ദേവ്ദത്ത് പടിക്കലിനെ ടീമിലെടുത്തത് ഇതുകൊണ്ട്; കാരണം വെളിപ്പെടുത്തി കോച്ച് സംഗക്കാര

കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു വി സാംസണെയും കുമാർ സംഗക്കാര വാനോളം പുകഴ്ത്തിയിരുന്നു

Update: 2022-03-22 09:02 GMT
Advertising

ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സിന്റെ വെടിക്കെട്ട് ഓപ്പണറായ ദേവ്ദത്ത് പടിക്കലിനെ ടീമിലെടുത്ത കാരണം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് ഹെഡ്‌കോച്ച് കുമാർ സംഗക്കാര. മലയാളി താരത്തിന്റെ ലെഗ് സൈഡിലെ തകർപ്പൻ പ്രകടനമാണ് കഴിഞ്ഞ മാസം ബംഗളൂരുവിൽ നടന്ന ഐപിഎൽ ലേലത്തിൽ 7.75 കോടി മുടക്കി ടീമിലെടുക്കാൻ കാരണമെന്നാണ് മുൻ ശ്രീലങ്കൻ ഇതിഹാസം വ്യക്തമാക്കിയിരിക്കുന്നത്. ക്ലബ് ഹൗസിലെ റെഡ്ബുൾ ക്രിക്കറ്റ് റൂമിലെ ഒരു സെഷനിൽ സംസാരിക്കുകയായിരുന്നു സംഗക്കാര. കഴിഞ്ഞ രണ്ടു സീസണുകളിലും പടിക്കലിന്റെ ബാറ്റിങ് താൻ കണ്ടിരുന്നുവെന്നും എക്കാലത്തെയും മികച്ച ഇടംകയ്യൻ ബാറ്റർമാരിലൊരാളായ അദ്ദേഹം പറഞ്ഞു.

'ദേവ്ദത്ത് പടിക്കൽ കളിക്കാൻ ഇറങ്ങിയാൽ സ്‌കോറിങ് വേഗം കൂടും, സമ്മർദ്ദം കുറയും. ഇദ്ദേഹത്തിന്റെ ലെഗ്‌സൈഡിലെ കളി ഞങ്ങളുടെ ടീമിനുണ്ടാകണമെന്ന് ഞാൻ ആഗ്രഹിച്ചു. പേസിനെതിരെയുള്ള അദ്ദേഹത്തിന്റെ കഴിവും ഫ്‌ളിക്കുകളും അത്ഭുതകരമാണ്' സംഗക്കാര അഭിപ്രായപ്പെട്ടു. ഐപിഎല്ലിൽ 29 മത്സരങ്ങൾ കളിഞ്ഞ പടിക്കൽ 884 റൺസാണ് നേടിയിട്ടുള്ളത്. 31.57 ആണ് ശരാശരി. 125.04 സ്‌ട്രൈക് റൈറ്റുണ്ട്.

കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു വി സാംസണെയും കുമാർ സംഗക്കാര വാനോളം പുകഴ്ത്തിയിരുന്നു. ടി-20 ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അദ്ദേഹം എന്ന് സംഗക്കാര പറഞ്ഞു. ബാറ്റ് കൊണ്ട് മാത്രമല്ല നേതൃപാടവം കൊണ്ടും അമ്പരപ്പിച്ച കളിക്കാരനാണ് സംഞ്ജു എന്ന് സംഗക്കാര കൂട്ടിച്ചേർത്തു.'ടി-20 ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് സംഞ്ജു. ഒരു ബാറ്റർക്ക് വേണ്ട എല്ലാ ഗുണങ്ങളും അദ്ദേഹത്തിനുണ്ട്. ഞാൻ പരിശീലക സ്ഥാനമേറ്റെടുക്കും മുമ്പേ അദ്ദേഹം ടീമിന്റെ ഭാഗമാണ്. രാജസ്ഥാൻ റോയൽസിനോട് അദ്ദേഹത്തിന് അടങ്ങാത്ത അഭിനിവേശമാണെന്ന് എനിക്ക് നന്നായറിയാം. മികച്ചൊരു ലീഡർ കൂടെയാണയാൾ. നേതൃപാടവം അദ്ദേഹത്തിൽ ഉൾച്ചേർന്ന ഗുണമാണ്. ഓരോ തവണയും അദ്ദേഹത്തിൻറെ കളി മെച്ചപ്പെട്ടുകൊണ്ടേയിരിക്കുന്നു'- സംഗക്കാര പറഞ്ഞു.


സംഞ്ജു വളരെ എളുപ്പത്തിൽ ഇടപഴകാൻ കഴിയുന്നയാളാണെന്നും ഹാസ്യപ്രകൃതക്കാരനായ അദ്ദേഹത്തോടൊപ്പം ജോലിയെടുക്കുന്നത് രസകരമാണെന്നും സംഗക്കാര പറഞ്ഞു. മാർച്ച് 29 ന് പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് ഐ. പി. എല്ലിൽ രാജസ്ഥാൻ റോയൽസിൻറെ ആദ്യമത്സരം. മാർച്ച് 26 നാണ് ഐ.പി.എൽ പതിനഞ്ചാം സീസൺ ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ ഐ.പി.എൽ പതിനാലാം സീസണിലെ ഫൈനലിസ്റ്റുകളായ ചെന്നൈ സൂപ്പർകിഗ്‌സും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടും. വാംഗഡെയിലാണ് മത്സരം.

With this, Devdutt Padikkal was included in the team; Coach Sangakkara reveals the reason

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News