ചിന്നസ്വാമിയിൽ ഇന്ത്യൻ തേരോട്ടം; ആദ്യദിനം ശ്രീലങ്ക ആറിന് 86 റൺസ്

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 252 റൺസിന് പുറത്തായിരുന്നു

Update: 2022-03-12 17:20 GMT
Editor : afsal137 | By : Web Desk
Advertising

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില് നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്കു മേൽക്കൈ. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 252 റൺസ് പിന്തുടർന്ന ശ്രീലങ്ക ആദ്യ ദിനം അവസാനിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടടത്തിൽ 86 റൺസ് എന്ന നിലയിലാണ്. ജസ്പ്രീത് ബുംറ മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് നേടി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ മുൻനിര ബാറ്റർമാർക്കാർക്കും തിളങ്ങാനായില്ല. 92 റൺസെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

നിരോഷൻ ഡിക്വല്ല (13), ലസിത് എംബുൽദെനിയ (0) എന്നിവരാണ് ക്രീസിൽ. നാലു വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാൾ 166 റൺസ് പിന്നിലാണ് സന്ദർശകർ. ഓപ്പണർ കുശാൽ മെൻഡിസ് (ഏഴു പന്തിൽ രണ്ട്), ക്യാപ്റ്റൻ ദിമുത് കരുണരത്നെ (13 പന്തിൽ നാല്), ലഹിരു തിരിമാന്നെ (ആറു പന്തിൽ എട്ട്), ധനഞ്ജയ ഡിസിൽവ (24 പന്തിൽ 10), ചരിത് അസലങ്ക (എട്ടു പന്തിൽ അഞ്ച്), കൂട്ടത്തിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച എയ്ഞ്ചലോ മാത്യൂസ് (85 പന്തിൽ 43) എന്നിവരാണ് ശ്രീലങ്കൻ നിരയിൽ പുറത്തായത്.ആദ്യ രണ്ടു സെഷനിൽ ശ്രീലങ്കൻ സ്പിന്നർമാർ ആധിപത്യം പുലർത്തിയ പിച്ചിൽ, പേസ് ബോളർമാരായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവരാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. ബുമ്ര ഏഴ് ഓവറിൽ മൂന്ന് മെയ്ഡൻ സഹിതം 15 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

മുഹമ്മദ് ഷമി ആറ് ഓവറിൽ 18 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി. അക്ഷർ പട്ടേലിനും ഒരു വിക്കറ്റ് ലഭിച്ചു. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 252 റൺസിന് പുറത്തായിരുന്നു. ഒറ്റയ്ക്കു പൊരുതി സെഞ്ചുറിക്ക് തൊട്ടടുതെത്തിയ ശ്രേയസ് അയ്യർ പുറത്തായത് ആരാധാകരെ നിരാശയിലാക്കി. അർധ സെഞ്ചുറിയുമായി പൊരുതിനിന്ന അയ്യരാണ് ഇന്ത്യയെ 250 കടത്തിയത്. 98 പന്തിൽ 10 ഫോറും നാലു സിക്സും സഹിതം 92 റൺസെടുത്താണ് അദ്ദേഹം പുറത്തായത്.

ഹനുമ വിഹാരി (81 പന്തിൽ 31), വിരാട് കോലി (48 പന്തിൽ 23), ഋഷഭ് പന്ത് (26 പന്തിൽ 39) എന്നിവരും ഇന്ത്യയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചു. അതേസമയം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് 25 പന്തിൽ 15 റൺസ് മാത്രമാണ് നേടാനായത്. ഓപ്പണർ മയാങ്ക് അഗർവാൾ ഏഴു പന്തിൽ നാല് റണ്ണും എടുത്തു. കഴിഞ്ഞ മത്സരത്തിലെ വിജയശിൽപി രവീന്ദ്ര ജഡേജ (14 പന്തിൽ നാല്), രവിചന്ദ്രൻ അശ്വിൻ (33 പന്തിൽ 13), അക്ഷർ പട്ടേൽ (ഏഴു പന്തിൽ ഒൻപത്), മുഹമ്മദ് ഷമി (എട്ടു പന്തിൽ അഞ്ച്) എന്നിവരിൽ നിന്നും നിരാശപ്പെടുത്തുന്ന പ്രകടനമാണുണ്ടായത്.

ജസ്പ്രീത് ബുമ്ര (0) പുറത്താകാതെ നിന്നു. ഇന്ത്യയ്ക്ക് നഷ്ടമായ പത്തിൽ എട്ടു വിക്കറ്റുകളും ശ്രീലങ്കൻ സ്പിന്നർമാർ സ്വന്തമാക്കി. 24 ഓവറിൽ 94 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത ലസിത് എംബുൽദെനിയ, 17.1 ഓവറിൽ 81 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത പ്രവീൺ ജയവിക്രമ എന്നിവരാണ് ശ്രീലങ്കയുടെ വിക്കറ്റ് വേട്ടക്കാരിൽ മുമ്പൻമാർ. ധനഞ്ജയ ഡിസിൽവ രണ്ടു വിക്കറ്റ് വീഴ്ത്തി. പേസ് ബോളർ സുരംഗ ലക്മലിന് ഒരു വിക്കറ്റ് ലഭിച്ചു. ഒരാൾ റണ്ണൗട്ടായി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News