'ഒരു കിരീടം കൊണ്ട് അളക്കേണ്ടതല്ല നിങ്ങളുടെ മഹത്വം'; ക്രിസ്റ്റ്യാനോക്ക് പിന്തുണയുമായി വിരാട് കോഹ്‌ലി

പോർച്ചുഗൽ ലോകകപ്പിൽനിന്ന് പുറത്തായതിന് പിന്നാലെ കരഞ്ഞുകൊണ്ട് ഗ്രൗണ്ട് വിടുന്ന ക്രിസ്റ്റ്യാനോയുടെ ചിത്രം ലോകമെമ്പാടുമുള്ള ആരാധകരെ വേദനിപ്പിച്ചിരുന്നു.

Update: 2022-12-12 05:24 GMT
Advertising

മുംബൈ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. പോർച്ചുഗൽ ലോകകപ്പിൽനിന്ന് പുറത്തായതിന് പിന്നാലെ കരഞ്ഞുകൊണ്ട് ഗ്രൗണ്ട് വിടുന്ന ക്രിസ്റ്റ്യാനോയുടെ ചിത്രം ലോകമെമ്പാടുമുള്ള ആരാധകരെ വേദനിപ്പിച്ചിരുന്നു. പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും ആദ്യ പകുതിയിൽ ക്രിസ്റ്റ്യാനോയെ സൈഡ് ബെഞ്ചിലിരുത്തിയ കോച്ചിന്റെ തീരുമാനത്തിനെതിരെയും വലിയ വിമർശനമുയർന്നിരുന്നു.



ലോക ഫുട്‌ബോളിലെ ഇതിഹാസതാരം ഇത്തരമൊരു യാത്രയയപ്പല്ല അർഹിച്ചിരുന്നത് എന്ന അഭിപ്രായങ്ങൾ ഉയരുന്നതിനിടെയാണ് വിരാട് കോഹ്‌ലി ക്രിസ്റ്റിയാനോയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. ഫുട്‌ബോളിനും ലോകമെമ്പാടുമുള്ള കായിക പ്രേമികൾക്കും നിങ്ങൾ നൽകിയത് ഒരു ട്രോഫി കൊണ്ട് അളക്കേണ്ടതല്ലെന്ന് കോഹ്‌ലി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.

''കായികരംഗത്തും ലോകമെമ്പാടുമുള്ള കായിക പ്രേമികൾക്ക് വേണ്ടിയും നിങ്ങൾ ചെയ്തതിനെ ഒരു ട്രോഫിക്കും ഏതെങ്കിലും പട്ടത്തിനും ഒന്നും എടുത്തുകളയാനാവില്ല. നിങ്ങൾ കളിക്കുന്നത് കാണുമ്പോൾ എനിക്കും ലോകമെമ്പാടുമുള്ള പലർക്കും എന്ത് തോന്നുന്നുവെന്നും ആളുകളിൽ നിങ്ങൾ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും ഒരു പട്ടത്തിനും വിശദീകരിക്കാൻ കഴിയില്ല. അത് ദൈവത്തിന്റെ സമ്മാനമാണ്. കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും പ്രതിരൂപവും ഏതൊരു കായികതാരത്തിനും യഥാർത്ഥ പ്രചോദനവും ആവുക എന്നതാണ് ഒരു മനുഷ്യന്റെ യഥാർത്ഥ അനുഗ്രഹം. നീ എനിക്ക് എക്കാലത്തെയും വലിയവനാണ്''-കോഹ്‌ലി ഇന്റസ്റ്റഗ്രാമിൽ കുറിച്ചു.

ക്രിസ്റ്റിയാനോയെ ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെ പോർച്ചുഗീസ് ഇതിഹാസ താരം ലൂയി ഫിഗോ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ക്രിസ്റ്റ്യാനോയെ ബഞ്ചിൽ ഇരുത്തിയത് തെറ്റായിപ്പോയെന്നും അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ടീം മാനേജ്‌മെന്റിന് മാറി നിൽക്കാനാവില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ലോകകപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് ഫിഗോയുടെ പ്രതികരണം.

'ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബഞ്ചിലിരുത്തി നിങ്ങൾക്ക് ലോകകപ്പ് ജയിക്കാനാകില്ല. സ്വിറ്റ്‌സർലാൻഡിനെതിരെയുള്ള വിജയം മികച്ചതായിരുന്നു. എന്നാൽ അത് എല്ലാ കളിയിലും ചെയ്യാനാകുമോ? ഇല്ല. ക്രിസ്റ്റ്യാനോയെ ബഞ്ചിലിരുത്തിയത് തെറ്റായിരുന്നു. ഈ പരാജയത്തിൽ കോച്ചിനും മാനേജ്‌മെന്റിനും ഉത്തരവാദിത്തമുണ്ട് - അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News