ലോകകപ്പിൽ ഇന്ന് ദക്ഷിണാഫ്രിക്ക-ന്യൂസിലൻഡ് പോരാട്ടം

ഇന്നും കൂടി പരാജയപ്പെടുന്നത്‌ ടീമിന്റെ സെമിസാധ്യകളെ ബാധിക്കുന്നതിനാൽ ന്യൂസിലൻഡിന് വിജയം അനിവാര്യമാണ്

Update: 2023-11-01 04:15 GMT
Advertising

പൂനെ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ദക്ഷിണാഫ്രിക്ക ഇന്ന് ന്യൂസിലൻഡിനെ നേരിടും. ഉച്ചയ്ക്ക് രണ്ടിന് പൂനെയിലാണ് മത്സരം. വിജയവഴിയിൽ തിരിച്ചെത്താൻ ഉറച്ചാണ് ന്യൂസിലൻഡ് ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടുന്നത്. ആദ്യ നാല് കളികളും വിജയിച്ച കിവീസിന് അപ്രതീക്ഷിതമായിരുന്നു അവസാന രണ്ട് കളികളിലെ പരാജയം. അവസാന കളിയിൽ ആസ്‌ത്രേലിയ ഉയർത്തിയ വൻ വിജയലക്ഷ്യത്തിന് അഞ്ച് റൺസ് അകലെയാണ് ടീം പൊരുതി വീണത്. പരാജയങ്ങളിലും താരങ്ങൾ ഒത്തൊരുമിച്ച് പൊരുതുന്നതാണ് ടീമിന് നേട്ടമാകുന്നത്. രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടിട്ടും ബാറ്റിങ്ങിലും ബൗളിങ്ങിലും ടീമിന് കാര്യമായ ആശങ്കകളില്ല. എന്നാൽ ഇന്നും കൂടി പരാജയപ്പെടുന്നത്‌ ടീമിന്റെ സെമിസാധ്യകളെ ബാധിക്കുന്നതിനാൽ ന്യൂസിലൻഡിന് വിജയം അനിവാര്യമാണ്.

നെതർലൻഡ്‌സിനോടേറ്റ പരാജയം ഒഴിച്ചു നിർത്തിയാൽ ടൂർണമെന്റിൽ ഇതുവരെ മികച്ച ഫോമിലാണ് ദക്ഷിണാഫ്രിക്ക. കളിച്ച ആറ് കളികളിൽ അഞ്ചിലും വിജയിക്കാൻ ടീമിനായി. എന്നാൽ ബാറ്റർമാർ മറുപടി ബാറ്റിങ്ങിൽ പതറുന്നതാണ് ടീം നേരിടുന്ന പ്രധാന വെല്ലുവിളി. മറുപടി ബാറ്റിങ്ങിൽ നെതർലൻഡ്‌സിനോട് പരാജയപ്പെട്ട ദക്ഷിണാഫ്രിക്ക, പാകിസ്താനോട് കഷ്ടിച്ചാണ് വിജയം സ്വന്തമാക്കിയത്. സമ്മർദഘട്ടങ്ങളെ കൈകാര്യം ചെയ്യുന്നതിൽ താരങ്ങൾ ഇനിയും മെച്ചപ്പെടാനുണ്ട്. ന്യൂസിലൻഡിനോട് ഇന്ന് വിജയം സ്വന്തമാക്കാനായാൽ മികച്ച നെറ്റ് റൺറേറ്റുള്ള ദക്ഷിണാഫ്രിക്കക്ക് പോയിന്റ് പട്ടികയിൽ ഇന്ത്യയെ മറികടന്ന് ഒന്നാമത് എത്താം.

Full View

ലോകകപ്പിൽ ടീമുകളുടെ പോരാട്ടം ഇതുവരെ

ഏകദിന ലോകകപ്പിലെ വിജയക്കണക്കിൽ ദക്ഷിണാഫ്രിക്കക്കെതിരെ വ്യക്തമായ ആധിപത്യമാണ് ന്യൂസിലൻഡിനുള്ളത്. ലോകകപ്പിൽ ഇരുടീമുകളും എട്ട് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ, വിജയം ആറ് പ്രാവശ്യം ന്യൂസിലഡിനൊപ്പവും രണ്ട് വട്ടം ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പവുമായിരുന്നു.

1992-ലാണ് ഇരുടീമുകളും തമ്മിൽ ആദ്യമായി ലോകക്പ്പ് വേദിയിൽ ഏറ്റുമുട്ടിയത്. ദക്ഷിണാഫ്രിക്കയെ 190 റൺസിൽ ഒതുക്കിയ കിവീസ് സംഘം ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഈ മത്സരത്തിൽ നേടിയെടുത്തത്. എന്നാൽ 96ലെ ലോകകപ്പിൽ ഇതിന് മറുപടി നൽകാൻ ദക്ഷിണാഫ്രിക്കക്കായി. പാകിസ്താനിലെ ഫൈസലാബാദിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ടീം അന്ന് സ്വന്തമാക്കിയത്. 99-ലും കിവീസിനെതിരെ വിജയം ആവർത്തിക്കാൻ ദക്ഷിണാഫ്രിക്കക്കായി. ജാക്വിസ് കാലിസിന്റെ ഓൾറൗണ്ട് മികവിൽ എട്ട് 74 റൺസിനാണ് ടീം ന്യൂസിലൻഡിനെ തോൽപ്പിച്ചത്. പിന്നീട് നടന്ന അഞ്ച് ലോകകപ്പുകളിലും ഇരുടീമുകൾ പരസ്പരം ഏറ്റുമുട്ടിയെങ്കിലും ഒരിക്കൽ കിവീസിനെ കീഴടക്കാൻ ദക്ഷിണാഫ്രിക്കക്കായില്ല. ഇതിൽ ദക്ഷിണാഫ്രിക്കയെ ഏറ്റവും സങ്കടപ്പെടുത്തുന്നതാണ് 2015-ൽ സെമിഫൈനലിലേറ്റ തോൽവി. എ.ബി. ഡിവില്ലേഴ്‌സ്, ഹാഷിം അംല, ഡെയിൽ സ്‌റ്റൈൻ തുടങ്ങി തങ്ങളുടെ സുവർണതലമുറയുമായി ലോകകപ്പിനെത്തിയ ടീം ആദ്യമായി കിരീടം നേടുമെന്ന് ആരാധകർ ഉറച്ചു വിശ്വസിച്ചിരുന്നു. എന്നാൽ സ്വന്തം മണ്ണിൽ കിവികളുടെ രക്ഷകനായി ഗ്രാന്റ് ഏലിയേറ്റ് അവതരിച്ച മത്സരത്തിൽ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റിന്റെ തോൽവി് ഏറ്റുവാങ്ങി. ഇത്തവണ വീണ്ടും ടീമുകൾ തമ്മിൽ മത്സരിക്കുമ്പോൾ രണ്ട് പതിറ്റാണ്ടിന് ശേഷം ലോകപ്പിൽ ന്യൂസിലൻഡിനെതിരെ ദക്ഷിണാഫ്രിക്ക വിജയം നേടുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

Full View

South Africa vs New Zealand today in ODI World Cup

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News