ആരോഗ്യവാനെന്ന് എൻ.സി.എ സാക്ഷ്യം, ഒരു മത്സരത്തിനിടെ വീണ്ടും പരിക്കേറ്റ് താരങ്ങൾ; ഏകദിന ലോകകപ്പിന് ഒരുങ്ങാനാകാതെ ടീം ഇന്ത്യ

ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ ശ്രേയസ് അയ്യർക്ക് പകരക്കാരനായി സഞ്ജു സാംസൺ ടീമിലെത്താൻ സാധ്യത

Update: 2023-03-15 13:02 GMT

prasidh Krishna, Jasprit bumrah, Shreyas iyer

Advertising

ന്യൂഡൽഹി: ഈ വർഷത്തെ ഏകദിന ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിന്റെ തയ്യാറെടുപ്പിൽ പ്രധാന കളിക്കാരുടെ ആവർത്തിച്ചുള്ള പരിക്കുകൾ വില്ലനാകുന്നു. ബാറ്ററായ ശ്രേയസ് അയ്യരാണ് ഏറ്റവുമൊടുവിൽ ടീമിൽ നിന്ന് പുറത്തായത്. ആസ്ത്രേലിയയും ഇന്ത്യയും തമ്മിൽ നടന്ന നാലാമത്തേതും അവസാനത്തേതുമായ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിൽ ശ്രേയസ് അയ്യർ ടീമിലുണ്ടായിരുന്നുവെങ്കിലും ബാറ്റിംഗിനിറങ്ങിയിരുന്നില്ല. പുറംവേദനയെത്തുടർന്ന് അബ്‌സൻറ് ഹർട്ടായായിരുന്നു താരം. ആസ്ത്രേലിയയ്ക്കെതിരായ വരാനിരിക്കുന്ന മൂന്ന് മത്സര ഏകദിന പരമ്പരയും ഐപിഎല്ലിലെ ഏറെ മത്സരങ്ങളും അയ്യർക്ക് നഷ്ടമാകുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡും (ബിസിസിഐ) ടീം മാനേജ്മെന്റും ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ (എൻസിഎ) സ്പോർട്സ് സയൻസ് വിഭാഗത്തിൽ നിന്ന് കൂടുതൽ വിവരം ലഭിക്കാൻ കാത്തിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ശ്രേയസ് അയ്യർ ആസ്‌ത്രേലിയക്കെതിരെ കളിക്കില്ലെന്ന് പിന്നീട് ഇന്ത്യൻ ഫീൽഡിംഗ് കോച്ച് ടി. ദിലീപ് സ്ഥിരീകരിച്ചു. പരമ്പരക്ക് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരിക്ക് മത്സരങ്ങളുടെ ഭാഗമാണെന്നും തങ്ങൾക്ക് നല്ല ചികിത്സാ സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

താരം ആരോഗ്യവാനാണെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമി പ്രഖ്യാപിച്ചതിന് ശേഷം ഒരു മത്സരത്തിനിടെ വീണ്ടും പരിക്ക് പുറത്തുവന്ന കളിക്കാരുടെ നീണ്ട പട്ടികയിലെ ഏറ്റവും ഒടുവിലത്തെ ആളാണ് അയ്യർ. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയും പരിക്കിനെത്തുടർന്ന് ശ്രേയസിന് നഷ്ടമായിരുന്നു. മാത്രമല്ല, പിന്നാലെ വന്ന ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനും ശ്രേയസ് ഉണ്ടായിരുന്നില്ല. എൻ.സി.എയിലെ 15 ദിവസത്തെ പരിചരണത്തിന് ശേഷമാണ് ഇന്ത്യൻ ടീമിനൊപ്പം ചേർന്നിരുന്നത്. ജസ്പ്രീത് ബുംറ ന്യൂസിലൻഡിൽവെച്ച്‌ ശസ്ത്രക്രിയക്ക് വിധേയനായ കാര്യം ബോർഡ് രഹസ്യമായി സൂക്ഷിച്ചിരുന്നു. ദീപക് ചാഹറിന്റെ അടിക്കടിയുള്ള പരിക്കും ടീം മാനേജ്മെൻറിനെ നിരാശയിലാക്കിയിരുന്നു. പരിക്ക് പൂർണമായി മാറാതെ താരങ്ങൾ വീണ്ടും ടീമിലെത്തുന്നതായുള്ള മുൻ സെലക്ടർ ചേതൻ ശർമയുടെ വെളിപ്പെടുത്തൽ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.

കഴിഞ്ഞ വർഷത്തെ ടി20 ലോകകപ്പിന് മുമ്പ് നിരവധി കളിക്കാരെ മാറ്റിക്കളിപ്പിച്ചതിന് ഏറെ പഴി കേട്ടതോടെ ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള ഒരു സ്ഥിരം സംഘത്തെ കളിപ്പിക്കാൻ ടീം മാനേജ്മെന്റും ദേശീയ സെലക്ടർമാരും ജനുവരിയിൽ തീരുമാനിച്ചിരുന്നു. 18-20 കളിക്കാരുടെ സംഘത്തെ കളിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഈ സംഘത്തിലെ പ്രധാനികൾക്ക് പരിക്കേറ്റതോടെയാണ് മാനേജ്‌മെൻറിന് താളം തെറ്റുന്നത്. ഈ പ്രശ്‌നം പരിഹരിക്കാനായി ടീം മാനേജ്മെന്റും സെലക്ടർമാരും ഒരു കൂട്ടം ബാക്കപ്പ് കളിക്കാരെ സൃഷ്ടിക്കുകയാണ്.

ബുംറ, അയ്യർ, ചാഹർ എന്നിവരെ കൂടാതെ, പ്രസിദ് കൃഷ്ണയെയും ഏകദിന ലോകകപ്പ് സംഘത്തിലേക്ക് ടീം മാനേജ്മെന്റ് തിരഞ്ഞെടുത്തിരുന്നു. എന്നാൽ മുതുകിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം ഐപിഎൽ കളിക്കില്ല. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാർ തങ്ങളുടെ കായികക്ഷമത തെളിയിക്കണമെന്ന് ബോർഡ് തീരുമാനിച്ചിരുന്നുവെങ്കിലും അയ്യരുടെ കാര്യത്തിൽ അത് പാലിച്ചിട്ടില്ല. ചുരുങ്ങിയത് 30 അന്താരാഷ്ട്ര മത്സരങ്ങൾ പോലും കളിക്കുന്ന താരങ്ങൾ വളരെ കുറവാണെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് അധികൃതരെ കുഴക്കുന്നത്.

കഴിഞ്ഞ ആഗസ്തിൽ സിംബാബ്വെയിൽ നടന്ന ഏകദിനത്തിന് ശേഷം കൃഷ്ണ ഒരു മത്സര മത്സരം പോലും കളിച്ചിട്ടില്ല. അതേസമയം, കഴിഞ്ഞ വർഷം ബുംറയ്ക്ക് ശസ്ത്രക്രിയ നടത്തണമെന്ന് നിർദ്ദേശങ്ങൾ വന്നിരുന്നുവെങ്കിലും ടി20 ലോകകപ്പ് മനസ്സിൽ വെച്ചുകൊണ്ട് അത് വൈകിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാർച്ച് എട്ടിന് താരം ശസ്ത്രക്രിയക്ക് വിധേയനായി. അതേപോലെ കൃഷ്ണ വിശ്രമത്തിലൂടെ സുഖം പ്രാപിക്കുമെന്ന് എൻസിഎ കരുതിയിരുന്നുവെങ്കിലും ഒടുവിൽ അദ്ദേഹത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നു. കഴിഞ്ഞ വർഷം നിതിൻ പട്ടേലിനെ ടീം ഇന്ത്യയുടെ ഫിസിയോയിൽ നിന്ന് സ്പോർട്സ് സയൻസ് ആന്റ് സ്പോർട്സ് മെഡിസിൻ തലവനായി ഉയർത്തിയപ്പോൾ എൻസിഎയുടെ ഘടന ബിസിസിഐ പുനഃക്രമീകരിച്ചിരുന്നു. പരിക്കേറ്റ കളിക്കാരെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിച്ച് ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്.

താരങ്ങൾക്ക് സംഭവിക്കുന്ന പരിക്കുകൾ ഗുരുതരമായതിനാൽ സുഖം പ്രാപിക്കാനും കളിയുടെ താളത്തിനൊപ്പം തിരിച്ചെത്താനും ധാരാളം സമയം ആവശ്യമാണെന്നാണ് അധികൃതരെ ഉദ്ധരിച്ച് റിപ്പോർട്ടുകളിൽ പറയുന്നത്. അതിനാൽ തന്നെ സുസജ്ജമായ ടീമിനൊയൊരുക്കുന്നത് വെല്ലുവിളിയാണെന്നും പറയുന്നു. ഈ പ്രശ്‌നം പരിഹരിക്കാൻ സംസ്ഥാന ടീമുകളിലെ മികച്ച താരങ്ങളെ എൻസിഎ നോട്ടമിട്ടതായും വാർത്തകളിൽ വ്യക്തമാക്കുന്നു. പക്ഷേ, വലിയ ടൂർണമെന്റുകളിൽ ഇത്തരം കളിക്കാരെ നേരിട്ട് കളിപ്പിക്കുന്നതിനോട് അധികൃതർക്ക് താൽപര്യമില്ല. ബുംറ ലോകകപ്പിൽ നേരിട്ട് കളിക്കാനെത്തുന്നതിൽ സെലക്ടർമാർക്ക് വിരോധമില്ല. എന്നാൽ ഒരു സംഘം കളിക്കാർ അങ്ങനെയാകുന്നതിനോട് അവർ യോജിക്കുന്നില്ല.

പേസർമാരുടെ അടുത്ത നിരയെ വാർത്തെടുക്കുന്നതിനെ കുറിച്ചും ടീം മാനേജ്മെന്റിന് പൂർണ ധാരണയില്ല. ഇന്ത്യൻ ടീമിലേക്ക് ചിലരെ തിരഞ്ഞെടുത്തിരുന്നെങ്കിലും പരിക്കുകൾ പതിവായതോടെ ഇവർ പുറത്തായി. കഴിഞ്ഞ സെപ്തംബറിൽ നടന്ന ഏഷ്യാ കപ്പിന് ശേഷം പുറത്തായ ആവേശ് ഖാൻ ഈ ഗണത്തിൽപ്പെട്ട താരമാണ്. മികച്ച ഫോമിൽ നിൽക്കേ രഞ്ജി ട്രോഫി സീസണിന്റെ മധ്യത്തിൽ അദ്ദേഹത്തിന് പരിക്കേൽക്കുകയായിരുന്നു. തുടർന്ന് എൻസിഎയിലേക്ക് മടങ്ങിയ താരം ടൂർണമെന്റിന്റെ അവസാനത്തിൽ മധ്യപ്രദേശ് ടീമിനൊപ്പം ചേർന്നിരുന്നു.

കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യ സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്താകുകയായിരുന്നു. ആ നിരാശ ഏകദിന ലോകകപ്പിലൂടെ തീർക്കാനാണ് ടീമും ആരാധകരും ആഗ്രഹിക്കുന്നത്. അതിനാൽ പിഴവുകൾ തിരുത്തി മുന്നേറാനുള്ള ശ്രമത്തിലാണ് ടീം മാനേജ്മെന്റ്. അവ എത്രത്തോളം വിജയിക്കുമെന്ന് നിരീക്ഷിക്കുയാണ് ആരാധകരും ക്രിക്കറ്റ് വൃത്തങ്ങളും.

ശ്രേയസ് അയ്യർക്ക് പകരക്കാരനായി സഞ്ജു സാംസൺ?

ആസ്‌ത്രേലിയക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിൽ സഞ്ജു സാംസൺ ടീമിലെത്താൻ സാധ്യത. പരിക്കിന്റെ പിടിയിലായ ശ്രേയസ് അയ്യർക്ക് പകരക്കാരനായി ആയിരിക്കും സഞ്ജു ടീമിലെത്തുക. സഞ്ജു സാംസണ് പുറമേ ദീപക് ഹൂഡയെയോ രാഹുൽ ത്രിപാതിയെയോ സെലക്ടർമാർ പരിഗണിക്കാൻ സാധ്യതയുണ്ട്. മാർച്ച് 17നാണ് ഓസീസിനെതിരായ മൂന്ന് ഏകദിനങ്ങളടങ്ങുന്ന പരമ്പര ആരംഭിക്കുന്നത്.

Team India is unable to prepare for the ODI World Cup and the players are injured again

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News