ഇന്ത്യൻ ക്രിക്കറ്റിൽ പുതുയുഗം; ഇംഗ്ലണ്ട് പര്യടനം ഗില്ലിനുള്ള അഗ്നിപരീക്ഷ

ഗില്ലിന് മുന്നിലുള്ളത് ഒരു അഗ്നിപരീക്ഷയാണ്.കാരണം ആദ്യം പോരടിക്കേണ്ടത് ഇംഗ്ലണ്ടുമായാണ്. ഇംഗ്ലീഷ് സമ്മറുകൾ പൊതുവേ ഇന്ത്യക്ക് നല്ല ഓർമകളല്ല.

Update: 2025-05-24 18:45 GMT
Editor : safvan rashid | By : Sports Desk

ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ഒരുപുതുയുഗത്തെ വരവേൽക്കാനൊരുങ്ങുകയാണ്. ഇന്ത്യൻ ക്രിക്കറ്റിന് മേൽ പടർന്നുപന്തലിച്ച മൂന്ന് വൻമരങ്ങൾ പടിയിറങ്ങിയിരിക്കുന്നു. കോഹ്‍ലി, രോഹിത്, അശ്വിൻ.. ഇവരിൽ ഒരാൾ പോലുമില്ലാതെ ഇന്ത്യ ഒരു ടെസ്റ്റ് പരമ്പരക്കിറങ്ങുന്നത് 2011ന് ശേഷം ഇതാദ്യം. അവരുടെ നൊസ്റ്റാൾജിയയിൽ ഇരിക്കാതെ പുതിയൊരു കാലത്തിനായി തയ്യാറെടുക്കൂ എന്ന സന്ദേശം തന്നെയാണ് ബിസിസിഐ നൽകുന്നത്

ഗില്ലിനുള്ളത് അഗ്നിപരീക്ഷ

ഒടുവിൽ ആ തീരുമാനം വന്നു. ശുഭ്മാൻ ഗിൽ ഇന്ത്യൻ​ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ തൊപ്പി അണിയും. ഈ തീരുമാനം ഒട്ടും അപ്രതീക്ഷിതമല്ല. ഏറെ കൂടിയാലോചനകൾക്ക് ശേഷമാണ് ഈ തീരുമാനത്തിലെത്തിയത് എന്നാണ് ചീഫ് സെലക്ടർ അജിത് അഗാർക്കർ വിശദീകരിക്കുന്നത്. ജസ്പ്രീത് ബുംറ ഉണ്ടാകുമ്പോൾ ഗില്ലിൽ വിശ്വസിക്കണോ എന്ന ചോദ്യം സ്വാഭാവികമായും അവർക്ക് മുന്നിൽ മാധ്യമങ്ങൾ ഉയർത്തിയിരുന്നു. നിരന്തപരിക്കുകളിൽ വലയുന്ന ബുംറക്ക് മേൽ മറ്റൊരു ഭാരം വെക്കേണ്ട എന്ന വ്യക്തമായ വിശദീകരണമാണ് ബിസിസിഐ ഇതിന് നൽകുന്നത്.

Advertising
Advertising

ഗില്ലിന് മുന്നിലുള്ളത് ഒരു അഗ്നിപരീക്ഷയാണ്.കാരണം ആദ്യം പോരടിക്കേണ്ടത് ഇംഗ്ലണ്ടുമായാണ്. ഇംഗ്ലീഷ് സമ്മറുകൾ പൊതുവേ ഇന്ത്യക്ക് നല്ല ഓർമകളല്ല. 2007ലാണ് ഇന്ത്യ അവസാനമായി ഇംഗ്ലീഷ് മണ്ണ് ജയിച്ചത്. 2011നും 2014ലും 18ലും നാണം കെട്ടായിരുന്നു തോൽവി. പോയകുറി  നന്നായി പൊരുതി സമനില പിടിച്ചു. കാർമേഘങ്ങളും തുളച്ചുകയറുന്ന പിച്ചുകളുമുള്ള ഇംഗ്ലീഷ് ഭൂമികയിൽ ഇംഗ്ലണ്ടിന്റെ എക്സ്പീരിയൻസ്ഡ് സംഘത്തോട് മുട്ടിനിൽക്കുക എന്ന കഠിനകഠോര കടമ്പയാണ് ഗില്ലിനുള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ അങ്കങ്ങളേറെക്കണ്ട കോലിയും അശ്വിനും ഇല്ലാതെ, രോഹിതിന്റെ തണലില്ലാതെയാണ് ഗില്ലിന് പോരിനിറണ്ടേത്.

ട്വന്റി 20യിൽ ഇന്ത്യ ലോകചാമ്പ്യൻമാരാണ്, ഏകദിനത്തിലാകട്ടെ, ചാമ്പ്യൻസ് ട്രോഫിയു​ടെ തിളക്കത്തിലും. പക്ഷേ ടെസ്റ്റ് ക്രിക്കറ്റിൽ അതല്ല സ്ഥിതി. ന്യൂസിലാൻഡിനോട് നാട്ടിലും ഓസീസിനോട് മറുനാട്ടിലും  നാണംകെട്ടു. ഇന്ത്യയുടെ എല്ലാ ദൗർബല്യങ്ങളും വെളിവാക്കിത്തന്ന രണ്ട് പരമ്പരകൾ. പക്ഷേ വിഭവങ്ങൾക്ക് ഈ രാജ്യത്ത് ക്ഷാമമൊന്നുമില്ല, ഒന്നല്ലെങ്കിൽ മറ്റൊരാൾ അവസരം കാത്തുനിൽക്കുന്നു. ഈ ടീമിനെയും കൊണ്ട് ഇംഗ്ലണ്ടിൽ പിടിച്ചുനിൽക്കാനാനെങ്കിലുമായാൽ ഗില്ലിന് ക്യാപ്റ്റനെന്ന കസേരയിൽ തലയുയർത്തിനിൽക്കാം. കൂടാതെ ബാറ്റിങ്ങിൽ സ്വയം തെളിയിക്കുക എന്ന വലിയ ഉത്തരവാദിത്തം കൂടി ചുമലിനുണ്ട്.

ബാറ്റിങ്ങിൽ ആരൊക്കെ? 

ഗിൽ, ഋഷഭ് പന്ത്, കെഎൽ രാഹുൽ, യശസ്വി ജയ്സ്വാൾ എന്നിവർ ബാറ്റിങ്ങിൽ സ്ഥിരസാന്നിധ്യമാകാൻ തന്നെയാണ് സാധ്യത. ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയ കരുൺനായരിൽ വലിയ വിശ്വാസം ഇന്ത്യ സൂക്ഷിക്കുന്നുണ്ട്. വാർത്ത സമ്മേളനത്തിനിടെ അഗാർക്കർ അത് തുറന്നുപറയുകയും ചെയ്തു. കോലിയുടെ നാലാം നമ്പറിൽ​​ കെഎൽ രാഹുലിന്റെയും കരുണിന്റെയും പേരുകളാണ് കേട്ടിരുന്നത്. എന്നാൽ അവരല്ല, ക്യാപ്റ്റൻ ഗിൽ തന്നെ നലാം നമ്പറിലേക്ക് വരുമെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. ഓസീസ് പര്യടനത്തിൽ മിന്നിത്തിളങ്ങിയ നിതീഷ് കുമാർ റെഡ്ഠിയും രവീന്ദ്ര ജഡേജയും ഫസ്റ്റ് ചോയ്സ് ഓൾറൗണ്ടർമാരായുണ്ട്. വേണ്ടി വന്നാൽ ഉപയോഗിക്കാൻ വാഷിങ്ടൺ സുന്ദറും സജ്ജം. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച സീസണ് ശേഷം വരുന്ന അഭിമന്യൂ ഈശ്വരൻ, ഐപിഎല്ലിലെ തകർപ്പൻ പെർഫോമൻസിന് ശേഷമെത്തുന്ന സായ് സുദർശൻ എന്നിവരും അവസരം കാത്തുനിൽക്കുന്നു.

വൈസ് ക്യാപ്റ്റനും ഇംഗ്ലീഷ് മണ്ണിൽ പരിചയ സമ്പന്നനുമായ പന്ത് തന്നെയാണ് വിക്കറ്റിന് പിന്നിലെ ഫസ്റ്റ് ചോയ്സ്.  ​ഗ്ലൗസണിയാൻ കെഎൽ രാഹുൽ ഉണ്ടെങ്കിലും സെക്കൻഡ് വിക്കറ്റ് കീപ്പറായി ധ്രുവ് ജുറേലിനെ ഉൾപ്പെടുത്തിയിരിക്കുന്നു. ആഭ്യന്തര ക്രിക്കറ്റിന്റെ മിടുക്കിലൂടെ കരുൺ നായർ ടീമിലെത്തിയപ്പോൾ അതേ ബലത്തിൽ ഇന്ത്യൻ ടീമിൽ ഇരിപ്പിടമുറപ്പിച്ച സർഫറാസ് ഖാന് പുറത്തേക്ക് പോകേണ്ടിവന്നു. ഇന്ത്യൻ ടീമിലും ഇംഗ്ലീഷ് കൗണ്ടിയിലും ദീർഘകാലം എക്സ്പീരിയൻസുള്ള ചേതേശ്വർ പൂജാര മടങ്ങിവരുമെന്ന വാർത്തകളുണ്ടായിരുന്നു. പക്ഷേ പൂജാരയെ പുറത്തിരുത്തിയതിലൂടെ ഭാവിയിലേക്കാണ് നോക്കുന്നതെന്ന സന്ദേശംകൂടി ബിസിസിഐ നൽകുന്നു. ടീമിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം തുറന്നുപറഞ്ഞ അജിൻക്യ രഹാനെക്കും വിളിയെത്തിയില്ല.

ബുംറക്കൊപ്പം ആര്?

ഇന്ത്യൻ പേസ് ബൗളിങ് എന്നത് കുറച്ചുകാലമായി ബുംറയെ ചുറ്റിത്തിരിയുന്ന ഒരു ഉപഗ്രഹമാണ്. ഏത് പിച്ചിലും ഏത് ഫോർമാറ്റിലും ഇന്ത്യയുടെ ഷുവർബെറ്റാണ് ബുംറ. ബോർഡർ ഗവാസ്കർ ട്രോഫിക്കിടെ ബുംറയെ രാവിലെ മുതൽ വൈകരുന്നേരം വരെ എറിയിക്കാനാകില്ല എന്ന് മറ്റുബൗളർമാർക്ക് രോഹിത് മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ ​പരിക്കുകളിൽ നിന്നും പരിക്കുകളിലേക്കുള്ള സ്​പെല്ലിലാണ് ബുംറ. അഞ്ചുമത്സരങ്ങളടങ്ങിയ ദീർഘ കാല പരമ്പരയിൽ ബുംറയു​ടെ ഫിറ്റ്നസ് വലിയ ഒരു ചോദ്യമായി നിലനിൽക്കുന്നു. പ്രതാപകാലത്തിന്റെ നിഴൽ മാത്രമായ ഷമിക്കും ടീമിലിടമില്ല. സിറാജും ഷർദുലുമാണ് അനുഭവസമ്പന്നരായി ടീമിലുള്ളത്. ഇതിൽ ഷർദുലിന്റെ വരവ് എടുത്തുപ​റയേണ്ടതാണ്. ബിസിസിഐ കോൺട്രാക്റ്റ് ലിസ്റ്റിൽ പോലും പേരുചേർക്കാതിരുന്ന ഷർദുലിന്റെ പരിചയ സമ്പത്തിൽ ബിസിസിഐ ഒടുവിൽ വിശ്വാസമർപ്പിച്ചിരിക്കുന്നു. വേണ്ടി വന്നാൽ ബാറ്റിങ്ങിലും ഒരു കൈനോക്കാമെന്നത് ഷർദുലിന്റെ പ്ലസ് പോയന്റാണ്.

പേസ് ബൗളിങ്ങിനെ തുണക്കുന്ന ഇംഗ്ലീഷ് പിച്ചുകളിൽ പ്രസിദ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ് എന്നിവർക്ക് കന്നിനിയോഗം നൽകിയിരിക്കുന്നു.

.

.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News