രോഹിതിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറ്റി; ഏകദിനത്തിലും ഇനി ഗിൽ നയിക്കും

Update: 2025-10-04 13:54 GMT
Editor : safvan rashid | By : Sports Desk

ന്യൂഡൽഹി: ഇന്ത്യൻ ഏകദിന ക്യാപ്റ്റനായി ശുഭ്മാൻ ഗിൽ. ഒക്ടോബർ 19 ന് ആരംഭിക്കുന്ന ആസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സര പരമ്പരയിൽ ഗിൽ ടീമിനെ നയിക്കും. രോഹിത് ശർമക്ക് പകരക്കാരനായാണ് ഗില്ലിനെ വരവ്. ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും ഗിൽ ക്യാപ്റ്റനാകും എന്ന അഭ്യൂഹങ്ങളെ ശരിവെക്കുന്നതാണ് ബിസിസിഐയുടെ ഈ തീരുമാനം. രോഹിത് ശർമയും വിരാട് കോഹ്‍ലിയും ബാറ്റർമാരായി ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.

ഇതോടെ 26-കാരനായ ഗിൽ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യയുടെ നേതൃസ്ഥാനത്തെത്തി. ടെസ്റ്റിലും ഏകദിനത്തിലും ക്യാപ്റ്റനായ ഗിൽ ട്വന്റി 20 ടീമിന്റെ വൈസ് ക്യാപ്റ്റനാണ്. 38-കാരനായ രോഹിത് 2021 ഡിസംബർ മുതലാണ് ഇന്ത്യയുടെ സ്ഥിരം ഏകദിന ക്യാപ്റ്റനായത്. രോഹിതി​ന്റെ കീഴിലുള്ള 56 ഏകദിനങ്ങളിൽ 42 എണ്ണത്തിലും വിജയിച്ചപ്പോൾ 12 എണ്ണത്തിൽ പരാജയപ്പെട്ടു. 2018ൽ താൽക്കാലിക ക്യാപ്റ്റനായും 2023ൽ സ്ഥിരം ക്യാപ്റ്റനായും ഇന്ത്യക്ക് ഏഷ്യാ കപ്പ് കിരീടം നേടിക്കൊടുത്തത് രോഹിതാണ്. കൂടാതെ രോഹിതിന്റെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യ 2023 ഏകദിന ലോകകപ്പിന്റെ ഫൈനലിലെത്തിയത്. ഈ വർഷം മാർച്ചിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ കിരീടം ചൂടിയതും രോഹിതിന്റെ നേതൃത്വത്തിലാണ്. 

മെയ് മാസത്തിൽ രോഹിത് ടെസ്റ്റിൽ വിരമിച്ചതിനെ തുടർന്നാണ് ഗിൽ ടെസ്റ്റ് ക്യാപ്റ്റനായത്.  ആസ്‌ട്രേലിയയിൽ ഒക്ടോബർ 19, 23, 25 തീയതികളിലായി മൂന്ന് ഏകദിനങ്ങളും, ഒക്ടോബർ 29 മുതൽ നവംബർ 8 വരെ അഞ്ച് ട്വന്റി 20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News