റെഡ് കാർഡുകളുടെ പൂരം; സമനില വഴങ്ങി ബ്രസീൽ

മത്സരം തുടങ്ങി അഞ്ച് മിനിറ്റിനകം ക്ലോസ് റേഞ്ചിൽ നിന്ന് ഷോട്ടുതിർത്ത കാസിമെറോയാണ് ബ്രസീലിനെ മുന്നിലെത്തിച്ചത്. 75-ാം മിനിറ്റിൽ ടോറസ് ആണ് ഇക്വഡോറിനായി ഗോൾ മടക്കിയത്.

Update: 2022-01-28 02:31 GMT
Advertising

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെതിരെ ഇക്വഡോറിന് സമനില. 30 മിനിറ്റിനിടെ നാല് റെഡ് കാർഡുകൾ കണ്ട മത്സരത്തിൽ നിരവധി തവണ റെഡ് കാർഡുകൾ ഉയർത്തുകയും 'വാർ' വിലയിരുത്തലിൽ അത് അസാധുവാക്കുകയും ചെയ്ത കൊളംബിയൻ റഫറി വിൽമർ റോൾഡനാണ് ശ്രദ്ധാകേന്ദ്രമായത്. ബ്രസീൽ ഗോൾ കീപ്പർ അലിസൺ ബെക്കർ രണ്ടുതവണ റെഡ് കാർഡ് കണ്ടെങ്കിലും വീഡിയോ അസിസ്റ്റന്റ് റഫറി (വാർ) ഇത് റദ്ദാക്കി.

മത്സരം തുടങ്ങി അഞ്ച് മിനിറ്റിനകം ക്ലോസ് റേഞ്ചിൽ നിന്ന് ഷോട്ടുതിർത്ത കാസിമെറോയാണ് ബ്രസീലിനെ മുന്നിലെത്തിച്ചത്. 75-ാം മിനിറ്റിൽ ടോറസ് ആണ് ഇക്വഡോറിനായി ഗോൾ മടക്കിയത്. ആദ്യ ഗോൾ വീണ് 15-ാം മിനിറ്റിൽ ഇക്വഡോർ ഗോൾ കീപ്പർ അലക്‌സാണ്ടർ ഡൊമിഗ്വെസ് റെഡ് കാർഡ് കണ്ട് പുറത്തായി. ബ്രസീൽ സ്‌ട്രൈക്കർ മാത്യൂസ് കുൻഹയുമായി പന്തിനുള്ള പോരാട്ടത്തിനിടെ അദ്ദേഹത്തിന്റെ കഴുത്തിൽ ഡൊമിഗ്വസിന്റെ ബൂട്ടിന്റെ സ്റ്റഡുകൾ തട്ടുകയായിരുന്നു. റഫറി ഫൗൾ വിളിച്ചില്ലെങ്കിലും വീഡിയോ റഫറിയിങ്ങിൽ ഡൊമിഗ്വസിന് റെഡ് കാർഡ് നൽകുകയായിരുന്നു. അഞ്ച് മിനിറ്റ് കഴിഞ്ഞതോടെ റഫറി വീണ്ടും റെഡ് കാർഡ് ഉയർത്തി. ബ്രസീലിന്റെ എമേഴ്‌സണാണ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായത്. 26, 91 മിനിറ്റുകളിലാണ് അലിസൺ റെഡ് കാർഡ് കണ്ടത്. എന്നാൽ രണ്ടുതവണയും വാർ അവലോകനത്തിൽ തീരുമാനം അസാധുവാക്കുകയായിരുന്നു.

നേരത്തെ തന്നെ ഖത്തർ ലോകകപ്പിന് യോഗ്യത നേടിയ ബ്രസീലിന് മത്സരഫലം നിർണായകമല്ല. എന്നാൽ ഇക്വഡോറിനെ സംബന്ധിച്ചടുത്തോളം വിലപ്പെട്ട ഒരു പോയിന്റാണ് ഇന്നത്തെ സമനിലയിലൂടെ ലഭിച്ചത്. ഇതോടെ ഇക്വഡോറിന് 15 മത്സരങ്ങളിൽ നിന്ന് 24 പോയിന്റായി. ഒരു കളി മാത്രം ബാക്കിയുള്ള പെറു, കൊളംബിയ എന്നിവരെക്കാൾ ഏഴ് പോയിന്റ് മുന്നിലാണ് ഇക്വഡോർ.

ലാറ്റിനമേരിക്കയിൽ നിന്ന് യോഗ്യതാ മത്സരത്തിലെ ആദ്യ നാല് സ്ഥാനക്കാർക്കാണ് നേരിട്ട് ലോകകപ്പ് കളിക്കാനാവുക. അഞ്ചാം സ്ഥാനക്കാർ് എഷ്യൻ കോൺഫെഡറേഷനിൽ നിന്നുള്ള ഒരു ടീമുമായി പ്ലേ ഓഫ് മത്സരത്തിൽ ജയിച്ചാൽ മാത്രമേ ലോകകപ്പ് യോഗ്യത നേടാനാവുകയുള്ളൂ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News