മുഷ്താഖ് അലി ട്രോഫി; കർണാടകയെ തകർത്ത് കേരളം
നാല് ഓവറിൽ 11 റൺസ് വഴങ്ങി നാല് വിക്കറ്റാണ് വൈശാഖ് നേടിയത്
മൊഹാലി: മുഷ്താഖ് അലി ട്രോഫി ടി20യിൽ കർണാടകയെ 53 റൺസിന് തോൽപ്പിച്ച് കേരളം. ആദ്യം ബാറ്റുചെയ്ത കേരളം നാല് വിക്കറ്റിൽ 179 റൺസാണ് എടുത്തത്. അസ്ഹറുദീന്റെ പ്രകടനമാണ് കേരളത്തിന് മികച്ച സ്‌കോർ സമ്മാനിച്ചത്. 47 പന്തിൽ നിന്ന് 95 റൺസാണ് ടീമിനായി അസ്ഹറുദീൻ അടിച്ചെടുത്തത്. ഓപ്പണർമാരായ വിഷ്ണു വിനോദ് 34 റൺസെടുത്തപ്പോൾ രോഹൻ കുന്നുമ്മൽ 16 റൺസെടുത്തു.
180 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കർണാടകയെ തകർത്തത് വൈശാഖ് ചന്ദ്രനാണ്. നാല് ഓവറിൽ 11 റൺസ് വഴങ്ങി നാല് വിക്കറ്റാണ് വൈശാഖ് നേടിയത്. കർണാടക നിരയിൽ അഭിനവ് മനോഹറും ലുവ്‌നിത് സിസോദിയയുമാണ് ഭേദപ്പെട്ട പ്രപകടനം പുറത്തെടുത്തത്.
വൈശാഖ് ചന്ദ്രന് പുറമെ കേരളത്തിനായി സുദേശൻ മിഥുൻ രണ്ടും ബേസിൽ തമ്പി, സിജോമൻ ജോസഫ്, കെ.എം ആസിഫ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിലെ കേരളത്തിന്റെ രണ്ടാമത്തെ വിജയമാണിത്. ആദ്യ മത്സരത്തിൽ കേരളം അരുണാചൽ പ്രദേശിനെ തകർത്തിരുന്നു.
മഴ കാരണം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അരുണാചൽ പ്രദേശിനെ പത്ത് വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. അരുണാചൽ ഉയർത്തിയ 54 റൺസ് വിജയലക്ഷ്യം, കേരളം വെറും 4.5 ഓവറുകളിൽ മറികടക്കുകയായിരുന്നു. ബോളർമാരും ഓപ്പണിങ് ബാറ്റർമാരും കിടിലൻ പ്രകടനം പുറത്തെടുത്തതാണ് കേരളത്തിന്റെ വിജയം എളുപ്പമാക്കിയത്.