ക്യാപ്റ്റന്‍റെ റോളില്‍ വീണ്ടും കോഹ്‍ലി; ആഘോഷമാക്കി ആരാധകര്‍

ബാംഗ്ലൂരിന്‍റെ ആദ്യ ഓവറുകളില്‍ കോഹ്‌ലി ഫീൽഡ് സെറ്റ് ചെയ്യുന്നതും ബൗളര്‍മാരെ പ്രചോദിപ്പിക്കുന്നതുമെല്ലാം ആരാധകര്‍ വലിയ ആവേശത്തില്‍ ഏറ്റെടുത്തു.

Update: 2022-08-30 06:01 GMT

കിങ് കോഹ്‍ലി വീണ്ടും ക്യാപ്റ്റന്‍റെ റോളില്‍... കോഹ്‍ലി ആരാധകരെ ഏറ്റവുമധികം കോരിത്തരിപ്പിച്ച നിമിഷമായിരുന്നു അത്. ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തിലായിരുന്നു ബാംഗ്ലൂർ ആരാധകർ വീണ്ടും ക്യാപ്റ്റന്‍ കോഹ്‍ലിയെ കണ്ടത്. ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂരിനായി ക്യാപ്റ്റന്‍ ഡുപ്ലസി തകര്‍പ്പന്‍ ഇന്നിങ്സ് കാഴ്ചവെച്ചിരുന്നു. തുടര്‍ന്ന് ക്ഷീണിതനായ ഡുപ്ലസിയുടെ അഭാവത്തില്‍ ബാംഗ്ലൂരിന്‍റെ സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റനായാണ് കോഹ്‍ലി എത്തിയത്. ആദ്യ രണ്ട് ഓവര്‍ കഴിഞ്ഞ് ഡുപ്ലസി തിരികെയെത്തുകയും ചെയ്തു.

നവി മുംബൈയിലെ ഡി‌വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 181 റണ്‍സെടുത്തിരുന്നു. 64 പന്തില്‍ 96 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി തന്നെയാണ് ബാംഗ്ലൂര്‍ ഇന്നിങ്സിനെ മുന്നില്‍ നിന്ന് നയിച്ചത്. നീണ്ട ഇന്നിങ്സ് കളിച്ചതുകൊണ്ട് ക്ഷീണിതനായ ഡുപ്ലെസി അൽപ്പം വിശ്രമിക്കാൻ തീരുമാനിച്ചതിനാൽ കോഹ്‌ലി ടീമിന്‍റെ സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റനായി എത്തുകയായിരുന്നു. തുടർന്ന് ബാംഗ്ലൂരിന്‍റെ ആദ്യ ഓവറുകളില്‍ കോഹ്‌ലി ഫീൽഡ് സെറ്റ് ചെയ്യുന്നതും ബൗളര്‍മാരെ പ്രചോദിപ്പിക്കുന്നതുമെല്ലാം ആരാധകര്‍ വലിയ ആവേശത്തില്‍ ഏറ്റെടുത്തു.

Advertising
Advertising





ആദ്യത്തെ രണ്ട് ഓവറുകള്‍ക്ക് ശേഷം ഡുപ്ലെസി തിരികെയെത്തുകയും കോഹ്‍ലി ക്യാപ്റ്റന്‍സി ഡുപ്ലെസിക്ക് കൈമാറുകയും ചെയ്തു.

അതേസമയം ഐ.പി.എല്ലിൽ റണ്‍സ് കണ്ടെത്താനാകാതെ കുഴങ്ങുന്ന കോഹ്‍ലിക്ക് ഒരു ഭാഗത്തുനിന്ന് വലിയ വിമര്‍ശനങ്ങളും വരുന്നുണ്ട്. കോഹ്‌ലി ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കണമെന്ന് രവി ശാസ്ത്രിയും കെവിൻ പീറ്റേഴ്‌സണുമടക്കമുള്ളവര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടര കൊല്ലത്തിനിടെ ഒരു സെഞ്ച്വറി പോലും നേടാനാകാതിരുന്ന താരം ഐപിഎല്ലിൽ ലക്‌നൗ സൂപ്പർ ജയൻറ്‌സിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ഗോൾഡൻ ഡക്കായിരുന്നു. ഫീൽഡർക്ക് സിംപിൾ ക്യാച്ച് നൽകിയായിരുന്നു കോഹ്‍ലിയുടെ മടക്കം. ഈ ഐപിഎൽ സീസണിലെ ഏഴു മത്സരങ്ങളിൽ 19.83 ശരാശരിയിൽ 119 റൺസാണ് താരത്തിന് ആകെ നേടാനായത്. 48 ആണ് ഉയർന്ന സ്‌കോർ.

ആദ്യം ഇന്ത്യൻ ടീമിലെ ക്യാപ്റ്റൻസി ഭാരം ഇറക്കി വെച്ച താരം പിന്നീട് ആർസിബിയുടെ നായകത്വവും ഒഴിവാക്കിയിരുന്നു. എന്നിട്ടും ബാറ്റിങിൽ സ്ഥിരത പുലർത്താനോ മുമ്പുണ്ടായിരുന്ന മികച്ച പ്രകടനം വീണ്ടെടുക്കാനോ താരത്തിനായിട്ടില്ല. കഴിഞ്ഞ ആറേഴ് വർഷമായി ഇന്ത്യയുടെ ഹെഡ് കോച്ചെന്ന നിലയിൽ കോഹ്‌ലിയെ അടുത്തറിഞ്ഞ രവി ശാസ്ത്രി ഒരു ഇടവേള എടുത്ത് സ്വയം നവീകരിക്കാനാണ് താരത്തോട് നിർദേശിക്കുന്നത്.

'വിരാട് കോഹ്‌ലി ഓവർ കുക്ക്ഡാണ്. ആരെങ്കിലും ഒരു ഇടവേളയെടുക്കാൻ നിർബന്ധിതനാകുന്നുണ്ടെങ്കിൽ അത് അദ്ദേഹമാണ്' സ്റ്റാർ സ്‌പോർട്‌സിന്റെ പോസ്റ്റ് മാച്ച് ഷോയിൽ രവി ശാസ്ത്രി ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ട് പര്യടനത്തിന്റെ മുമ്പോ ശേഷമോ ആയി അദ്ദേഹം രണ്ടോ ഒന്നരയോ മാസം ഇടവേളയെടുക്കണമെന്നും നിർദേശിച്ചു. ആറേഴ് കൊല്ലമായി നിരന്തരം ക്രിക്കറ്റ് കളിക്കേണ്ട വരുന്നത് വഴി അദ്ദേഹം ഏറെ സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്നും ലോകക്രിക്കറ്റിൽ വേറെ ചിലരും ഇത്തരത്തിലുണ്ടെന്നും ഇവരെല്ലാം സമാന പ്രശ്‌നം അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News