പുതിയ ഇന്നിങ്‌സിന് ട്രോട്ട്: അഫ്ഗാനിസ്താൻ ക്രിക്കറ്റിന്റെ പരിശീലകൻ
2018ലാണ് ജൊനാഥന്‍ ട്രോട്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്
ലണ്ടന്‍: ഇംഗ്ലണ്ട് മുന്‍ താരം ജൊനാഥൻ ട്രോട്ട് അഫ്ഗാനിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനാകും. ആഗസ്റ്റിൽ നടക്കുന്ന അഫ്ഗാനിസ്ഥാന്റെ അയർലൻഡ് പര്യടനത്തിലാണ് അദ്ദേഹം ചുമതലയേൽക്കുക. 41 കാരനായ ട്രോട്ട് മുമ്പ് ഇംഗ്ലണ്ട് പുരുഷ ടീം, ഇംഗ്ലണ്ട് ലയൺസ്, അണ്ടർ 19 ടീമുകൾ എന്നിവയ്‌ക്കൊപ്പവും 2021 ടി20 ലോകകപ്പിൽ സ്‌കോട്ട്‌ലൻഡിന്റെ ബാറ്റിംഗ് കൺസൾട്ടന്റായും പ്രവർത്തിച്ചിട്ടുണ്ട്. 2018ലാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.
കഴിഞ്ഞ ഒരു വര്‍ഷമായി അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ ടീമുകളിലൊന്നാണ് അഫ്ഗാനിസ്താനെന്നും ആ ടീമിന്റെ ഭാഗമാകാന്‍ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ട്രോട്ടിനെ ഉദ്ധരിച്ച് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കുന്നു. അഞ്ച് ടി20 മത്സരങ്ങൾ അടങ്ങുന്ന അഫ്ഗാനിസ്ഥാന്റെ അയർലൻഡ് പര്യടനം ഓഗസ്റ്റ് 9 മുതലാണ് ആരംഭിക്കുന്നത്.
2009-2015 കാലയളവിൽ ഇംഗ്ലണ്ടിനായി 52 ടെസ്റ്റ് മത്സരങ്ങൾ ജോനാഥൻ ട്രോട്ട് കളിച്ചിട്ടുണ്ട്, 44.08 ശരാശരിയിൽ 9 സെഞ്ച്വറികളും 19 അർദ്ധ സെഞ്ചുറികളും സഹിതം 3835 റൺസാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഈ കാലയളവിൽ 68 ഏകദിനങ്ങളിലും ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചു. 51.25 ശരാശരിയിൽ 4 സെഞ്ചുറികളും 22 അർധസെഞ്ചുറികളും ഉൾപ്പെടെ 2838 റൺസാണ് ഏകദിന ക്രിക്കറ്റില്‍ അദ്ദേഹം സ്വന്തമാക്കിയത്.
ഒരു വീന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മങ്ങിയ ഫോം കാഴ്ചവെച്ചതിന് പിന്നാലെയായിരുന്നു ട്രോട്ട് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നത്. ഇംഗ്ലീഷ് ക്രിക്കറ്റിലെ പ്രതിഭാധനനായ ക്രിക്കറ്ററായി വിലയിരുത്തപ്പെടുന്ന ബാറ്ററായിരുന്നു ട്രോട്ട്. ഇംഗ്ലണ്ടിനുവേണ്ടി ഒട്ടേറെ മത്സരങ്ങളില്‍ നിര്‍ണായകമായ ഇന്നിങ്‌സ് ആണ് അദ്ദേഹം കാഴ്ചവെച്ചിരുന്നത്. 2013- 14 സീസണിലെ ആഷസ് പരമ്പരക്കിടെ വിഷാദരോഗത്തിന്റെ പിടിയിലായ ട്രോട്ട് പിന്നീട് ചികിത്സയ്ക്കുവേണ്ടി ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്നിരുന്നു.
Summary- Jonathan Trott named new Afghanistan coach