായി ഹാർദിക് പാണ്ഡ്യ പുറത്താകാതെ നിന്നു. ദിനേഷ് കാർത്തിക് എട്ടു പന്തിൽ നിന്ന് ആറു റൺസുമായി റബാദയുടെ പന്തിൽ വീണു. പാർനെലാണ് ഡി.കെയെ പിടികൂടിയത്. പിന്നീട് വന്ന അക്‌സർ പട്ടേൽ രണ്ട് പന്തിൽ നിന്ന് ഒരു ഫോറടക്കം അഞ്ച് റൺസ് നേടി.


ദക്ഷിണാഫ്രിക്കക്കായി 29 റൺസ് വിട്ടുനൽകി പ്രട്ടോറിയസ് രണ്ട് വിക്കറ്റ് വീഴ്ത്തി. റബാദ, ശംസി, കേശവ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ഫീൽഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ രണ്ട് കളികളും തോറ്റ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമായിരുന്നു. കട്ടക്കിൽ നടന്ന രണ്ടാം ട്വന്റി 20-യിൽ കളിച്ച അതേ അംഗങ്ങളെ നിലനിർത്തിയാണ് രണ്ട് ടീമുകളും ഇറങ്ങിയത്.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ടോസ് നഷ്ടമായ ഇന്ത്യക്ക് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നിരുന്നു. ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയ 148 റൺസ് പത്ത് പന്ത് ബാക്കിനിൽക്കെ ആറു വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു. വ്യാഴാഴ്ച ന്യൂഡൽഹിയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നേടിയ 211 റൺസ് മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക ചേസ് ചെയ്തത്.

India won by 48 runs in the third T20 against South Africa

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News